ഗൂർഖാലാന്‍റ് പ്രക്ഷോഭം: രണ്ട് ജൻമുക്തി മോർച്ച പ്രവർത്തകരും സൈനികനും കൊല്ലപ്പെട്ടു

0
103

ഗൂർഖാലാന്‍റ് പ്രക്ഷോഭത്തിനിടെ ഡാർജിലിങ്ങിൽ സൈനികനും രണ്ട് രാഷ്ട്രീയ പ്രവർത്തകരും കൊല്ലപ്പെട്ടു. പ്രക്ഷോഭകരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടൽ അക്രമാസക്തമായി. ഡാർജിലിങ്ങിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. ഇന്ത്യൻ റിസർവ് ബറ്റാലിയൻ ഓഫിസറായ കിരൺ തമാങ്ങിനെ പരമ്പാരഗത ഗൂർഖ കത്തിയുപയോഗിച്ച് ആരോ പിന്നിൽ നിന്ന് കുത്തുക‍യായിരുന്നു എന്നാണ് റിപ്പോർട്ട്. സർക്കാർ വിരുദ്ധ മുദ്രാവാക്യം ഉയർത്തിയ അക്രമാസക്തരായ ജനക്കൂട്ടം പൊലീസ് വാഹനങ്ങൾക്ക് തീ വെക്കുകയും സർക്കാർ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തു.

പ്രക്ഷോഭം നയിക്കുന്ന ഗൂർഖ ജൻമുക്തി മോർച്ചയുടെ രണ്ട് പ്രവർത്തകരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. പൊലീസാണ് ഇവരെ വെടിവെച്ചതാണെന്ന്  ജൻമുക്തി മോർച്ച സെക്രട്ടറി ബിനയ് തമാങ് വ്യക്തമാക്കി. എന്നാൽ കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല.പൊലീസ് ആരേയും വെടിവെച്ചിട്ടില്ലെന്ന് അഡീഷണൽ ഡയറക്ടർ ഓഫ് പൊലീസ് അനൂജ് ശർമ പറഞ്ഞു. അതേസമയം, പൊലീസ് പ്രക്ഷോഭകരെ വെടിവെക്കുന്ന ദൃശ്യങ്ങൾ ഒരു പ്രാദേശിക ചാനൽ പുറത്തുവിട്ടു. ഗോർഖ ടെറിട്ടോറിയൽ അഡ്മിനിസ്ട്രേഷനിലേക്കുള്ള തെരഞ്ഞടുപ്പ് വരാനിരിക്കെ മനപ്പൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് ഗൂർഖ ജൻമുക്തി മോർച്ചയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി മമത ബാനർജി കുറ്റപ്പെടുത്തി.