രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിന് പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്യാൻ പറ്റില്ലേ? കുമ്മനം

0
1940


കൊച്ചി മെട്രോ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്തതിന്റെ പേരിൽ ഉയരുന്ന ആരോപണങ്ങൾ വസ്തുത അറിയാതെയുള്ളതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്യാൻ തനിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുവാദമുണ്ടായിരുന്നെന്നും കടകംപള്ളിയുടെ ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാനമന്ത്രിയോടൊപ്പം ആരൊക്കെ യാത്രചെയ്യണമെന്ന് തീരുമാനിക്കുന്നത് പ്രധാനമന്ത്രിയാണ്. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിന് പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്യാൻ പറ്റില്ലേ? പ്രധാനമന്ത്രിയുള്ള സ്ഥലത്ത് വെറുതെ ഒരാൾക്ക് പ്രവേശിക്കാൻ പറ്റില്ല. തനിക്ക് പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്യാൻ അനുവാദമുണ്ടെന്ന് എസ്പിജിയും പോലീസും അടക്കമുള്ളവർ അറിയിച്ചിരുന്നു. എന്റെ പേരുണ്ടോ എന്നു മാത്രം നോക്കിയാൽ മതിയല്ലോ. എന്റെ പേരുള്ളതുകൊണ്ടാണ് പോയത്. കേരള സർക്കാരിന്റെ വണ്ടിയിലാണ് ഞാൻ യാത്ര ചെയ്തത്- കുമ്മനം പറഞ്ഞു.

ആരുടെയും അനുവാദം കൂടാതെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങിൽ അതിക്രമിച്ചു കയറാൻ പറ്റുമെങ്കിൽ ഇവിടെ സുരക്ഷാ ക്രമീകരണങ്ങളില്ല എന്നാണ് അതിനർഥം. അങ്ങനെയാണെങ്കിൽ അതിന് ഉത്തരവാദി സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയുമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ തനിക്കെതിരെ വാസ്തവ വിരുദ്ധമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. മറ്റാർക്കെങ്കിലും സീറ്റ് കൊടുത്തോ നിഷേധിച്ചോ എന്ന കാര്യം അറിയില്ലെന്നും തനിക്ക് അനുവാദമുണ്ടോ എന്നു മാത്രമാണ് നോക്കിയതെന്നും അദ്ദേഹം പറഞ്ഞു.