പാലക്കാട് കോച്ച് ഫാക്ടറി : ഗൂഡാലോചനയും വഞ്ചനയും മണക്കുന്നുവെന്ന് എം.ബി രാജേഷ് എം.പി

0
102

എവിടെയോ ഒരു ഗൂഡാലോചനയും വഞ്ചനയും മണക്കുന്നു. പാലക്കാട് കോച്ച് ഫാക്ടറി ഹരിയാനയിലെ സോനെപേട്ടിലെക്ക് മാറ്റാനുള്ള അട്ടിമറി നീക്കം സംശിക്കേണ്ടിയിരിക്കുന്നു.
2008 ലെ ബജറ്റിൽ പാലക്കാട് കോച്ച് ഫാക്ടറി പ്രഖ്യാപിച്ച ഉടൻതന്നെ അന്നത്തെ ഇടതു മുന്നണി സർക്കാർ സ്ഥലമേറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോയി. ആദ്യഘട്ടത്തിൽ ചില തർക്കങ്ങൾ ഉയർന്നു വന്നിരുന്നെങ്കിലും ജില്ലാ ഭരണകൂടവും പിന്നീട്എം.പി.യെന്ന നിലയിൽ ഞാനും നിരന്തരമായി നടത്തിയ ചർച്ചകളിലൂടെ തർക്കങ്ങളില്ലാതാക്കി വേഗത്തിൽ തന്നെ റെയിൽവേക്കാവശ്യമായ ഭൂമി ഏറ്റെടുത്തു നൽകുകയുണ്ടായി. 2012 ൽ കോട്ടമൈതാനത്ത് വച്ച് തറക്കല്ലുമിട്ടു. പിന്നെ റെയിൽവേ ആ ഭൂമി സംസ്ഥാനസർക്കാരിൽ നിന്ന് വിലക്ക് വാങ്ങി. എന്നാൽ യു.പി.എ സർക്കാർ വാഗ്ദാനം ലംഘിച്ച് കേരളത്തെ വഞ്ചിക്കുകയായിരുന്നു. സ്വകാര്യ പങ്കാളിയെ കണ്ടെത്താൻ യു.പി.എ. സർക്കാരിന് കഴിയാതെ വന്നപ്പോൾ ഞാൻ മുൻകയ്യെടുത്ത് സെയിൽ (സ്റ്റീൽ അതോറിട്ടി ഓഫ് ഇന്ത്യ) മായി ചർച്ച നടത്തുകയും അവർ പണം മുടക്കാൻ തയ്യാറാണെന്ന് രേഖാമൂലം റെയിൽവെയെ അറിയിക്കുകയും കരട് പദ്ധതി നിർദ്ദേശം സമർപ്പിക്കുകയും ചെയ്തു. എന്നിട്ടും യു.പി.എ. സർക്കാർ അനങ്ങിയില്ല. ഭരണം മാറി മോദി സർക്കാർ അധികാരത്തിൽ വന്നപ്പോഴും ഞാൻ ശ്രമം തുടർന്നു. പ്രധാനമന്ത്രിയെ തന്നെ നേരിട്ടു കണ്ടു. ഇൻസ്ട്രുമെന്റേഷൻ ആകെ പൂട്ടാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ പാലക്കാട് യൂണിറ്റ് കേരളത്തിന് വിട്ടുതരണമെന്നും ബജറ്റിൽ പ്രഖ്യാപിച്ച കോച്ച് ഫാക്ടറി യാഥാർത്ഥ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രിയോട് നേരിട്ടാവശ്യപ്പെട്ടു. ഇൻസ്ട്രുമെന്റേഷൻ പാലക്കാട് യൂണിറ്റ് കേരളത്തിന് വിട്ടുതരാമെന്ന് സമ്മതിച്ച പ്രധാനമന്ത്രി പക്ഷേ, കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ ഒന്നും വിട്ടുപറയാൻ തയ്യാറായില്ല. പലതവണ റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിനെയും ഈ ആവശ്യവുമായി കണ്ടു. സ്വകാര്യ പങ്കാളിയെ കിട്ടാത്തതാണ് പ്രശ്നമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ സെയിൽ നേരത്തെ നൽകിയ വാഗ്ദാനം ഓർമ്മിപ്പിച്ചു. സെയിൽ ഇപ്പോഴും അതിന് തയ്യാറുണ്ടോ എന്നുറപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെടുകയും സെയിൽ തയ്യാറെങ്കിൽ റെയിൽവെയും സന്നദ്ധമാണെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു.. അതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ ഉരുക്ക് വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമാറിനെ ഞാൻ നേരിട്ടു കാണുകയും സ്റ്റീൽ സ്പെഷ്യൽ സെക്രട്ടറി അരുണ സുന്ദർ രാജ്, സെയിൽ അധികൃതർ എന്നിവരുമായി മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തുകയും സെയിലിന്റെ സഹകരണം വീണ്ടും ഉറപ്പാക്കുകയും ചെയ്തു. അക്കാര്യം റെയിൽവെ മന്ത്രിയെ അറിയിച്ചപ്പോൾ അദ്ദേഹം മൗനം പാലിക്കുകയായിരുന്നു. നോക്കാം, ചർച്ചചെയ്യാം എന്നെല്ലാമുള്ള ഒഴിവുകഴിവുകളായി പിന്നീട്. പാർലമെന്റിൽ പലതവണ ഇക്കാര്യം ഉന്നയിച്ചപ്പോഴും ഒഴിഞ്ഞുമാറുന്നതും അവ്യക്തവുമായ മറുപടികളാണ് വകുപ്പ് മന്ത്രി തന്നുകൊണ്ടിരുന്നത്. അനൗപചാരിക സംഭാഷണങ്ങളിൽ റെയിൽവെയുടെ ചില ഉന്നത ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞത്, റായ് ബറേലി കോച്ച് ഫാക്ടറി തന്നെ നഷ്ടത്തിലാണ്.ഇത്രയേറെ പുതിയ കോച്ചുകൾക്ക് ഡിമാന്റില്ല. അതുകൊണ്ട് പാലക്കാട് പദ്ധതി അത്ര അനായാസമല്ല എന്നൊക്കെയായിരുന്നു. എന്നാൽ മന്ത്രിയോ ഉന്നത് ഉദ്യോഗസ്ഥരോ ആരും പദ്ധതി നടക്കില്ല എന്ന് തുറന്നുപറയാൻ തയ്യാറായിട്ടുമില്ല.
