വിദ്യാര്‍ഥികളുടെ ഏറുകൊണ്ട് കോളേജ് പ്രിന്‍സിപ്പലിന് ഗുരുതര പരിക്ക്. ചെന്നൈ പച്ചൈയപ്പ കോളേജ് പ്രിന്‍സിപ്പല്‍ കല്ലരാജിനാണ് വിദ്യാര്‍ഥികളുടെ കല്ലേറില്‍ പരിക്കേറ്റത്.
കോളേജിനു മുന്നിലെ ദേശീയപാതയില്‍ ചില വിദ്യാര്‍ഥികള്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് പോലീസുമായി സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് പോലീസിനു നേരെ വിദ്യാര്‍ഥികള്‍ കല്ലേറുനടത്തി. പ്രശ്നം പരിഹരിക്കുന്നതിനും വിദ്യാര്‍ഥികളെ ശാന്തരാക്കുന്നതിനും സ്ഥലത്തെത്തിയതായിരുന്നു പ്രിന്‍സിപ്പല്‍. ഇതിനിടയിലാണ് പ്രിന്‍സിപ്പലിന്റെ തലയ്ക്ക് ഏറുകൊണ്ടത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രിന്‍സിപ്പല്‍ കല്ലരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രിന്‍സിപ്പലിന്റെ കാറും തകര്‍ക്കപ്പെട്ടിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് 36 വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. മധ്യവേനലവധി കഴിഞ്ഞ് കോളേജ് ഇന്നാണ് തുറന്നത്.