വ്യാജരേഖ ചമച്ച് വായ്പാ തട്ടിപ്പ് : ഇമ്മാനുവല്‍ സില്‍ക്സിന് എതിരെ സിബിഐ കേസ്

0
118

വ്യാജരേഖ ചമച്ച് വായ്പാ തട്ടിപ്പു നടത്തിയെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയിൽ തൃശൂരിലെ ഇമ്മാനുവൽ സിൽക്സ് ഉടമകൾക്കെതിരെ സി ബി ഐ കേസെടുത്തു. ഇ്മ്മാനുവൽ സിൽക്സ് മാനേജിംഗ് ഡയറക്ടർ ടി ഒ ബൈജു, പാർട്ടണർമാരായ ടി ഒ ഷാജു, ടി ഒ ജിജു, മാതാവ് ആനി ഔസേഫ് എന്നിവർക്കെതിരെയാണ് സി ബി ഐ പ്രഥമ വിവര റിപ്പോർട്ട് സമർപ്പിച്ചത്. എസ് ബി ഐ തൃശൂർ റീജനൽ മാനേജരുടെ പരാതിയിലാണ് നടപടി.
ബാങ്കിലെ 90 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപവും ഈരാറ്റുപേട്ടയിലെ 121.05 ഏക്കർ ഭൂമിയും ഈടു നൽകിയാണ് ഇമ്മാനുവൽ സിൽക്സ് ഉടമകൾ ബാങ്കിൽ നിന്ന് 100 ലക്ഷം രൂപ വായ്പയെടുത്തത്. എന്നാൽ വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ പലിശയും പലിശയുടെ പലിശയുമായി തിരിച്ചടവ് സംഖ്യ 441 ലക്ഷം രൂപയായി. വായ്പാ കുടിശിക തിരിച്ചുപിടിക്കുന്നതിന് വസ്തുജപ്തി ചെയ്യുന്നതിന് കഴിഞ്ഞ വർഷം ബാങ്ക് നടപടി ആരംഭിച്ചപ്പോഴാണ്
ഈരാറ്റുപേട്ടയിലെ ഭൂമി ബാങ്കിൽ നൽകിയ രേഖകളിലുള്ള ഭൂമിയല്ലെന്ന് കണ്ടെത്തിയത്. തുടർന്നാണ് എസ് ബി ഐ സി ബി ഐക്ക് പരാതി നൽകാൻ തീരുമാനിച്ചത്.
ഇമ്മാനുവൽ സിൽക്സ് ഇടപ്പള്ളി ജംഗ്ഷനിൽ 2011ൽ ഷോറൂം തുറന്നത് കോടിക്കണക്കിന് രൂപ വാരിയെറിഞ്ഞായിരുന്നു. ബോളിവുഡിലെ താരരാജാവ് ഷാരൂഖ് ഖാനെയാണ് ഉദ്ഘാടകനായി കൊണ്ടുവന്നത്. എന്നാൽ വേണ്ടത്ര ബിസിനസ് ലഭിക്കാതെ ഇ്മ്മാനുവൽ സിൽക്സ് കനത്ത നഷ്ടത്തിലായി അടച്ചുപൂട്ടി. വൻതോതിൽ റിയൽ എസ്റ്റേറ്റിന് പണമിറക്കിയതാണ് ഇവർക്ക് വലിയ തിരിച്ചടിയായത്.