ബെംഗളൂരു നമ്മ മെട്രോ 42 കിലോമീറ്ററിൽ , രാഷ്ട്രപതി രാജ്യത്തിനു സമർപ്പിച്ചു

0
151

നമ്മ മെട്രോ ഒന്നാംഘട്ടത്തിലെ അവസാനകടമ്പയായ സംപിഗെ റോഡ്‌യെലച്ചനഹള്ളി പാത യാത്രാസജ്ജം. മെട്രോയുടെ ഉദ്ഘാടനം രാഷ്ട്രപതി പ്രണബ് മുഖർജി നിർവഹിച്ചു. ഞായറാഴ്ച മുതൽ പൊതുജനങ്ങൾക്കു തുറന്നുകൊടുക്കും. കേരളത്തിന്റെ ആദ്യ മെട്രോ കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അതേദിവസമാണു ബെംഗളൂരു മെട്രോയും ചരിത്രം കുറിച്ചത്. 12 കിലോമീറ്റർ വരുന്ന അവസാന ഭാഗമാണു പൂർത്തിയായത്. ബെംഗളുരുവിന്റെ നാലു ദിക്കുകളെയും ബന്ധിപ്പിച്ചു 42.3 കിലോമീറ്ററിൽ ഇനി മെട്രോ ഓടിത്തുടങ്ങും.

കഴിഞ്ഞയാഴ്ച സുരക്ഷാ പരിശോധന പൂർത്തിയാക്കിയ റൂട്ടിൽ സർവീസ് തുടങ്ങാൻ കമ്മിഷണർ ഫോർ മെട്രോ റെയിൽ സേഫ്റ്റി (സിഎംആർഎസ്) അനുമതി നൽകിയിരുന്നു. 11 വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ടാണു നമ്മ മെട്രോ ഒന്നാംഘട്ടം പൂർണതോതിൽ യാത്രാസജ്ജമാകുന്നത്. വടക്ക്-പടിഞ്ഞാറ് (പർപ്പിൾലൈൻ) ഇടനാഴിയിൽ പൂർണതോതിലും തെക്ക്‌വടക്ക് ഇടനാഴിയിൽ (ഗ്രീൻലൈൻ) ഭാഗികമായും ഇപ്പോൾ ട്രെയിൻ സർവീസുണ്ട്.

ഗ്രീൻലൈനിൽ തെക്ക് ഇടനാഴിയിൽപെട്ട യെലച്ചനഹള്ളി മുതൽ നാഷനൽ കോളജ് വരെ എട്ട് കിലോമീറ്റർ മേൽപാതയിൽ കഴിഞ്ഞ നവംബറിൽ പരീക്ഷണയോട്ടം പൂർത്തിയായിരുന്നു. എന്നാൽ ശേഷിച്ച നാലു കിലോമീറ്റർ ഭൂഗർഭപാതയുടെ നിർമാണം ഇഴഞ്ഞതാണ് ഒന്നാംഘട്ടം പൂർത്തീകരണം വൈകിയത്. പുതിയ പാതയിൽ പരമാവധി 80 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാനാണ് അനുമതി. 24.2 കിലോമീറ്റർ നീളമുള്ള ഗ്രീൻലൈനിൽ ഒരറ്റത്തുനിന്നു മറ്റേയറ്റം വരെ 45 മിനിറ്റുകൊണ്ടു ട്രെയിനിന് ഓടിയെത്താൻ സാധിക്കും.

കെആർ മാർക്കറ്റ്, ലാൽബാഗ്, മജസ്റ്റിക് തുടങ്ങി ബെംഗളൂരുവിലെ പ്രധാന സ്ഥലങ്ങൾ ഉൾപ്പെടുന്ന പാതയിലൂടെ ട്രെയിൻ ഓടിത്തുടങ്ങുന്നതോടെ ഇരട്ടിയിലേറെ യാത്രക്കാരെയാണു ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) പ്രതീക്ഷിക്കുന്നത്. നിലവിൽ ശരാശരി രണ്ടുലക്ഷം പേരാണു നമ്മ മെട്രോയിൽ ദിവസേന യാത്ര ചെയ്യുന്നത്. തിരക്കേറിയ സമയത്ത് മൂന്നു മിനിറ്റ് ഇടവേളയിൽ ട്രെയിൻ സർവീസ് ഉണ്ടെങ്കിലും മൂന്നു കോച്ചുള്ള ട്രെയിനിന്റെ നീളം കൂട്ടിയാലേ കൂടുതൽ യാത്രക്കാർക്കു സുഗമമായി യാത്ര ചെയ്യാനാവുകയുള്ളു.

6.7 കിലോമീറ്റർ നീളമുള്ള ബയ്യപ്പനഹള്ളി-എംജി റോഡ് (പർപ്പിൾ ലൈൻ) 2011 ഒക്ടോബർ 20നാണു ഉദ്ഘാടനം ചെയ്തത്. 2014 മാർച്ച് ഒന്നിനു സംപിഗെറോഡ്-പീനിയ ഇൻഡസ്ട്രി (ഗ്രീൻലൈൻ-9.9 കിലോമീറ്റർ), 2015 മേയ് ഒന്നിനു പീനിയഇൻഡസ്ട്രി-നാഗസന്ദ്ര (ഗ്രീൻലൈൻ -2.5 കിലോമീറ്റർ), 2016 നവംബർ 16ന് മൈസൂരു റോഡ്-മാഗഡി റോഡ് (പർപ്പിൾ ലൈൻ- 6.4 കിലോമീറ്റർ), 2016 ഏപ്രിൽ 30ന് എംജി റോഡ്-മാഗഡി റോഡ് (പർപ്പിൾ ലൈൻ- 4.8 കിലോമീറ്റർ) എന്നിവയുടെയും ഉദ്ഘാടനം നടന്നു. ആകെ 42.3 കിലോമീറ്ററാണു മെട്രോയുടെ നീളം. ഏഴു ഭൂഗർഭ സ്റ്റേഷനുകൾ ഉൾപ്പെടെ 40 സ്റ്റേഷനുകൾ. 13,845 കോടി രൂപയാണു നിർമാണച്ചെലവ്. പത്തുരൂപയാണ് മിനിമം ടിക്കറ്റു നിരക്ക്.