അമേരിക്ക പുറത്തുവിട്ട ആഗോള ഭീകരപട്ടികയില്‍ കര്‍ണാടക സ്വദേശി മുഹമ്മദ് ഷാഫി അര്‍മറും. ഇന്ത്യ, ബംഗ്ലദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നും ഐ.എസില്‍ യുവാക്കളെ ചേര്‍ക്കുന്ന, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഐ.എസ്. ‘ചീഫ് റിക്രൂട്ടര്‍’ ആയിയാണ് അര്‍മര്‍ അറിയപ്പെടുന്നത്. ഇതാണ് യു.എസ്. സ്റ്റേറ്റ് ട്രഷറി ഡിപ്പാര്‍ട്മെന്റ് പുറപ്പെടുവിച്ച പട്ടികയിലേക്ക് അര്‍മറിനെ എത്തിച്ചത്. നടപടിയെടുത്തത്.
ഭീകരസംഘടനകള്‍, ലഹരിക്കച്ചവടക്കാര്‍ മുതലായവര്‍ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ അധികാരമുള്ള യു.എസ്. സര്‍ക്കാര്‍ വിഭാഗമാണ് സ്റ്റേറ്റ് ട്രഷറി ഡിപ്പാര്‍ട്മെന്റ്. മൂന്ന് ഐ.എസ് ഭീകരരാണ് പട്ടികയില്‍ ഇടംപിടിച്ചത്. കര്‍ണാടകയിലെ ഭട്കല് സ്വദേശിയായ ആര്‍മര്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ സംഘടനയുടെ തകര്‍ച്ചയ്ക്കു പിന്നാലെ പാകിസ്ഥാനിലേക്കു കടന്നതായാണ് ഒടുവിലത്തെ വിവരം. പിന്നീട് അര്‍മര്‍ സ്ഥാപിച്ച അന്‍സാര്‍ ഉല് തവ്ഹിദ് എന്ന ഭീകരസംഘടന ഐ.എസില്‍ ലയിക്കുകയും ചെയ്തു. സഖ്യസേനയുടെ ആക്രമണത്തില്‍ അര്‍മര്‍ കൊല്ലപ്പെട്ടതായി പലവട്ടം സംശയിച്ചിട്ടുണ്ടെങ്കിലും അപ്പോഴൊക്കെയും ഇയാളുടെ ശബ്ദം ടെലിഫോണ്‍ വിളികളില്‍നിന്നും മറ്റും ഇന്റലിജന്‍സ് വിഭാഗത്തിനു ലഭിച്ചിട്ടുണ്ട്. ഛോട്ടേ മൗല, അന്ജാന് ഭായ്, യൂസഫ് അല്‍ ഹിന്ദി തുടങ്ങിയ വിളിപ്പേരുകളില്‍ അറിയപ്പെടുന്ന മുപ്പതുകാരനായ അര്‍മര്‍ ഫെയ്സ്ബുക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെയാണു യുവാക്കളുമായി ബന്ധം സ്ഥാപിച്ചുവന്നത്.