മെട്രോ ഉദ്ഘാടനം രാഷ്ട്രീയവല്‍ക്കരിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസ്

0
159

കൊച്ചി മെട്രോ ട്രെയിനിലെ യാത്രയിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവർണർക്കും ഒപ്പം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പങ്കെടുത്തത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതിയോടെ. പ്രധാനമന്ത്രിക്കൊപ്പം മെട്രോയിൽ യാത്രചെയ്യേണ്ടവരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനത്തിന് നൽകിയിരുന്നില്ല. മറ്റ് നാല് ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ പ്രോട്ടോകോൾ പട്ടിക സംസ്ഥാനത്തിന് നൽകി. ഇന്നലെ അര്‍ദ്ധ രാത്രിയാണ് കുമ്മനം പ്രധാനമന്ത്രിക്ക് ഒപ്പം യടഹ്ര ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് എറണാകുളം സിറ്റി പോലീസ് കമ്മീഷണറെ അറിയിച്ചത്. അപ്പോഴും വിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചതുമില്ല.

മെട്രോയിൽ യാത്രചെയ്യുന്നവരുടെ കാര്യത്തിൽ വാക്കാൽ അറിയിച്ച പട്ടികയിലും കുമ്മനത്തിന്റെ പേരുണ്ടായിരുന്നില്ല. ഏഴ് പേരുടെ കാര്യമാണ് വാക്കാൽ അറിയിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവർണർ പി.സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായ്ഡു, മുഖ്യമന്ത്രി പിണറായി വിജയൻ, മെട്രോമാൻ ഇ.ശ്രീധരൻ, കെഎംആർഎൽഎംഡി ഏലിയാസ് ജോർജ്, കേന്ദനഗരവികസന സെക്രട്ടറി എന്നിവരുടെ കാര്യമാണ് മെട്രോയിൽ യാത്രചെയ്യേണ്ടവരുടെ ലിസ്റ്റായി വാക്കാൽ അറിയിച്ചത്. എന്നാല്‍ കുമ്മനത്തിന്റെയും ഒ.രാജഗോപാലിന്റെയും പേരുകളാണ് ട്രെയിൻ യാത്രയിൽ ഉൾപ്പെടുത്തേണ്ടവരുടേതായി പിഎംഒ നൽകിയിരുന്നത്. അതും അര്‍ദ്ധ രാത്രി. കൊച്ചിയിൽ എത്തിച്ചേരാൻ സാധിക്കാത്തതിനാലാണ് രാജഗോപാലിന് യാത്രയിൽ പങ്കാളിയാകാൻ സാധിക്കാതെ പോയത്. എട്ടാമത്തെ ആളായി കുമ്മനം കൂടി ഇടംപിടിക്കുകയായിരുന്നു.

പ്രധാനമന്ത്രി മോദിക്കുള്ള വിമാനത്താവള സ്വീകരണത്തിന് സംസ്ഥാനം നൽകിയത് 10 പേരുടെ പേരുകളായിരുന്നു. അതിലും പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടല്‍ ഉണ്ടായി. എന്നാൽ 10 പേരുടെ പട്ടിക പരിഷ്‌കരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് 31 ആക്കി. അങ്ങനെയാണ് ബിജെപിയുടെ സംസ്ഥാനത്തെ പ്രധാനനേതാക്കള്‍ എല്ലാവരും തന്നെ മോദിയെ സ്വീകരിക്കാനെത്തിയത്. നേരത്തെ ഉദ്ഘാടന ചടങ്ങില്‍ ഏഴു പേരില്‍ കൂടുതല്‍ അനുവദിക്കാന്‍ പ്രോട്ടോക്കോള്‍ അനുവദിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവിനെയും ഒഴിവാക്കിയത് ന്യായീകരിച്ചത്. സ്വന്തം പാര്‍ട്ടിയുടെ കാര്യം വരുമ്പോള്‍ പ്രോട്ടോക്കോള്‍ ലംഘിക്കാവുന്നത് ആണോ എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടാണ് പ്രധാനമന്ത്രിയുടെ കന്നി മെട്രോ യാത്രയിലെ പ്രോട്ടോക്കോള്‍ ലംഘന ചര്‍ച്ച സജീവമാകുന്നത്.