സ്കൂള്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിനെതിരെ ആര്.എസ്.എസ്, ബി.ജെ.പി നേതാക്കള്‍ രംഗത്ത്. ചിറ്റൂര്‍ ഗവണ്മെന്റ് വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച വിരുന്നിലാണ് പ്രതിഷേധവുമായി നേതാക്കള്‍ രംഗത്ത് എത്തിയത്.
ഇന്നലെയാണ് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനികള്‍ റമദാന് വ്രതാനുഷ്ടാനത്തോടനുബന്ധിച്ച് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. 240 വിദ്യാര്‍ഥികളുള്ള പ്ലസ്ടുവിലെ 80 ശതമാനം വിദ്യാര്‍ഥിനികളും ഇരുപത്തഞ്ചോളം വരുന്ന മുസ്ലിം വിദ്യാര്‍ഥിനികളോടൊപ്പം സ്വമേധയ നോമ്പെടുത്തിരുന്നു.
എന്നാല്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ചാണ് നോമ്പെടുപ്പിച്ചത് എന്നാരോപിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന്റെ നേതൃത്വത്തിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്കൂളിലെത്തിയത്.
പ്രിന്‍സിപ്പലുമായി നടത്തിയ ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ സ്കൂളിന്റെ നടപടിയെ രൂക്ഷ ഭാഷയിലാണ് ബി.ജെ.പി നേതാക്കള്‍ വിമര്‍ശിച്ചത്. എന്നാല്‍ നോമ്പെടുക്കലും ഇഫ്താര്‍ വിരുന്നും വിദ്യാര്‍ഥിനികള്‍ സ്വയം എടുത്ത തീരുമാനമാണെന്നുള്ള നിലപാടില്‍ സ്കൂള്‍ അധികൃതര്‍ ഉറച്ചു നിന്നതോടെ രംഗം ശാന്തമായി.
വൈകീട്ട് നാലോടെ കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംഭവം വിവാദമായതോടെ ഗവ. സര്‍വന്റ്സ് കോഓപറേറ്റീവ് സൊസൈറ്റി ഉദ്ഘാടനത്തിന് ചിറ്റൂരിലെത്തിയ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും സ്കൂളിലെത്തി. പ്രശ്നങ്ങളൊന്നും പരാമര്‍ശിക്കാതെ വിദ്യാര്‍ഥിനികളോട് സൗഹൃദ സംഭാഷണം നടത്തി മന്ത്രി മടങ്ങി.