വന്‍കരകളിലെ വമ്പന്മാരുടെ പോരാട്ടം ഇന്നുമുതൽ

0
136

ലോകകപ്പ്‌ ഫുട്ബോളിന്‍റെ ആരവത്തിലേക്ക് ലോക ജനതയെ കൈപിടിച്ച് ഉയര്‍ത്തുന്ന ഫിഫ കോണ്‍ഫഡറേഷന്‍ കപ്പിന് ഇന്ന് റഷ്യയില്‍ പന്തുരുളും. വൻകരകളിലെ വമ്പൻമാരുടെ പോരാട്ടമായ കോൺഫെഡറേഷൻസ് കപ്പിന് മോസ്‌കോയിലെ ലുഷ്‌നികി സ്റ്റേഡിയത്തിൽ തുടക്കമാകുന്നു. ലോകകപ്പിന് ഒരുവർഷത്തിൽ താഴെമാത്രം ശേഷിക്കെ തങ്ങളുടെ ഒരുക്കങ്ങള്‍ ലോകത്തിനു മുന്നില്‍ റഷ്യക്ക് തെളിയിക്കാനുള്ള അവസരമാണിത്. എട്ട് ടീമുകൾ പങ്കെടുക്കും. ആകെ നോക്കിയാൽ 30 രാജ്യങ്ങളിലെ 118 ക്‌ളബ്ബുകളിൽ കളിക്കുന്ന കളിക്കാരുടെ മേള.

എട്ട് ടീമുകൾ രണ്ട് ഗ്രൂപ്പാകും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിലേക്ക് മുന്നേറും. 28നും 29നും ആണ് സെമി മത്സരങ്ങൾ. ജൂലൈ രണ്ടിനാണ് ഫൈനൽ. അന്നുതന്നെ മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരവും നടക്കും.ഓരോ മേഖലയിലെയും ചാമ്പ്യൻമാർക്കൊപ്പം ലോകകപ്പ് ജേതാക്കളും ആതിഥേയരും ഉൾപ്പെട്ടതാണ് കോൺഫെഡറേഷൻ കപ്പ്. 10-ാം പതിപ്പാണിത്. ജർമനി (ലോകകപ്പ് ജേതാക്കൾ), ചിലി (ലാറ്റിനമേരിക്ക), പോർച്ചുഗൽ (യൂറോപ്പ്), ഓസ്‌ട്രേലിയ (ഏഷ്യ), കാമറൂൺ (ആഫ്രിക്ക), ന്യൂസിലൻഡ് (ഓഷ്യാനിയ), മെക്‌സിക്കോ (കോൺകാകാഫ്), റഷ്യ (ആതിഥേയർ) എന്നിവയാണ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്. യൂറോപ്പിൽനിന്ന് ഒരേസമയം മൂന്ന് ടീമുകൾ ഉൾപ്പെട്ടു. റഷ്യയും പോർച്ചുഗലും ജർമനിയും. ഇതാദ്യമാണ് ഒരേ മേഖലയിൽനിന്ന് മൂന്നു ടീമുകൾ ടൂർണമെന്റിൽ കളിക്കുന്നത്.

മെക്‌സിക്കോ മാത്രമേ ഇതിനുമുമ്പ് കിരീടം നേടിയിട്ടുള്ളൂ. മെക്‌സിക്കോ ഏഴാം തവണയാണ് കോൺഫെഡറേഷൻസ് കപ്പിനെത്തുന്നത്. ഓസ്‌ട്രേലിയ, കാമറൂൺ ടീമുകൾ ഓരോതവണ രണ്ടാം സ്ഥാനക്കാരായിട്ടുണ്ട്. ജർമനി ഒരുതവണ മൂന്നാം സ്ഥാനം നേടി. നാലുതവണ കിരീടംചൂടിയ ബ്രസീലിന്റെ പേരിലാണ് റെക്കോഡ്. ഗ്രൂപ്പ് ബിയിലാണ് ജർമനി.

