കേരളത്തിൽ കോൺഗ്രസിന് 33.79 ലക്ഷം അംഗങ്ങൾ, കൂടുതല്‍ പേര്‍ തിരുവനന്തപുരത്ത്

0
102

സംസ്ഥാനത്ത് കോൺഗ്രസിന് 33.79 ലക്ഷം അംഗങ്ങൾ. അംഗത്വവിതരണം പൂർത്തിയാക്കി ഡി.സി.സി.കളിൽ അംഗത്വ പട്ടിക പ്രസിദ്ധീകരിച്ചു. 25 ലക്ഷം അംഗങ്ങളെയാണ് ലക്ഷ്യമിട്ടത്. രാജ്യത്ത് മതേതരത്വവും ജനാധിപത്യവും ഗുരുതരമായ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ ഇത്രയും പേർ കോൺഗ്രസിൽ അംഗത്വമെടുത്തത് ഇവയ്ക്കെതിരായ പോരാട്ടത്തിന് കരുത്തുപകരുമെന്ന് അംഗത്വവിതരണത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവിയും ശൂരനാട് രാജശേഖരനും പറഞ്ഞു.

ജില്ല തിരിച്ചുള്ള അംഗങ്ങളുടെ എണ്ണം: തിരുവനന്തപുരം-4,76,675, കൊല്ലം-3,27,150, പത്തനംതിട്ട-1,37,550, ആലപ്പുഴ-2,22,437, ഇടുക്കി- 1,12,075, കോട്ടയം-2,25,125, എറണാകുളം-4,55,040, തൃശ്ശൂർ-3,48,503, പാലക്കാട്-2,56,425, മലപ്പുറം-2,38,350, കോഴിക്കോട്-2,61,458, വയനാട്-78,235, കണ്ണൂർ-1,67,207, കാസർകോട്-73,664.

ഏറ്റവുമൊടുവിൽ അംഗത്വവിതരണം നടന്നത് 2008-09 ലായിരുന്നു. അന്ന് 14.88 ലക്ഷം പേരാണ് അംഗത്വമെടുത്തത്. സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇപ്രാവശ്യം അംഗത്വവിതരണം. ബൂത്തുതല തിരഞ്ഞെടുപ്പ് ഓഗസ്റ്റിലേക്കാണ് ക്രമീകരിച്ചിരിക്കുന്നത്. അതുവരെയുള്ള കാലത്ത് പുതിയ അംഗങ്ങളെയടക്കം പങ്കെടുപ്പിച്ച് കുടുംബസംഗമങ്ങൾ നടത്തുമെന്ന് പ്രസിഡന്റ് എം.എം. ഹസ്സൻ പറഞ്ഞു.