പീഡനശ്രമത്തിനിടെ സ്വാമിയുടെ ലിംഗം പെണ്‍കുട്ടി ച്ഛേദിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവുകള്‍. ഇതുസംബന്ധിച്ച് പെണ്‍കുട്ടി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തായതോടെ കാര്യങ്ങള്‍ വീണ്ടും സങ്കീര്‍ണമാകുകയാണ്.
സ്വാമി ഗംഗേശാനന്ദ ചതിച്ചിട്ടില്ല. സ്വാമിയുമായി ലൈംഗിക ബന്ധമുണ്ടായിരുന്നില്ല. സ്വാമിയും അമ്മയും തമ്മിലും യാതൊരു ബന്ധവുമില്ലായിരുന്നു. സ്വാമിയെ മനപ്പൂര്‍വമല്ല മുറിനേല്പ്പിച്ചത്. എല്ലാം കാമുകന് അയ്യപ്പദാസിന്റെ ഗൂഡാലോചനയാണ്. അയ്യപ്പദാസ് സംഭവത്തിനു രണ്ടു ദിവസം മുമ്പ് കത്തി കൊണ്ടുവന്നു. സ്വാമിയെ മനപ്പൂര്‍വമല്ല മുറിവേല്‍പ്പിച്ചത്. സ്വാമിയുടെ അടുത്തിരുന്നപ്പോള്‍ കത്തി ചെറുതായൊന്നു വീശി. ലിംഗം 90 ശതമാനം മുറിയാന്‍ മാത്രം ഒന്നും ചെയ്തില്ല. പോലീസ് പറഞ്ഞതനുസരിച്ച് മൊഴിനല്‍കി. കോടതിയിലും ഇതുതന്നെ പറഞ്ഞുവെന്നും പെണ്‍കുട്ടിയുടേതായി പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.
സ്വാമിയുടെ ലിംഗം താന്‍ ച്ഛേദിച്ചിട്ടില്ലെന്ന പെണ്‍കുട്ടിയുടെ കത്ത് ഇന്നലെ പുറത്തുവന്നിരുന്നു. ലിംഗം നഷ്ടപ്പെട്ട സ്വാമി ഗംഗേശാനന്ദയുടെ അഭിഭാഷകനയച്ച കത്തിലാണ് പെണ്‍കുട്ടി പോലീസിനെതിരേപോലും ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നത്. സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ല. ഗംഗേശാനന്ദ തന്നെ ഒരിക്കലും പീഡിപ്പിച്ചിട്ടില്ല. സ്വാമിയുടെ ജനനേന്ദ്രിയും മുറിച്ചത് തന്റെ കൂട്ടുകാരനാണ്. തന്റെ മൊഴി പോലീസ് കെട്ടിച്ചമച്ചതാണ്. പോലീസ് സ്റ്റേഷനില്‍ എത്തിയതിനു ശേഷം കുടുംബാംഗങ്ങളെപ്പോലും കാണാന്‍ പോലീസ് അനുവദിച്ചില്ലെന്ന് പെണ്‍കുട്ടി കത്തില്‍ ആരോപിക്കുന്നുണ്ട്. അയ്യപ്പദാസ്, അജിത് കുമാര്‍, മനോജ് മുരളീധരന്, എന്നിവര്‍ക്ക് സ്വാമിയോട് ശത്രുതയുണ്ടായിരുന്നു. ഇവരാണ് സംഭവത്തിനു പിന്നില്‍ ഗൂഡാലോചന നടത്തിയത്. അയ്യപ്പദാസ് പറഞ്ഞതുപോലെ സ്വാമിയുടെ അടുത്ത് പോയെങ്കിലും മറ്റൊന്നും സംഭവിച്ചില്ല. തുടര്‍ന്ന് വീട്ടില്‍നിന്നിറങ്ങി ഐ.ജി.സന്ധ്യയുടെ വീടിന്റെ കോളിങ്ബല്ല് അടിച്ചെങ്കിലും ആരും പുറത്തുവന്നില്ല. പിന്നീടാണ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. പേട്ട പോലീസ് സ്റ്റേഷനില്‍ എത്തിയശേഷമാണ് എല്ലാം തകിടം മറിഞ്ഞത്. മൊഴി പലതവണ മാറ്റിയെഴുതി. മലയാളം വായിക്കാന്‍ അറിയാത്തതിനാല്‍ പിന്നീട് ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് പെണ്‍കുട്ടിയുടെ കത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടിയുടെ ഫോണ്‍ സംഭാഷണവും പുറത്തുവന്നിരിക്കുന്നത്.
