സ്റ്റാർട്ടപ് നിക്ഷേപങ്ങൾക്കായി സീഡിംഗ് കേരള-2

0
140

കേരളത്തിലെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപവും നൂതന സാങ്കേതികവിദ്യകളും ത്വരിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേരള സ്റ്റാർട്ട് അപ് മിഷൻ ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നു. ശനിയാഴ്ച  കൊച്ചി രാജഗിരി സ്‌കൂൾ ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലാണ് സീഡിംഗ് കേരള-2 എന്ന് പേരിട്ടിരിക്കുന്ന സമ്മേളനം ആരംഭിക്കുന്നത്. സർക്കാരുദ്യോഗസ്ഥർ, വൻകിട നിക്ഷേപകർ, മുൻനിര സ്റ്റാർട്ട് അപ് കമ്പനി പ്രതിനിധികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.

പരസ്പര കൂടിക്കാഴ്കൾക്ക് പുറമെ, സെമിനാറുകൾ, ശില്പശാലകൾ, സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കറടക്കമുള്ള വിദഗ്ധർ നയിക്കുന്ന പാനൽ ചർച്ചകൾ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായിരിക്കും.അമ്പരപ്പിക്കുന്ന ആശയങ്ങളുമായാണ് കേരളത്തിലെ സ്റ്റാർട്ട് അപ്പുകൾ മുന്നോട്ടു വരുന്നതെങ്കിലും ഇവയ്ക്ക് ബിസിനസെന്ന രീതിയിൽ മുന്നോട്ടുപോകാനുള്ള ബോധവത്കരണമില്ലെന്ന് കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ ഡോ സജി ഗോപിനാഥ് പറഞ്ഞു. ഈ കുറവ് പരിഹരിക്കാൻ സീഡിംഗ് കേരള-2 ന് സാധിക്കും. സമാന്തര സാമ്പത്തിക സഹായങ്ങളാണ് സ്റ്റാർട്ടപ്പുകളുടെ ജീവനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്റ്റാർട്ടപ്പുകൾക്ക് വേണ്ടത്ര നിക്ഷേപം ആകർഷിക്കാൻ കഴിയുന്നില്ലെന്നതാണ് ഇവിടുത്തെ പ്രധാന പ്രശ്നം. നിക്ഷേപം സ്വീകരിക്കാൻ അനുയോജ്യമായ ഉല്പന്നങ്ങളുടെ അഭാവമുണ്ട്. നിക്ഷേപങ്ങൾ ആകർഷിക്കത്തക്ക വിധം ആശയങ്ങളെ എങ്ങിനെ ഒരുക്കിയെടുക്കണമെന്ന് മനസിലാക്കിയിരിക്കണം. സ്ഥിരോത്സാഹവും പിടിച്ചുനിൽക്കാനുള്ള വൈകാരികമായ ശേഷിയും വേണം. സംരംഭകത്വം എന്നത് ജന്മനാ കിട്ടുന്നതല്ലെന്നും കഠിനാധ്വാനവും അഭിനിവേശവും കൊണ്ട് സ്വായത്തമാക്കേണ്ട ഒന്നാണെന്നും സജി ഗോപിനാഥ് പറഞ്ഞു.

കേരള സ്റ്റാർട്ട് അപ് മിഷൻ, ലെറ്റ്സ് വെഞ്ച്വർ, കോംഗ്ലോ വെൻഞ്ച്വേഴ്സ്, ടൈ കേരള, നാസ്‌കോം എന്നിവ ചേർന്നാണ് സമ്മേളനം സംഘടി്പിച്ചിട്ടുുള്ളത്. സ്റ്റാർട്ടപ് നിക്ഷേപ മേഖലയിലെ പ്രശസ്ത വ്യക്തിത്വങ്ങളായ രാഹുൽ അലക്സ് പണിക്കർ, ബീന അമാനത്ത് എന്നിവരുടെ പ്രഭാഷണങ്ങളുമുണ്ടാവും. യുഎൻ അംഗീകരമുള്ള എംബ്രേസ് ഇന്നൊവേഷൻ കമ്പനിയുടെസ്ഥാപകനാണണ് രാഹുൽ. ജി ഇ ഡിജിറ്റലിന്റെ വൈസ്പ്രസിഡന്ററാണ് ബീന അമാനത്ത്.

