വെളിച്ചെണ്ണ ആരോഗ്യത്തെ നശിപ്പിക്കുന്നുവെന്ന് കണ്ടെത്തല്‍

0
208

വെളിച്ചെണ്ണയില്‍ വറുത്തു കോരുന്ന ഉപ്പേരിയും, മത്സ്യ-മാംസാഹാരങ്ങളും ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്? എന്നാല്‍ ഇനി വെളിച്ചെണ്ണ ഉപയോഗിക്കുന്നത് സൂക്ഷിച്ചു മാത്രം മതി. കാരണം വെളിച്ചെണ്ണ ആരോഗ്യത്തിനു ഹാനികരമാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണോ അല്ലെയോ എന്നുള്ള സംശയം നിലനിന്നിരുന്ന സാഹചര്യത്തിലും, കേരളത്തിലുള്ളവര്‍ ഇതൊരു ആരോഗ്യപരമായ ഭക്ഷണമെന്ന രീതിയില്‍ വര്‍ഷങ്ങളായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വെളിച്ചെണ്ണ ആരോഗ്യത്തിനു ഹാനികരമാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ (എഎച്ച്എ) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. വെളിച്ചെണ്ണയിലെ കൊഴുപ്പ് മറ്റ് കൊഴുപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ശരീരത്തിന് ദോഷകരമല്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും നാളും വെളിച്ചെണ്ണ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്താന്‍ കൃത്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല എന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യത്തിന് ഹാനീകരമായ തരത്തിലുള്ള പൂരിത കൊഴുപ്പ് 82 ശതമാനമാണ് വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്നത്. മാംസാഹാരങ്ങള്‍ക്കൊപ്പം ഇത്തരത്തില്‍ പൂരിതകൊഴുപ്പ് കൂടുതല്‍ അടങ്ങിയ വെളിച്ചെണ്ണയും കൂടിചേരുമ്പോള്‍ ശരീരത്തിലെ ആരോഗ്യത്തിന് ഹാനീകരമായ കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണമാകും. വെളിച്ചെണ്ണയ്ക്കു പകരമായി ഒലിവെണ്ണയോ, സൂര്യകാന്തി എണ്ണയോ ഉപയോഗിക്കുന്നതാണ് നല്ലതെന്നും എഎച്ച്എ നിര്‍ദേശിക്കുന്നു.