വില്ലേജ് ഓഫീസിന് സ്ഥലം: ദേവികുളം സബ്കലക്ടര്‍ക്കെതിരേ സര്‍വകക്ഷി സംഘം

0
99

മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ വീണ്ടും ചര്‍ച്ചയാക്കുകയും സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കുവരെ കാര്യങ്ങള്‍ എത്തിച്ച ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടറാമിനെതിരേ ഇത്തവണ സര്‍വകക്ഷി സംഘത്തിന്റെ നീക്കം. രാഷ്ട്രീയം മാറ്റിവച്ചാണ് സബ്കലക്ടര്‍ക്കെതിരേ നീക്കം നടക്കുന്നത്.

കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തിന്റെ തീരുമാനങ്ങള്‍ സബ്കലക്ടര്‍ അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് മൂന്നാറില്‍ നിന്നുമുള്ള സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കത്ത് നല്‍കി. മൂന്നാര്‍ പോലീസ് സ്റ്റേഷന് സമീപത്തെ 22 സെന്റ് സ്ഥലും കെട്ടിട്ടവും ഒഴിപ്പിക്കുന്നതിന് ശ്രീറാം വെങ്കിട്ടരാമന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടത്. എസ് രാജേന്ദ്രന്‍ എം.എല്‍.എ., കോണ്‍ഗ്രസ് നേതാവ് എ.കെ.മണി, സി.പി.ഐ. നേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ സി.എ. കുര്യന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ശ്രീറാമിനെ ദേവികുളം സബ്കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ഇടുക്കിയിലെ ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.

മൂന്നാര്‍ വില്ലേജ് ഓഫീസ് നിര്‍മിക്കുന്നതിനായി പോലീസ് സ്റ്റേഷന് സമീപത്തെ 22 സെന്റ് സ്ഥലം കണ്ടുകെട്ടാന്‍ സബ്കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഇത് 12 വര്‍ഷമായി സ്വകാര്യ വ്യക്തി കൈവശം വച്ചിരിക്കുന്ന ഭൂമിയാണ്. 1948 മുതല്‍ ഡിസ്റ്റിലറിക്കായി സംസ്ഥാന സര്‍ക്കാര്‍ വിട്ടുനല്‍കിയ ഭൂമിയാണിതെന്നും 1996ല്‍ എ.കെ.ആന്റണി സര്‍ക്കാര്‍ ചാരായം നിരോധിക്കുന്നത് വരെ ഈ സ്ഥലം ചില അബ്കാരികളുടെ കൈവശമായിരുന്നെന്നും കത്തില്‍ സംഘം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കന്‍ നടപടിയുമായി മുന്നോട്ട് പോകുന്നത് എന്നാണ് മൂന്നാറിലെ റവന്യു ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. മുഖ്യമന്ത്രി വിളിച്ചുക്കൂട്ടിയ യോഗത്തിലെ ധാരണകള്‍ ലംഘിച്ചിട്ടില്ല. കുടിയേറ്റ കര്‍ഷകര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. പത്ത് സെന്റിന് താഴെയുള്ള ഭൂമി കൈയേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നു. റവന്യൂ മന്ത്രിയുടെ പിന്തുണ സബ്കലക്ടര്‍ക്ക് ഉണ്ടെങ്കിലും സ്വന്തം പാര്‍ട്ടിയിലെ നേതാവുതന്നെ സബ്കലക്ടര്‍ക്കെതിരേ തിരിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ശ്രീറാമിന്റെ കാര്യത്തില്‍ മന്ത്രി എന്തു തീരുമാനമാകുമെടുക്കുകയെന്നത് ശ്രദ്ധേയമാകും.