പ്രാരംഭദിശയിലുള്ള കമ്പനികളുടെയും അവയുടെ ധനസഹായ സ്ഥാപനങ്ങളുടെയും വിഷയങ്ങളാണ് സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. വികസിപ്പിക്കാവുന്ന ടെക്നോളജി ഉത്പന്നങ്ങൾ, ഏൻജൽ ഫണ്ടിംഗിന്റെ അടിസ്ഥാന പാഠങ്ങൾ, ബിഗ് ഡേറ്റ അനലിറ്റിക്സ്, സർക്കാരിൽനിന്നുള്ള നൂതന ഗ്രാന്റുകൾ, സ്റ്റാർട്ടപ് ക്ലിനിക്കുകളുടെ ലഭ്യത, കേരളത്തെ ആസ്പദമാക്കിയുള്ള മൂലധന നിക്ഷേപം, ആപ് പിച്ചിംഗ് എന്നിവയിലെല്ലാം ചർച്ചകൾ നടക്കും.

പ്രഗൽഭരായ നിക്ഷേപകരും പങ്കെടുക്കുന്ന സമാന്തര യോഗത്തിൽ സ്വന്തം അനുഭവകഥകൾ പ്രതിപാദ്യമാകും. സംരംഭകന് തന്റെ ഉത്പന്നം വിപണിയിലെത്ിക്കാനുള്ള പ്രാഥമികമായ സഹായവും സമ്മേളനം കൊണ്ട് ലക്ഷ്യം വയ്ക്കുന്നുണ്ട്. നിക്ഷേപങ്ങളെക്കുറിച്ചും മറ്റുമുള്ള ചോദ്യോത്തര വേളയിൽ പങ്കെടുക്കാനായി ആറ് സ്റ്റാർട്ടപ്പുകളെ തെരഞ്ഞുടുത്തിട്ടുണ്ട്.

നിക്ഷേപകരുമായി ബന്ധമുണ്ടാക്കുന്നതും അവരെ കാര്യങ്ങൾ പറഞ്ഞുമനസിലാക്കുന്നതും പോലെ പ്രധാനമാണ് സംരംഭകത്വത്തിന്റെ നല്ല പാഠങ്ങൾ വളർത്തിയെടുക്കുക എന്നത്- സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി. എങ്ങനെ സ്റ്റാർട്ടപ്പിൽ നിക്ഷേപിക്കണമെന്നതിനെക്കുറിച്ച് ഉയർന്ന ആസ്തി മൂല്യമുള്ള സ്ഥാപനങ്ങളും വ്യക്തികളും അറിഞ്ഞിരിക്കണം. എന്തു കൊണ്ട് സ്റ്റാർട്ടപ്പിൽ നിക്ഷേപിക്കണമെന്ന ചോദ്യത്തിനുള്ള് ഉത്തരമാണ് ഇവിടെ തേടുന്നത്. ഇവിടത്തെ സ്റ്റാർട്ടപ്പുകളെക്കുറിച്ച് നിക്ഷേപകരിൽ അവബോധം സൃഷ്ടിക്കുകയാണ് ഇത്തരം സമ്മേളനങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപ സാധ്യത കൂടി നിൽക്കുന്ന ഇക്കാലത്ത് സ്റ്റാർട്ടപ്പുകളുടെ തുടക്കത്തിൽ തന്നെ നിക്ഷേപം നടത്തുകയാണ് നല്ലത്. കേരളത്തിലെ നിക്ഷേപകർക്ക് അതിനുള്ള സുവർണാവസരമാണിതെന്നും സജി ഗോപിനാഥ് വ്യക്തമാക്കി.

ഈ വർഷമാദ്യം തിരുവനന്തപുരത്ത് നടന്ന സീഡിംഗ് ഒന്ന്ാം ഘട്ടത്തിൽ നൂറിലധികം സംരംഭകരും ഇരുപതിൽപരം നിക്ഷേപകരും ഒരു കുടക്കീഴിൽ എത്തിയിരുന്നു.