പനി മരണങ്ങൾക്കെതിരെ നടപടിയെടുക്കാതെ സർക്കാർ ഉറക്കം തൂങ്ങുന്നു : സി.പി.ജോൺ

0
114

സംസ്ഥാനത്ത് പനി മരണങ്ങൾ 100 കവിഞ്ഞിട്ടും നടപടിയെടുക്കാതെ സംസ്ഥാന സർക്കാർ ഉറക്കം തൂങ്ങുകയാണെന്ന് സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോൺ. പനി ബാധിതരായി നൂറിലധികം പേർ മരിച്ചു എന്നത് ഔദ്യോഗിക കണക്ക് അനൌദ്യോഗികമായി ഈ കണക്ക് എത്രയോ കൂടുതൽ വരും. സംസ്ഥാന സർക്കാരിന്റെ ഈ ഉറക്കം തൂങ്ങലിൽ പ്രതിഷേധിച്ച് ജൂൺ 24 ന് ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സിഎംപി മാർച്ച് നടത്തുമെന്നും സി.പി.ജോൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പനി മരണങ്ങൾ സംസ്ഥാനത്ത് തുടർക്കഥയാകുന്ന അവസ്ഥയിൽ പനി ബാധിത മരണങ്ങൾക്ക് സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. കാരണം ശുചീകരണ പ്രവർത്തനങ്ങൾ നിലച്ചതും, മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തതും കാരണമാണ് കേരളത്തിൽ പനിയും പനി മരണങ്ങളും പടരാൻ കാരണമായത്. അതിനാൽ സംസ്ഥാന സർക്കാരിന് നഷ്ട പരിഹാരം നൽകാൻ ബാധ്യതയുണ്ട്. സി.പി.ജോൺ പറഞ്ഞു.
പനി വന്നിട്ട് നീണ്ടു പോയത് കാരണം ഒട്ടനവധി പേർക്ക് ജോലിനഷ്ടം വന്നിട്ടുണ്ട്. അവർക്കും നഷ്ടപരിഹാരം നൽകണം. സി.പി.ജോൺ ആവശ്യപ്പെട്ടു. പനി മരണങ്ങൾ കൂടിയത് നിയന്ത്രിക്കാൻ സർക്കാർ ഒരു മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കണമായിരുന്നു. പക്ഷെ ഇതുവരെ അത് ചെയ്യാൻ സർക്കാർ തയ്യാറായില്ല. ഇത് പനിമരണങ്ങൾക്ക് നേരെയുള്ള സർക്കാർ മനോഭാവം വ്യക്തമാക്കുന്നു.
പനി ബാധിക്കുന്നത് തടയാൻ പഞ്ചായത്ത്-വാർഡ് തലത്തിൽ സർക്കാർ മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കണം. എന്നിട്ട് നടപടികൾക്ക് ഒരു ഏകീകൃത രൂപം നൽകണം. പക്ഷെ ഇന്നേവരെ അതിനു സർക്കാർ തയ്യാറായിട്ടില്ല. ഇത് സർക്കാർ അലംഭാവം വ്യക്തമാക്കുന്നു. ഇങ്ങിനെ ഓൾ പാർട്ടി യോഗം വിളിക്കണമെങ്കിൽ മുഖ്യമന്ത്രി മുൻകൈ എടുക്കണം
. മുഖ്യമന്ത്രി മുൻകൈ എടുക്കാത്തതിനാലാണ് മന്ത്രിസഭാ ഉപസമിതി രൂപവത്ക്കരണവും, പഞ്ചായത്ത്-വാർഡ് തലത്തിലുള്ള യോഗങ്ങളും നടക്കാത്തത്. പനി ചികിത്സ മാത്രം ലക്ഷ്യം വെച്ച് കൂടുതൽ താത്കാലികപനി ആശുപത്രികൾ സർക്കാർ അടിയന്തിരമായി ആരംഭിക്കണം. ആ ആശുപത്രികളിൽ പനി ബാധിതർക്ക് ചികിത്സ ലഭ്യമാക്കുകയും വേണം. സി.പി.ജോൺ ആവശ്യപ്പെട്ടു.