ഈ ഒളിച്ചു കളിക്കിടെയാണ് ഹരിയാനയിലെ സോനപേട്ടിലെ ബാർഹി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ 600 കോടി രൂപ ചെലവിൽ കോച്ച് ഫാക്ടറി നിർമ്മിക്കാൻ നീക്കം നടക്കുന്നത്. ഹരിയാന സ്റ്റേറ്റ് ഇൻഡസ്ട്രീസ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ എം.ഡി. രാജശേഖർ വുന്ദ്രു ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കോർപ്പറേഷൻ 161.48 ഏക്കർ ഭൂമി ഈ പദ്ധതിക്ക് വേണ്ടി റെയിൽവെ മന്ത്രാലയത്തിന് പാട്ടത്തിന് കൊടുക്കാൻ തീരുമാനിച്ചു കഴിഞ്ഞു. 500 മുതൽ 700 വരെ കോച്ചുകളാണ് പ്രതിവർഷം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ഹരിയാന മുഖ്യമന്ത്രി ഖട്ടാർ ഭൂമി വിട്ടുകൊടുക്കാനുള്ള നിർദ്ദേശത്തിന് അനുമതി നൽകിയതായും അറിയുന്നു. റെയിൽവെ മന്ത്രാലയത്തിലെ ഉന്നതതല ഉദ്യോഗസ്ഥ സംഘം പദ്ധതിയുടെ വിശദാംശങ്ങൾ സംബന്ധിച്ചും ധാരണാ പത്രം ഒപ്പു വക്കുന്നത് സംബന്ധിച്ചും ഹരിയാനയിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട്. പാലക്കാട് വിഭാവനം ചെയ്തിരുന്നതും ഏകദേശം 600 കോടിയുടെ സമാന പദ്ധതിയായിരുന്നു. പാലക്കാട് 5 വർഷം മുമ്പ് റെയിൽവേക്ക് ഭൂമി കൈമാറുകയും തറക്കല്ലിടുകയും ചെയ്ത ശേഷമാണ് അതുപയോഗിക്കാതെ സോനാപേട്ടിൽ വേറെ ഫാക്ടറി നിർമ്മിക്കാനൊരുങ്ങുന്നത്. സോനാപേട്ടിലല്ല, എവിടെയും കോച്ച് ഫാക്ടറി നിർമ്മിക്കുന്നതിന് യാതൊരു വിരോധവുമില്ല. പക്ഷേ, അത് പാലക്കാട് കോച്ച് ഫാക്ടറി കടത്തിക്കൊണ്ടു പോകലാകരുത് എന്നേയുള്ളൂ. ഇപ്പോൾ, അതിനുള്ള ഗൂഢാലോചനയാണ് നടക്കുന്നത് എന്ന സംശയം ബലപ്പെടുകയാണ്. ( കോച്ചുകൾക്ക് ഡിമാന്റ് കുറവാണെന്നത് പാലക്കാട് ഫാക്ടറിക്ക് തടസ്സമാണ് എന്ന് പറയുമ്പോഴാണ് സോനാപേട്ടിൽ പുതിയതിനുള്ള നീക്കം റെയിൽവെ നടത്തുന്നത്). 80 ൽ പാലക്കാടിന് വാഗ്ദാനം ചെയ്യപ്പെട്ട കോച്ച് ഫാക്ടറി ഇന്ദിരാഗാന്ധി പഞ്ചാബിലെ കപൂർത്തലയിലേക്ക് കൊണ്ടുപോയ വഞ്ചനയെ ഓർമ്മിപ്പിക്കുന്നു ഇത്. ഈ വഞ്ചന കേരളത്തിന് പൊറുക്കാനാവില്ല. ശക്തമായി ചെറുത്തേ പറ്റൂ. ഉടൻ ഇക്കാര്യം കേന്ദ്രസർക്കാരിന്റെ മുന്നിലും വരുന്ന പാർലമെന്റ് സമ്മേളനത്തിലും ഉന്നയിക്കും. റെയിൽവേയുടെയും കേന്ദ്രസർക്കാരിന്റെയും ഈ വഞ്ചനയെ ചെറുക്കാൻ കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരുടെയും പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നു.