പുതുവൈപ്പ് എൽ.പി.ജി സംഭരണി: പ്രതിഷേധം പ്രധാനമന്ത്രിയുടെ മുന്നിലേക്ക്‌ എത്തിക്കാന്‍ ശ്രമം

0
100

എറണാകുളം പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപറേഷെൻറ നിർദിഷ്ട എൽ.പി.ജി സംഭരണി പദ്ധതിക്കെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സമരം ശക്തിപ്പെടുന്നു. വെള്ളിയാഴ്ച നഗരത്തിലടക്കം വിവിധയിടങ്ങളിൽ പൊലീസും സമരക്കാരും ഏറ്റുമുട്ടി. ലാത്തിച്ചാർജിൽ സ്ത്രീകളും കുട്ടികളുമടക്കം മുപ്പതോളം പേർക്ക് പരിക്കേറ്റു. അഞ്ഞൂറോളം സമരസമിതി പ്രവർത്തകർ അറസ്റ്റിലായി. ഇന്ന് കൊച്ചി മെട്രോ ഉദ്ഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രിയുടെ മുന്നിലേക്ക്‌ സമരത്തിന്‍റെ സന്ദേശം എത്തിക്കാന്‍ സമരക്കാര്‍ ശ്രമിക്കും എന്നാണു അറിവ്. ഇതേതുടര്‍ന്ന് പോലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ ഗോശ്രീ ഒന്നാം പാലം ഉപരോധിക്കാനാണ് ആദ്യം സമരസമിതി തീരുമാനിച്ചിരുന്നത്. സംഭരണി നിർമാണസ്ഥലത്ത് തൊഴിലാളികൾ എത്തിയെന്ന് അറിഞ്ഞതോടെ സമരക്കാർ രാവിലെ എട്ടോടെ പുതുവൈപ്പ് സെൻറ് സെബാസ്റ്റ്യൻസ് പള്ളി പരിസരത്തുനിന്ന് പ്രകടനമായി ഇവിടേക്കെത്തി. പൊലീസ് വലയം തീർത്തെങ്കിലും സമരക്കാർ തള്ളിക്കയറാൻ ശ്രമിച്ചതോടെ ലാത്തി വീശി.

ഉപരോധത്തിന് ശ്രമിച്ചതിന് സമരസമിതി നേതാക്കളെയും കണ്ടാൽ അറിയാവുന്നവരെയും ചേർത്ത് 300 പേർക്കെതിേര പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടികളെ സമരത്തിലേക്ക്‌ കൊണ്ടുവന്നതിനു ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ആറു കുട്ടികളുടെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തു. സി.ആർ. നീലകണ്ഠൻ ഉൾപ്പെടെ 150ഓളം പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിേഷധ സമരങ്ങളിൽ കുട്ടികളെ മറയാക്കുന്നത്‌ തെറ്റായ പ്രവണതയാണെന്നും ഇത് ബാലാവകാശനിയമത്തിന്റെ ലംഘനമായി കണക്കാക്കി കേസ് രജിസ്റ്റർ ചെയ്യുമെന്നും സിറ്റി ഡപ്യൂട്ടി പൊലീസ് കമീഷണർ യതീഷ് ചന്ദ്ര പറഞ്ഞു.