അവസാന വിസിലിന് മുന്‍പ് പോര്‍ച്ചുഗലിനെ തളച്ച് മെക്സിക്കോ

0
92

അവസാന നിമിഷ ഗോളിൽ പോർച്ചുഗലിന്റെ ചുണ്ടിൽ നിന്ന് വിജയം തട്ടിത്തെറിപ്പിച്ചു മെക്സിക്കോ ചാമ്പ്യന്മാരുടെ പോരാട്ടത്തില്‍ വിലപെട്ട ഒരു പോയിന്റ് കവര്‍ന്നു.  കോൺഫെഡറേഷൻസ് കപ്പ് ഫുട്ബോളിന്റെ രണ്ടാം മത്സരത്തിൽ 2-2 എന്ന സ്‌കോറിലാണ് കോൺക്കാക്കാഫിന്റെ പ്രതിനിധിയായ മെക്സിക്കോ യൂറോപ്പ്യൻ ചാമ്പ്യന്മാരായ പോർച്ചുഗലിനെ തളച്ചത്.

ഒന്നാം പകുതിയിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. 34-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോയുടെ സ്വപ്നതുല്ല്യമായ ഒരു പാസിൽ നിന്ന് റിക്കാർഡോ ക്വരെസ്മയാണ് പോർച്ചുഗലിന് ലീഡ് നൽകിയത്. പെപ്പെയുടെ ഒരു ഗോൾ റഫറി അനുവദിക്കാതിരുന്നതിനുശേഷമായിരുന്നു ഈ ഗോൾ.വലതു ബോക്സിൽ നിന്ന് രണ്ട് പ്രതിരോധക്കാരുടെ ഇടയിലൂടെ ചെത്തിക്കൊടുത്ത പന്ത് നെറ്റിലേക്ക് ഒന്ന് തട്ടിയിടേണ്ട പണിയേ ഉണ്ടായിരുന്നുള്ളൂ ബാല്യകാല സുഹൃത്ത് ക്വരെസ്മയ്ക്ക്. സ്പോർട്ടിങ് ലിസ്ബണിൽ കുട്ടിക്കാലത്ത് ഒന്നിച്ച് കളിച്ചുവളർന്നവരാണ് ക്രിസ്റ്റിയാനോയും ക്വരെസ്മയും.

എന്നാൽ, പോർച്ചുഗലിന്റെ ഈ സന്തോഷം ഏറെ നേരം നീണ്ടുനിന്നില്ല. 42-ാം മിനിറ്റിൽ ഹാവിയർ ഹെർണാണ്ടസിലൂടെ മെക്സിക്കോ തിരിച്ചടിച്ചു. ഹെഡ്ഡറിലൂടെയായിരുന്നു ബയർ ലെവർക്യുസൻ താരത്തിന്റെ ഗോൾ. മെക്സിക്കോയ്ക്കുവേണ്ടിയുള്ള 48-ാം ഗോൾ.ഇരു ടീമുകളും ഗോളിനായി പൊരുതുന്നതിനിടെ 86-ാം മിനിറ്റിൽ സെഡ്രിക്കാണ് പോർച്ചുഗലിനുവേണ്ടി വിജയഗോൾ വലയിലാക്കിയത്.പോർച്ചുഗൽ വിജയം ഏതാണ്ട് ഉറപ്പിച്ചുനിൽക്കെ തൊണ്ണൂറാം മിനിറ്റിൽ ഹെക്ടർ മൊരേനൊയാണ് മെക്സിക്കോയുടെ സമനില ഗോൾ നേടിയത്.