കുതിക്കാന്‍ ത്രസിച്ച് കേരളത്തിന്‍റെ സ്വപ്നം

0
125

കേരളം കണ്ട സ്വപ്നം ഇന്ന് കൊച്ചിയുടെ ആകാശത്ത് കുതിക്കും. മെട്രോയുടെ വർണത്തിലും വേഗത്തിലുമലിയാൻ തുറമുഖനഗരം ഒരുങ്ങിക്കഴിഞ്ഞു. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ചർച്ചകൾക്കും കാത്തിരിപ്പിനുംശേഷം ചിറകുവിരിയ്ക്കുന്ന കൊച്ചി മെട്രോ കേരളത്തിന്റെയാകെ മനസ്സ് നിറയ്ക്കുന്നു. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി മെട്രോ നാടിന് സമർപ്പിക്കും.

ശനിയാഴ്ച രാവിലെ 10.15ന് കൊച്ചി നാവികവിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി റോഡുമാർഗം പാലാരിവട്ടത്തെത്തും. 10.35ന് മെട്രോ സ്റ്റേഷൻ ഉദ്ഘാടനം. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മെട്രോയിൽ പത്തടിപ്പാലംവരെ യാത്രചെയ്യും. ട്രെയിനിൽത്തന്നെ തിരിച്ചെത്തിയശേഷം 11നാണ് കലൂരിലെ മുഖ്യ ഉദ്ഘാടനച്ചടങ്ങ്. ‘കൊച്ചി വൺ ആപ്’ മുഖ്യമന്ത്രി പിണറായി വിജയനും മെട്രോയാത്രയ്ക്കും അനുബന്ധ സംവിധാനങ്ങൾക്കുംവേണ്ടിയുള്ള ‘കൊച്ചി വൺ കാർഡ’് കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവും പുറത്തിറക്കും. വേദിയിൽ ഗവർണർ ജസ്റ്റിസ് പി സദാശിവം, ഗതാഗതമന്ത്രി തോമസ് ചാണ്ടി, മേയർ സൌമിനി ജയിൻ, കെ വി തോമസ് എംപി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഡിഎംആർസി ഉപദേഷ്ടാവ് ഇ ശ്രീധരൻ, കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് എന്നിവരുമുണ്ടാകും.

പൊതുജനങ്ങൾക്കായുള്ള മെട്രോ സർവീസ് തിങ്കളാഴ്ച മുതലാണ്. ഉദ്ഘാടന ദിവസം പ്രധാനമന്ത്രിക്കായുള്ള യാത്ര മാത്രമേയുള്ളൂ. ഞായറാഴ്ച അഗതികൾക്കും അനാഥർക്കും ഭിന്നശേഷിയുള്ളവർക്കുമായി മെട്രോയാത്ര നടത്തും. രാവിലെ ആറു മുതൽ രാത്രി പത്തുവരെയാണ് മെട്രോ ട്രെയിനുകൾ ഓടുക. ഇപ്പോൾ 11 സ്റ്റേഷനാണുള്ളത്. മൂന്നു കോച്ചുള്ള ആറു ട്രെയിനാണ് ആലുവ മുതൽ പാലാരിവട്ടംവരെ ഇരുവശത്തേക്കും ഓടുക. ഒമ്പതു മിനിറ്റ് വ്യത്യാസത്തിലാണ് ഓരോ ട്രെയിനും എത്തുക. ഒരു ട്രെയിനിൽ ആയിരത്തോളം പേർക്ക് കയറാം. പ്രധാനമന്ത്രിയുടെ സന്ദർശനത്തെത്തുടർന്ന് കൊച്ചി നഗരം വെള്ളിയാഴ്ചമുതൽതന്നെ കനത്ത സുരക്ഷാവലയത്തിലാണ്.

ശനിയാഴ്ച പകൽ 12.15ന് സെന്റ് തെരേസാസ് കോളേജിൽ പി എൻ പണിക്കർ ദേശീയ വായനമാസാചരണവും പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യും. 1.05ന് നാവികവിമാനത്താവളത്തിൽ തിരിച്ചെത്തുന്ന പ്രധാനമന്ത്രി അവിടത്തെ ബോർഡ്‌റൂമിൽ മുഖ്യമന്ത്രിയും മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. 1.25ന് ഡൽഹിയിലേക്കു മടങ്ങും.