പോലീസ് നടത്തിയ ആക്രമണത്തില്‍ ലഷ്കര്‍- ഇ തൊയ്ബ നേതാവ് ജുനൈദ് മാട്ടൂ കൊല്ലപ്പെട്ടു. അനന്ത്നാഗ് ജില്ലയില്‍ വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെ ഇത് സ്ഥിരീകരിച്ചുകൊണ്ടാണ് ജുനൈദിന്റേയും രണ്ട് കൂട്ടാളികളെയും മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തിയത്.
തെക്കന്‍ കശ്മീരിലെ അര്‍വാനിയില്‍ ജുനൈദും കൂട്ടാളികളും ഒളിച്ചിരുന്ന കെട്ടിടത്തിന് നേര്‍ക്ക് പോലീസ് നടത്തിയ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. മൃതദേഹങ്ങള്‍ക്കൊപ്പം ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. ജുനൈദ് കൊല്ലപ്പെട്ടുവെന്ന് വാര്‍ത്ത വന്നതിനെ തുടര്‍ന്ന് അനന്ത്നാഗില്‍ പോലീസ് വാഹനത്തിനു നേരെ ഇന്നലെ ആക്രമണമുണ്ടായി.
സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ ആറ് പോലീസുകാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സ്ഥിതിഗതികള്‍ വഷളായതോടെ ശ്രീനഗറിലും കശ്മീര്‍ താഴ്വരയിലും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വിഘടനവാദികള്‍ പ്രതിഷേധ സമരം നടത്തുന്നതിന്റെ ഭാഗമായാണ് കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.