നാണ്യവിളകളുടെ വ്യാപാരകേന്ദ്രമായ കൊച്ചി ഇനി വാണിജ്യനഗരമെന്ന് അറിയപ്പെടും: പ്രധാനമന്ത്രി

0
104

നാണ്യവിളകളുടെ വ്യാപാരകേന്ദ്രമായ കൊച്ചി ഇനി വാണിജ്യനഗരമെന്ന് അറിയപ്പെടുമെന്ന് പ്രധാനന്ത്രി നരേന്ദ്രമോഡി. കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവേയാണ് കൊച്ചിയെ പുകഴ്ത്തി പ്രധാനമന്ത്രി സംസാരിച്ചത്.

കേരളത്തിന്റെ സ്വന്തം കൊച്ചിക്ക് മികച്ച ദിനങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. സ്മാര്‍ട്ട് സിറ്റി പട്ടികയിലെ ആദ്യ റൗണ്ടില്‍ കൊച്ചിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണ് മെട്രോയുടെ കോച്ചുകള്‍. ഇന്ത്യന്‍ നിര്‍മിത വസ്തുക്കള്‍ ഉപയോഗിച്ച് ചെന്നൈയിലെ അല്‍സ്റ്റോമാണ് അവ നിര്‍മിച്ചത്. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പ്രത്യേക ശ്രദ്ധയാണ് കേന്ദ്രം പ്രകടിപ്പിക്കുന്നത്. രാജ്യത്തെ 50 നഗരങ്ങള്‍ മെട്രോ തുടങ്ങാന്‍ തയാറെടുക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.