സ്വാശ്രയ എൻജിനിയറിങ് കരാറായി; ഫീസ് വർധനയില്ല

0
119

ഫീസ് വർധനയില്ലാതെ കോളേജുകൾക്ക് ഇഷ്ടാനുസരണം ഫീസ് കുറച്ചുനൽകാമെന്ന വ്യവസ്ഥയോടെ സ്വാശ്രയ എൻജിനിയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ സർക്കാരുമായി കരാറിൽ ഒപ്പുവച്ചു. അസോസിയേഷൻ പ്രസിഡന്റ് ജോറി മത്തായിയാണ് സർക്കാരുമായി കരാറിൽ ഒപ്പിട്ടത്.

കഴിഞ്ഞവർഷത്തെ ഫീസ് ഘടന നിലനിർത്തിക്കൊണ്ട്, കരാറിൽ ഓരോ കോളേജിനും ഇഷ്ടാനുസരണം ഫീസ് കുറച്ചുനൽകാമെന്ന പുതിയ വ്യവസ്ഥകൂടി ഉൾക്കൊള്ളിച്ചാണ് കരാറുണ്ടാക്കിയിരിക്കുന്നത്. എന്നാൽ, ഫീസ് കുറയ്ക്കാൻ തയ്യാറുള്ള കോളേജുകൾ ആ വിവരം ഉടൻ പ്രവേശന കമീഷണറെ അറിയിക്കണം. കുറഞ്ഞ ഫീസ് വിവരം കമീഷണർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചായിരിക്കും പ്രവേശന നടപടികൾ ആരംഭിക്കുക.

സർക്കാരിന് വിട്ടുനൽകുന്ന 50 ശതമാനം മെറിറ്റ് സീറ്റുകളിൽ പകുതി സീറ്റുകൾക്ക് ഈടാക്കിയിരുന്ന 75,000 രൂപ, 50,000 ആയി കഴിഞ്ഞവർഷംതന്നെ മന്ത്രി സി രവീന്ദ്രനാഥിന്റെ ഇടപെടലിൽ വെട്ടിക്കുറച്ചിരുന്നു. ഇത്തവണ കരാറിലെ പുതിയ വ്യവസ്ഥയോടെ ഫീസ് വീണ്ടും കുറയും. എത്ര കുറച്ചുനൽകാമെന്നത് ഓരോ കോളേജിനും തീരുമാനിക്കാം. ഇതിനായി കരാറിൽ പരമാവധി 50,000 രൂപവരെ ഫീസ് എന്ന് ചേർത്തിട്ടുണ്ട്. ചില കോളേജുകൾ 10,000 രൂപവരെ ഫീസ് കുറച്ചുനൽകാൻ സന്നദ്ധമാണെന്ന് മാനേജ്‌മെന്റ് അസോസിയേഷൻ വൃത്തങ്ങൾ അറിയിച്ചു. ഇഷ്ടാനുസരണം ഫീസ് കുറച്ചുനൽകാൻ കേരള സെൽഫ് ഫിനാൻസിങ് എൻജിനിയറിങ് കോളേജ് മാനേജ്‌മെന്റ്‌സ് അസോസിയേഷൻ (കെഎസ്എഫ്ഇസിഎംഎ) തങ്ങളുടെ അംഗകോളേജുകൾക്ക് നേരത്തെ അനുമതി നൽകിയിരുന്നു. എൻആർഐ സീറ്റുകളിലെ ഫീസും കുറയ്ക്കാൻ മാനേജ്‌മെന്റുകൾ സന്നദ്ധത അറിയിച്ചു.

സാങ്കേതിക വിദ്യാഭ്യാസമേഖലയുടെ ഗുണനിലവാരം വർധിപ്പിക്കാനുള്ള തീരുമാനങ്ങളും കരാറിലുണ്ട്. സംസ്ഥാന പ്രവേശനപരീക്ഷാ കമീഷണർ നടത്തിയ പ്രവേശനപരീക്ഷയിൽ ഒരു പേപ്പറിന് കുറഞ്ഞത് പത്തുമാർക്കെങ്കിലും (രണ്ടിനുംകൂടി 20) നേടാനാകാത്തവർക്ക് എൻജിനിയറിങ് പ്രവേശനം അനുവദിക്കില്ല. പ്രവേശനപരീക്ഷയിൽ പത്തുമാർക്ക് ലഭിക്കാത്തവർക്ക് ഒഴിവുള്ള മെറിറ്റ് സീറ്റുകളിലടക്കം യുഡിഎഫ് ഭരണത്തിൽ പ്രവേശനം നൽകിയിരുന്നു.

പട്ടികജാതി, പട്ടികവർഗം, ഒഇസി വിഭാഗക്കാരുടെ സംവരണസീറ്റുകളുടെ സംരക്ഷണം ഉറപ്പാക്കാനും കരാറിൽ വ്യവസ്ഥയുണ്ട്. ഈ വിഭാഗത്തിൽ സീറ്റ് ഒഴിഞ്ഞുകിടന്നാൽ മാനേജ്‌മെന്റിന് ലഭിക്കില്ല. പിന്നോക്കവിഭാഗങ്ങൾക്കുള്ള സീറ്റുകൾ ഒഴിവുണ്ടെങ്കിൽ ആ വിവരം എൻട്രൻസ് കമീഷണർ പ്രത്യേക വിജ്ഞാപനത്തിലൂടെ പരസ്യപ്പെടുത്തി ആരുമില്ലെന്ന് ഉറപ്പാക്കിയശേഷമേ മറ്റ് വിഭാഗക്കാർക്ക് പ്രവേശനം സാധ്യമാകൂ. ആദ്യ അലോട്ട്‌മെന്റിൽ പ്രവേശനം ലഭിച്ചാലും തുടർ അലോട്ട്‌മെന്റിൽ ഇഷ്ടകോളേജുകളിലേക്ക് മാറാനും പട്ടികജാതി/വർഗ വിദ്യാർഥികൾക്ക് അവസരം ഉറപ്പാക്കും. സാമ്പത്തിക മുന്നോക്കക്കാരിൽനിന്നുമാത്രമേ പരമാവധി സ്‌പെഷ്യൽ ഫീസായി 25,000 രൂപവരെ ഈടാക്കാനാകൂ. കേരള കാത്തലിക് എൻജിനിയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ സർക്കാരുമായി കഴിഞ്ഞയാഴ്ച മൂന്നുവർഷകരാർ ഒപ്പിട്ടിരുന്നു. ഇവരുടെ 14 കോളേജിലും ഫീസ് വർധനയില്ല. എൻആർഐ സീറ്റിൽ നിലവിലുണ്ടായിരുന്ന 8000 ഡോളർ 7000 ആയി കുറച്ചാണ് കരാറിൽ ഒപ്പിട്ടത്. മറ്റു മുഴുവൻ സീറ്റിലും 75,000 രൂപയായിരിക്കും ഫീസ്. 50 ശതമാനം മെറിറ്റ് സീറ്റിലേക്ക് എൻട്രൻസ് കമീഷണർ അലോട്ട്‌മെന്റ് നടത്തും.