കോടികളുടെ ബാധ്യത; ജോഷിക്ക് നിർമാതാക്കളില്ല

0
217

സിനിമകൾ കോടിക്കണക്കിന് രൂപയുടെ ബാധ്യത വരുത്തുന്നത് കൊണ്ട് ജോഷിക്ക് നിർമാതാക്കളെ കിട്ടാനില്ല. ലൈലാ ഓ ലൈല പത്ത് കോടിക്ക് തീർക്കാമെന്ന് പറഞ്ഞിട്ട് 14 കോടിയിലധികമായി. ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. അതിന് മുമ്പ് മോഹൻലാലിനെ നായകനാക്കി ചെയ്ത ലോക്പാലും വലിയ പരാജയമയിരുന്നു. അതിന്റെ ബാധ്യത തീർക്കാൻ നിർമാതാവ് വിമലിന് മോഹൻലാൽ വീണ്ടും ഡേറ്റ് കൊടുത്തിരിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി ചെയ്ത നസ്രാണിയും കോടികളുടെ ബാധ്യതയാണ് നിർമാതാവിന് വരുത്തിയത്. ദിലീപിനെ നായകനാക്കി ചെയ്ത അവതാരവും വലിയ സാമ്പത്തിക പരാജയമായിരുന്നു.

മോഹൻലാൽ അമല പോൾ ടീമിന്റെ റൺ ബേബി റൺ മാത്രമാണ് സാമ്പത്തിക വിജയം നേടിയത്. യുവതാരങ്ങളെ വെച്ചെടുത്ത സെവൻസ് ബോക്സോഫീസിൽ തകർന്നു. അതിനും മുമ്പ് പൃഥ്വിരാജിനെ നായകനാക്കിയ റോബിൻഹുഡ് നിർമാതാവ് ശാന്താമുരളിക്ക് മൂന്ന് കോടിയോളമാണ് നഷ്ടം വരുത്തിയത്. ഷൂട്ടിംഗിനിടെ ഒരു ദിവസം ജോഷി നേരത്തെ പാക്കപ്പ് പറഞ്ഞത് നിർമാതാക്കളെ ചൊടിപ്പിച്ചിരുന്നു. പിന്നീട് അന്ന് തന്നെ ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തു. വർണചിത്രയുടെ ബാനറിൽ നിർമിച്ച സലാം കാശ്മീരും വലിയ സാമ്പത്തിക ബാധ്യതയാണ് നിർമാതാവ് സുബൈറിന് വരുത്തിവച്ചത്. സുരേഷ്ഗോപിക്കും ജയറാമിനും മാത്രം നല്ല തുക ചെലവഴിക്കേണ്ടി വന്നു.

മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എടുത്ത ക്രിസ്ത്യൻ ബ്രദേഴ്സ് ലാഭമായിരുന്നു. മുംബയിലും യൂറോപ്പിലുമായിരുന്നു ചിത്രീകരണം. സാങ്കേതിക കാര്യങ്ങളും ജോഷി വിട്ടുവീഴ്ചക്ക് തയ്യാറല്ല. എന്നാൽ അതിനനുസരിച്ച് ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വിജയവുമാകില്ല. ഇപ്പോൾ മലയാളത്തിലെ ഒരു പി.ആർ.ഒ ജോഷിക്ക് വേണ്ടി നിർമാതാക്കളെ അന്വേഷിച്ച് നടക്കുകയാണ്. അടുത്തിടെ ഒരു നിർമാതാവ് പി.ആർ.ഒയെ ഇതിന്റെ പേരിൽ ഇറക്കിവിടുകയും ചെയ്തു.