മൂന്നാറില്‍ ജൂലൈ ഒന്നിന് വീണ്ടും സര്‍വകക്ഷിയോഗം

0
113

മൂന്നാറിലെ കൈയേറ്റ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വീണ്ടും സര്‍വകക്ഷിയോഗം വിളിക്കുന്നു. സര്‍വകക്ഷിയോഗം വിളിക്കാന്‍ മുഖ്യമന്ത്രി റവന്യൂ മന്ത്രിക്ക് നിര്‍ദേശം നല്‍കി. ജൂലൈ ഒന്നിന് യോഗം വിളിക്കണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.

മൂന്നാറില്‍നിന്നും മന്ത്രി എം.എം.മണിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെകണ്ട് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുമ്പ് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന്റെ തീരുമാനങ്ങള്‍ സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടറാം അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് മൂന്നാറില്‍ നിന്നുമുള്ള സര്‍വകക്ഷി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കത്ത് നല്‍കിയിരുന്നു. മൂന്നാര്‍ പോലീസ് സ്റ്റേഷന് സമീപത്തെ 22 സെന്റ് സ്ഥലും കെട്ടിട്ടവും ഒഴിപ്പിക്കുന്നതിന് ശ്രീറാം വെങ്കിട്ടരാമന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടത്. എസ് രാജേന്ദ്രന്‍ എം.എല്‍.എ., കോണ്‍ഗ്രസ് നേതാവ് എ.കെ.മണി, സി.പി.ഐ. നേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ സി.എ. കുര്യന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ശ്രീറാമിനെ ദേവികുളം സബ്കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ഇടുക്കിയിലെ ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ യോഗം.