സൌദി ഇൻഷുറൻസ് മേഖലയിലെ സമ്പൂർണ സ്വദേശിവൽക്കരണം ജൂലൈ രണ്ടു മുതൽ

0
93

സൌദിയിൽ ഇൻഷുറൻസ് കമ്പനികളിലെ വിവിധ ജോലികൾ പൂർണമായും സൌദിവൽക്കരിക്കാൻ സൌദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) തീരുമാനം. ആദ്യ ഘട്ടമായി ജൂലൈ രണ്ടു മുതൽ വെഹിക്കിൾ ക്‌ളെയിം മാനേജ്‌മെന്റ്, കസ്റ്റമർ കെയർ ജോലികൾ സൌദികൾ മാത്രമായിരിക്കും. കൂടുതൽ തൊഴിലുകൾ പിന്നീട് സൌദിവൽക്കരിക്കുമെന്ന് സാമ ഗവർണർ ഡോ. അഹ്മദ് അൽഖുലൈഫി പറഞ്ഞു. ഇൻഷുറൻസ് കമ്പനികളിലെ ഉന്നത തസ്തികകളും സാങ്കേതിക ജോലികളും പൂർണമായും സൌദിവൽക്കരിക്കുന്നതിനാണ് സാമ നീക്കം.

കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ഇൻഷുറൻസ് കമ്പനികൾ 58 ശതമാനം സൌദിവൽക്കരണം പാലിച്ചു. ഇൻഷുറൻസ് കമ്പനികളിൽ സൌദിവൽക്കരണം ഇനിയും ഉയർത്തുന്നതിനാണ് ആഗ്രഹിക്കുന്നത്. കമ്പനികളിലെ ഉയർന്ന തൊഴിലുകളും സാങ്കേതിക ജോലികളും പൂർണമായും സൌദിവൽക്കരിക്കും. ഇതിനു മുന്നോടിയായി ഇത്തരം തൊഴിലുകളിൽ കമ്പനികൾ സൌദികൾക്ക് പരിശീലനം നൽകണം.

ഇൻഷുറൻസ് കമ്പനികളിലെ സൌദിവൽക്കരണം ആദ്യ വർഷം മുപ്പതു ശതമാനത്തിൽ കുറയാൻ പാടില്ലെന്നും പിന്നീടുള്ള ഓരോ വർഷങ്ങളിലും അഞ്ചു ശതമാനം തോതിൽ വർധിപ്പിക്കണമെന്നും ബന്ധപ്പെട്ട നിയമാവലി അനുശാസിക്കുന്നുണ്ട്. റമദാൻ അവസാനത്തോടെ തന്നെ ക്‌ളെയിം മാനേജ്‌മെന്റ്, കസ്റ്റമർ കെയർ ജോലികൾ കമ്പനികൾ പൂർണമായും സൌദിവൽക്കരിക്കണമെന്ന് സാമ ഗവർണർ ആവശ്യപ്പെട്ടു.

പ്രവാസികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുള്ള സൌദിയിൽ അതിവേഗം വളരുന്ന ബിസിനസ് മേഖലയാണ് ഇൻഷുറൻസ്. കഴിഞ്ഞ വർഷം 2,469 ദശലക്ഷം സൌദി റിയാലാണ് ഇൻഷുറൻസ് മേഖലയിൽനിന്നുള്ള ലാഭവിഹിതമെന്ന് ഗവർണർ അറിയിച്ചു. ലോകത്തിലെ പ്രമുഖമായ നിരവധി ഇൻഷുറൻസ് കമ്പനികൾ സൌദി മാർക്കറ്റിൽ പ്രവർത്തിക്കുന്നു. ഈ മേഖലയിൽ മികച്ച തൊഴിലവസരങ്ങളുമുണ്ട്. വിദേശികൾ വൻതോതിൽ ജോലി ചെയ്യുന്ന മേഖലയുമാണിത്.