കൊച്ചി മെട്രോയിലേറി; പ്രധാനമന്ത്രി കേരളത്തിനു സമര്‍പ്പിച്ചു

0
131

കേരളത്തിന്റെ സ്വപ്‌നപദ്ധതികളിലൊന്നായ കൊച്ചി മെട്രോറെയില്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്തു. കൊച്ചിയിലെ പാലാരിവട്ടം മെട്രോ റെയില്‍ സ്‌റ്റേഷനിലെത്തിയ പ്രധാനമന്ത്രി നാടമുറിച്ചാണ് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത്. കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, ഇ.ശ്രീധരന്‍ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പം ഉദ്ഘാടന ചടങ്ങിനുണ്ടായിരുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് മനോഹരമായി അണിയിച്ചൊരുക്കിയ പാലാരിവട്ടം സ്‌റ്റേഷനില്‍നിന്നും പത്തടിപ്പാലം സ്റ്റേഷനിലേക്ക് പ്രധാനമന്ത്രിയും വിശിഷ്ഠാതിഥികളും യാത്ര നടത്തി. . ചീഫ് സെക്രട്ടറി നളിനിനെറ്റോ, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ് എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുള്ള യാത്രയില്‍ മെട്രോ റെയിലില്‍ ഉണ്ടായിരുന്നു.

മെട്രോ റെയില്‍ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ പ്രത്യേക സുരക്ഷയണ് ഏര്‍പ്പെടുത്തിയിരുന്നത്. ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ നേരിട്ടെത്തി സുരക്ഷാ നടപടികളുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. പ്രധാനമന്ത്രി കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്ന കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ പ്രധാനവേദി, അദ്ദേഹം യാത്ര ചെയ്യുന്ന മെട്രോ കോച്ചുകള്‍ തുടങ്ങിയവയുടെ സുരക്ഷാ നിയന്ത്രണം എസ്.പി.ജിയുടെ നിയന്ത്രണത്തിലാണ്.

ഔദ്യോഗിക ഉദ്ഘാടനത്തിനായി കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലുള്ള പ്രത്യേക വേദിയിലേക്ക് പ്രധാനമന്ത്രി എത്തി. പ്രാര്‍ഥനാ ഗാനത്തിനു ശേഷം കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ് വിശിഷ്ടാതിഥികള്‍ക്കും മറ്റും സ്വാഗതം പറഞ്ഞു. സ്വാഗതപ്രാസംഗികന്‍ ഇ.ശ്രീധരന് സ്വാഗതം പറഞ്ഞപ്പോള്‍ മിനിറ്റുകള്‍ നീണ്ട കരഘോഷത്തോടെയാണ് സദസ് സ്വാഗതം ചെയ്തത്. കേന്ദ്ര നഗരകാര്യ മന്ത്രി വെങ്കയ്യ നായിഡു അധ്യക്ഷപ്രസംഗം നടത്തി. രാജ്യത്ത് ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ മെട്രോ റെയില്‍ പദ്ധതിയാണ് കൊച്ചി മെട്രോ റെയില്‍ പദ്ധതിയെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.

യാത്രക്കാര്‍ക്കായി കൊച്ചി വണ്‍കാര്‍ഡ് മന്ത്രി വെങ്കയ്യ നായിഡു പ്രകാശനം ചെയ്തു.

മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കണമെന്നത് സര്‍ക്കാരിന്റെ നിലപാടായിരുന്നു. വികസനത്തില്‍ കേന്ദ്രത്തിന്റെ സമീപനം പോസിറ്റീവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വരും വികസനങ്ങള്‍ക്കും കേന്ദ്രത്തിന്റെ സഹായം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി മെട്രോ വണ്‍ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

കൊച്ചി മെട്രോ ഉദ്ഘാടന ചങ്ങില്‍ കൊച്ചിയിലെ ജനങ്ങളോട് പങ്കാളിയാകുന്നതില്‍ താന്‍ അഭിമാനിക്കുകയും സന്തോഷിക്കുകയുമാണെന്നു മലയാളത്തില്‍ പറഞ്ഞാണ് പ്രധാനമന്ത്രി തന്റെ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. കൊച്ചി മെട്രോയുടെ ഓരോ പ്രത്യേകതയേയും എടുത്തുപറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. കൊച്ചി മെട്രോ റെയിലിന്റെ തടികൊണ്ടു നിര്‍മിച്ച കരകൗല മാതൃക മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കൈമാറി.