ലോകകപ്പ് ചാമ്പ്യൻമാരായ ജർമനിക്ക് ഇത്തവണ യുവനിരയാണ്. പിഎസ്ജി താരം ജൂലിയൻ ഡ്രാക്സ്ലർ ആണ് ടീമിലെ പരിചയസമ്പന്നൻ. ജോഷ്വ കിമ്മിച്ച്, ടിമോ വെർണെർ, നിക്‌ളാസ് സുലെ, ജൂലിയൻ ബ്രാൻഡ്റ്റ് എന്നിവരാണ് ജർമൻ യുവനിരയിലെ ശ്രദ്ധേയ കളിക്കാർ. അടുത്തവർഷത്തെ ലോകകപ്പിനുള്ള മികച്ച കളിക്കാരെ കണ്ടെത്തൽകൂടിയാണ് ജർമനിക്ക് ഈ വേദി. യുവനിരയാണെങ്കിലും സാധ്യതയിൽ മുമ്പിലാണ് ജർമനി. ഗ്രൂപ്പ് ബിയിലാണ് ജർമനി. കാമറൂൺ, ചിലി, ഓസ്‌ട്രേലിയ ടീമുകളും ബി ഗ്രൂപ്പിലുണ്ട്. 19ന് ഓസ്‌ട്രേലിയയുമായാണ് ജർമനിയുടെ ആദ്യ മത്സരം.

യൂറോ ചാമ്പ്യൻമാരായ പോർച്ചുഗലിന്റെ ആദ്യ കോൺഫെഡറേഷൻസ് കപ്പ് പ്രവേശമാണിത്. ഏറ്റവും മികച്ച നിരയാണ് പോർച്ചുഗലിന്റേത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യമാണ് ടീമിന്റെ കരുത്തും ആവേശവും. യൂറോ കപ്പ് നേടിയ ടീമിൽ വലിയ മാറ്റങ്ങളൊന്നുമില്ല. ഏദെറും റെനാറ്റോ സാഞ്ചെസും ഒഴിവാക്കപ്പെട്ടു. ഗ്രൂപ്പ് എയിലാണ് പോർച്ചുഗൽ. ആദ്യകളി നാളെ മെക്‌സിക്കോയുമായി.

കോൺകാകാഫിലെ മിന്നുന്ന പ്രകടനവുമായാണ് മെക്‌സിക്കോ ടൂർണമെന്റിനെത്തുന്നത്. ലോകകപ്പ് മത്സരങ്ങളിൽ മികച്ച പ്രകടനമാണ് അവരുടേത്. ഹാവിയർ ഹെർണാണ്ടസിന്റെ ഗോളടിമികവിൽ സെമി ഉറപ്പിക്കാമെന്ന് മെക്‌സിക്കോ കണക്കുകൂട്ടുന്നു.ആഫ്രിക്കൻ നേഷൻസ് കപ്പ് ചാമ്പ്യൻമാരായ കാമറൂൺ അട്ടിമറിക്ക് കെൽപ്പുള്ള സംഘമാണ്. സ്പാനിഷ് ക്‌ളബ് സെവിയ്യയുടെ ഗോളിയായ ഫാബ്രിസെ ഒൻഡോയയാണ് ടീമിലെ പ്രധാന കളിക്കാരൻ. മികച്ച പ്രതിരോധമാണ് ആഫ്രിക്കൻ ചാമ്പ്യൻമാരുടെ കരുത്ത്. ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ ചിലി ഇപ്പോൾ മികച്ച പ്രകടനത്തിലല്ല. സന്നാഹമത്സരത്തിൽ റുമേനിയയോട് തോറ്റു. അർട്യൂറോ വിദാൽ, അലെക്‌സി സാഞ്ചെസ്, ചാൾസ് അരാൻഗ്വിസ് എന്നീ വമ്പൻമാരുൾപ്പെട്ട സംഘം കപ്പടിക്കാൻ കെൽപ്പുള്ളവരാണ്.

ആതിഥേയരായ റഷ്യ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. പല മുൻനിരതാരങ്ങളും കളമൊഴിഞ്ഞു. പുതിയ പരിശീലകൻസ്റ്റാനിസ്‌ളാവ് ചെർകെസോവിനുകീഴിൽ യുവതാരങ്ങൾ ഉയർന്നുവന്നു. മുന്നേറ്റക്കാരൻ ഫെദെർ സ്‌മോലൊവിൽ റഷ്യ പ്രതീക്ഷിക്കുന്നു. ഇന്ന് ന്യൂസിലൻഡിനെ കീഴടക്കി മികച്ച തുടക്കംകുറിക്കാമെന്ന് ആത്മവിശ്വാസമുണ്ട് റഷ്യക്ക്. ന്യൂസിലൻഡിന്റെ നാലാം കോൺഫെഡറേഷൻസ് കപ്പാണിത്. ഓഷ്യാനിയ ചാമ്പ്യൻമാർക്ക് മുന്നേറ്റത്തിൽ മികച്ച കളിക്കാരുണ്ട്. റ്യാൻ തോമസ്, മാർകോ റോജാസ് എന്നിവരാണ് മുന്നേറ്റത്തിൽ.