കോൺഫെഡറേഷൻസ് കപ്പ്: ജയത്തോടെ റഷ്യ തുടങ്ങി

0
146

ആതിഥേയര്‍ ആയ റഷ്യയുടെ വിജയ കുതിപ്പോടെ വൻകരകളുടെ ഫുട്ബോൾ പോരാട്ടത്തിന് തുടക്കമായി. ആദ്യ മത്സരത്തിൽ ആതിഥേയരായ റഷ്യ ഓഷ്യാന ഗ്രൂപ്പിന്റെ പ്രതിനിധികളായ ന്യൂസീലൻഡിനെതിരെ രണ്ടു ഗോളിനാണ് ജയം നേടിയത്. 31-ാം മിനിറ്റിൽ ന്യൂസീലൻഡിന്റെ ബോക്‌സലിന്റെ സെൽഫ് ഗോളും 69 -ാംമിനിറ്റില്‍ ഫെടോര്‍ സ്മൊലോവിന്റെ ഗോളുമാണ് റഷ്യയ്ക്ക് തുണയായത്.

റഷ്യയുടെ ഡെന്നിസ് ഗുഷാക്ലോവിന്റെ ഗോൾശ്രമം തടയാനുള്ള ബോക്‌സലിന്റെ ശ്രമമാണ് റഷ്യയുടെ ആദ്യ ഗോളിൽ കലാശിച്ചത്. രണ്ടാം പകുതിയില്‍ ആറു വാര അകലെ നിന്നും സ്മൊലോവ് തൊടുത്ത വലങ്കാലന്‍ ഷോട്ടിലൂടെയാണ് റഷ്യ വിജയം ഉറപ്പിച്ചത്. ഓപ്പണ്‍ നെറ്റ് അവസരങ്ങള്‍ പിന്നീടു രണ്ടെണ്ണം കൂടി റഷ്യയ്ക്ക് ലഭിച്ചെങ്കിലും അത് വലയില്‍  എത്തിക്കാന്‍ ചെമ്പടയ്ക്ക് ആയില്ല. ഇടയ്ക്ക് രണ്ടു വട്ടം ന്യൂസീലണ്ട് താരം റ്യാന്‍ തോമസ്‌ റഷ്യന്‍ വല ലക്‌ഷ്യം വെച്ചെങ്കിലും നായകന്‍ ഇഗോര്‍ അകിന്‍ഫീവിന്‍റെ മികവില്‍ റഷ്യ പിടിച്ചു നിന്നു.

മത്സരത്തില്‍ 58 ശതമാനം പന്ത് കൈവശം വെക്കുകയും പതിനെട്ടു വട്ടം എതിര്‍ ഗോള്‍ മുഖം ലക്‌ഷ്യം വെച്ചതില്‍ എട്ടെണ്ണവും ഗോള്‍ ശ്രമമായി നിലനില്‍ക്കുകയും ചെയ്ത റഷ്യ തകര്‍പ്പന്‍ ആധിപത്യം ആണ് പുലര്‍ത്തിയത്‌. റഷ്യയുടെ ഗ്രൂപ്പില്‍ ന്യൂസീലന്‍ഡിന് പുറമേ യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗലും മെക്സിക്കോയും ആണുള്ളത്. നാളെ രണ്ടു മത്സരങ്ങള്‍ ആണുള്ളത്. ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗല്‍ മെക്സിക്കോയെയും ഗ്രൂപ്പ് ബിയിലെ ആദ്യ പോരാട്ടത്തില്‍ കാമറൂണ്‍ ചിലിയെയും നേരിടും.