പെണ്‍കുട്ടി അയച്ചതെന്ന് പറയപ്പെടുന്ന കത്തില്‍ പേരെടുത്ത് പറഞ്ഞിരിക്കുന്ന മൂവര്‍ സംഘം ഗംഗേശാനന്ദയുടെ പ്രമുഖ ശിഷ്യരാണെന്നു പറയുന്നു. അയ്യപ്പനെന്ന അയ്യപ്പദാസ്, മനുവെന്ന മനോജ് മുരളി, അജിയെന്ന അജിത് കുമാര്‍ ഇവരുടെ പേരെടുത്ത് പറഞ്ഞാണ് പെണ്‍കുട്ടി പ്രതിഭാഗം അഭിഭാഷകന് കത്തയച്ചത്. കോലഞ്ചേരിയില്‍ തുടങ്ങിയ കലവറ ഹോട്ടലില്‍ ഇവര്‍ സ്വാമിയുടെ പങ്കുകാരായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഇവരുടെ കുടുംബ സ്വത്തുക്കള്‍ പണയപ്പെടുത്തിയാണ് സംഘം കലവറ ഹോട്ടലിലെ നടത്തിപ്പുകാരായി കൂടിയത്. എന്നാല്‍, ബിസിനസ് പച്ച പിടിച്ചില്ല. നഷ്ടത്തിലേയ്ക്ക് കൂപ്പു കുത്തിയ ഹോട്ടലിലേയ്ക്ക് മുടക്കിയ പണവുമായി ബന്ധപ്പെട്ട് സ്വാമിയുമായി തര്‍ക്കം നില നിന്നിരുന്നു. സ്വാമിയുമായി തുടങ്ങിയ ഇവരുടെ അടുപ്പത്തിനിടയില്‍ മനുവിന് കോലഞ്ചേരിയില്‍ നിന്നും വിവാഹം കഴിപ്പിക്കാന്‍ മുന്‍കൈ എടുത്തത് സ്വാമിയായിരുന്നു. ഹോട്ടല്‍ ബിസിനസ് തകര്‍ന്നതോടെ മുടക്കിയ പണവുമായി ബന്ധപ്പെട്ട് ഇവരുമായി തര്‍ക്കം നിലനിന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നുണ്ട്. ഇതില്‍ മനു മുടക്കിയ പണത്തിന് പകരമായി പുത്തന്‍കുരിശില്‍ ഗംഗേശാനന്ദയുടെ അനുജന് തുടങ്ങിയ ടെക്സ്റ്റൈല്‍സ് ഷോപ്പ് കൈമാറ്റം ചെയ്തിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഹോട്ടലിന്റെ മുഴുവന്‍ ചുമതലക്കാരനായി അയ്യപ്പനെയാണ് നിയോഗിച്ചിരുന്നത്. ഹോട്ടല്‍ നഷ്ടത്തിലേയ്ക്ക് എത്തിയപ്പോള്‍ അയ്യപ്പന് ഹോട്ടല്‍ സ്വയം ഏറ്റെടുക്കുകയും കോലഞ്ചേരിയില്‍ നിന്നുമുള്ള രണ്ട് പേരെ പങ്കുകാരായി ഉള്‍പ്പെടുത്തി നടത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പഠനത്തിനിടയിലുള്ള ഒഴിവു സമയങ്ങളില്‍ പെണ്‍കുട്ടി കോലഞ്ചേരിയിലെത്തുമായിരുന്നു. അവിടെ വച്ച് അയ്യപ്പനുമായി സൗഹൃദത്തിലായത് ഗംഗേശാനന്ദ എതിര്‍ത്തിരുന്നതായും പറയുന്നു.