കുമ്മനത്തിനെന്താ മെട്രോ കന്നിയാത്രയിൽ കാര്യം ?

0
529

ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ മാത്രമായ ഒരാൾ സർക്കാർ പരിപാടിയിൽ മുഖ്യാതിഥിയായി ഞെളിഞ്ഞിരിക്കുമോ, ഇരിക്കാമോ?
കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഗവർണർ പി.സദാശിവത്തെയും കേന്ദ്ര നഗരാസൂത്രണ മന്ത്രി വെങ്കയ്യാ നായിഡു എന്നിവരെയും വഹിച്ചു കന്നിയാത്ര നടത്തുമ്പോൾ കൂടെ ഭരണഘടനാ പരമായ ഒരു ചുമതലയും വഹിക്കാത്ത കുമ്മനം രാജശേഖരനും ഉണ്ടായിരുന്നു. പ്രോട്ടോകോൾ , സുരക്ഷ എന്നൊക്കെ പറഞ്ഞു മെട്രോ മാൻ ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും എല്ലാം ഉദ്ഘാടന ചടങ്ങിൻറെ വേദിയിൽ നിന്നും ഒഴിവാക്കാൻ ത്വര കാട്ടിയ പ്രധാനമന്ത്രിയുടെ ഓഫീസ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന് മെട്രോ യാത്രയിൽ അനുമതി നൽകുമ്പോൾ സ്വാഭാവികമായി ഉയരുന്ന ചോദ്യമാണ്… കുമ്മനത്തിന് എന്താ സർക്കാർ പരിപാടിയിൽ കാര്യം ?

മെട്രോയുടെ കന്നി യാത്രയിൽ പ്രധാനമന്ത്രിക്ക് ഒപ്പം യാത്ര ചെയ്യുന്നവരുടെ പട്ടിക നേരത്തെ തന്നെ പുറത്തു വിട്ടിരുന്നതാണ്. പാലാരിവട്ടം മുതൽ പത്തടിപ്പാലം വരെയും തിരിച്ചുമുള്ള യാത്രയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, ഗവർണർ പി. സദാശിവം, ചീഫ് സെക്രട്ടറി നളിനി നെറ്റോ, കേന്ദ്ര നഗരവികസന മന്ത്രാലയം സെക്രട്ടറി രാജീവ് ഗൗബെ, ഡി.എം.ആർ.സി. മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ, കെ.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജ് എന്നിവരാണ് പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിലൊന്നും കുമ്മനം ഉണ്ടായിരുന്നില്ല. പിന്നെ എങ്ങനെ കുമ്മനം മെട്രോയുടെ ആദ്യ യാത്രയിൽ പങ്കു ചേർന്നു ? അതും മെട്രോയുടെ 90 ശതമാനം പണിയും പൂർത്തീകരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ളവർ പോലും വിദൂരതയിൽ കാഴ്ചക്കാരായി മാത്രം നിന്ന ഒരു യാത്രയിൽ ?

ഉദ്ഘാടന ചടങ്ങിൽ നിന്നും ആദ്യം ഒഴിവാക്കിയ രമേശ് ചെന്നിത്തലയെയും മെട്രോ മാൻ ഇ. ശ്രീധരനെയും സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് വേദിയിൽ പിന്നീട് ഉൾപ്പെടുത്തിയ കൂട്ടത്തിൽ കുമ്മനത്തിന്റെ പേരും വന്നിരുന്നോ ? കന്നി യാത്രയിൽ പ്രധാനമന്ത്രിക്കൊപ്പം കുമ്മനവും പങ്കെടുക്കും എന്നതരത്തിൽ അവസാന നിമിഷം വരെ ഒരു സന്ദേശവും ഉണ്ടായിരുന്നില്ല എന്നത് വ്യക്തം. പ്രധാനമന്ത്രിയുടെ അതിഥി എന്ന നിലയിലും പട്ടികയിൽ കുമ്മനത്തിന്റെ പേരുണ്ടായിരുന്നില്ല. എന്നിട്ടും എങ്ങനെ കുമ്മനം ? ഉദ്ഘാടന വേദിയിൽ ശ്രീധരൻ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ പത്തനംതിട്ടയിൽ പ്രഖ്യാപിച്ചയാളാണ് കുമ്മനം. അതായത് ഒരു തരം സൂപ്പർ മുഖ്യമന്ത്രി കളി. ഇനി ഈ മുഖ്യന് ഇരിക്കാനാണോ നിർദിഷ്ട ബി.ജെ.പി. സംസ്ഥാന കാര്യാലയത്തിൽ മുഖ്യമന്ത്രിയുടെ മുറി പണിയുന്നത് ? എന്ന ചോദ്യമുയര്‍ന്നാലും അത്ഭുതപ്പെടാനില്ല.

മെട്രോയുടെ തറക്കല്ലിടൽ ചടങ്ങിലേക്ക് കൂടി ഒന്ന് ശ്രദ്ധയൂന്നാം. അന്നും തറക്കല്ലിട്ടത് ഒരു പ്രധാനമന്ത്രി തന്നെയായിരുന്നു. മൻമോഹൻ സിംഗ്. കേന്ദ്ര മന്ത്രിമാരും ജില്ലയിലെ മന്ത്രിമാരും ഉൾപ്പടെയുള്ള ഒരു വൻ നിര അന്ന് വേദിയിൽ ഉണ്ടായിരുന്നു. കോണ്‍ഗ്രസ്‌ അല്ലേ, ഇതൊക്കെ സാധാരണം എന്ന് പറയാം പൊതുവിൽ. അന്ന് എം.എൽ.എ കൂടിയായ രമേശ് ചെന്നിത്തലയായിരുന്നു കെ.പി.സി.സി പ്രസിഡന്റ്. അതായത് ഇന്ന് കുമ്മനം കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ആണെങ്കിൽ അന്ന് ചെന്നിത്തലയും സമാനമായ നിലയിൽ തന്നെ ആയിരുന്നു. ചെന്നിത്തല എം.എൽ.എ കൂടി ആയിരുന്നു എന്നതും മറക്കണ്ട. എന്നിട്ടും വേദിയിൽ സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ ചെന്നിത്തല ഉണ്ടായിരുന്നില്ല. ഇന്ന് കുമ്മനത്തിന് ആകാമെങ്കിൽ അന്ന് ചെന്നിത്തലയ്ക്കും ആകാമായിരുന്നില്ലേ സർ ? എന്ന് ചോദിക്കുന്നവരോടും ബി.ജെ.പി. എന്തു മറുപടിയാകും ഇനി തട്ടിവിടുക.