ഇന്ത്യക്ക് മുന്നില്‍ റെക്കോര്‍ഡ് റണ്‍ചേസ്

0
140

ചാമ്പ്യന്‍സ് ട്രോഫി നിലനിര്‍ത്താന്‍ ഇറങ്ങിയ ഇന്ത്യയെ കാത്തിരിക്കുന്നത് റെക്കോര്ഡ് റണ്‍ ചേസ്. നാലിന് 338 റണ്‍സ് എന്ന വമ്പന്‍ സ്കോര്‍ ആണ് പാക് ബാറ്റ്സ്മാന്മാര്‍ ഇന്ത്യയ്ക്ക് മുന്നില്‍ ഉയര്‍ത്തിയത്‌. ഏകദിനത്തിലെ കന്നി സെഞ്ചുറി കണ്ടെത്തിയ ഫഖര്‍  സമാനും അര്‍ദ്ധ ശതകം തികച്ച അസര്‍ അലിയും (59), പുറത്താകാതെ 59 റണ്‍സ് എടുത്ത വെറ്ററന്‍ താരം മുഹമ്മദ്‌ ഹഫീസും 46 റണ്‍സ് എടുത്ത ബാബര്‍ അസമും ആണ് പാകിസ്ഥാന് മികച്ച സ്കോര്‍ സമ്മാനിച്ചത്‌. ഭുവനേശ്വര്‍ കുമാറും ഹര്‍ദിക് പാണ്ട്യയും മാത്രമാണ് ഇന്ത്യന്‍ ബൌളര്‍മാരില്‍ റണ്‍ നിയന്ത്രിച്ചു പന്തെറിഞ്ഞത്.

ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി, പാക്കിസ്ഥാനെതിരെ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കിരീടം നിലനിർത്താൻ ഇന്ത്യ ഇറങ്ങുന്ന ഇന്ത്യ, സെമിയിൽ ബംഗ്ലദേശിനെതിരെ വിജയം നേടിയ ടീമിനെ നിലനിർത്തി. അതേസമയം, കന്നിക്കിരീടം ഉന്നമിടുന്ന പാക്ക് നിരയിൽ കഴിഞ്ഞ മൽസരത്തിൽ പുറംവേദന മൂലം പുറത്തിരുന്ന മുഹമ്മദ് ആമിർ തിരിച്ചെത്തി. കഴിഞ്ഞ മൽസരത്തിലൂടെ ഏകദിന അരങ്ങേറ്റം കുറിച്ച റുമ്മൻ റയീസാണ് ആമിറിനായി വഴിമാറിയത്. ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവർ മെയ്ഡനായി. ജസ്പ്രീത് ബുംറയുടെ രണ്ടാം ഓവറിൽ പാക്കിസ്ഥാന് മൂന്നു റൺസ് മാത്രമാണ് പിറന്നത്‌. അഞ്ചാം ഓവര്‍ പിന്നിടുമ്പോള്‍ പാക്കിസ്ഥാൻ വിക്കറ്റ് നഷ്ടം കൂടാതെ 27 റൺസെന്ന നിലയിൽ ആയിരുന്നു. പാക്ക് നിരയിലെ അപകടകാരിയായ ഫഖർ സമാനെ നാലാം ഓവറിന്റെ ആദ്യ പന്തിൽ ബുംറ മടക്കിയെങ്കിലും പന്ത് നോബോളായി. ഇന്ത്യയുടെ നിർഭാഗ്യം.

15 ഓവര്‍ പിന്നിടുമ്പോള്‍  ഓപ്പണർമാരായ ഫഖാർ സമാനും അസഹർ അലിയും നിലയുറപ്പിച്ചതോടെ പാക്കിസ്ഥാന് ഇന്ത്യയ്‌ക്കെതിരെ മികച്ച തുടക്കം. 15 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 86 റൺസെന്ന നിലയിലാണ് പാക്കിസ്ഥാൻ. ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത് ഫഖർ സമാൻ-അസ്ഹർ അലി സഖ്യം അർധസെഞ്ചുറി പൂർത്തിയാക്കിയപ്പോള്‍  20 ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 114 റൺസെന്ന നിലയിലായി പാക്കിസ്ഥാൻ. സമാൻ 51 റൺസോടെയും അസ്ഹർ അലി 51 റൺസോടെയും ക്രീസിൽ. ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്റെ ഓപ്പണിങ് സഖ്യം 100 കടക്കുന്നത് ഇതാദ്യം. 2003നു ശേഷം ആദ്യമായാണ് തുടർച്ചയായി രണ്ടു മൽസരങ്ങളിൽ പാക്കിസ്ഥാൻ ഓപ്പണർമാർ സെഞ്ചുറി കൂട്ടുകെട്ട് തീർക്കുന്നത്.

അസ്ഹർ അലിയുടെ വിക്കറ്റിലൂടെ ഇന്ത്യയ്ക്ക് കാത്തിരുന്ന ആശ്വാസമെത്തുന്നു. അശ്വിൻ എറിഞ്ഞ 23-ാം ഓവറിന്റെ അവസാന പന്തിൽ സമാനുമായുള്ള ആശയക്കുഴപ്പത്തിൽ അസ്ഹർ അലി റണ്ണൗട്ട്. 71 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്‌സും ഉൾപ്പെടെ 59 റൺസുമായാണ് അലിയുടെ മടക്കം. പാക്കിസ്ഥാൻ 25 ഓവറിൽ ഒന്നിന് 134. ഓപ്പണർ ഫഖർ സമാന്റെ സെഞ്ചുറി മികവിൽ പാക്കിസ്ഥാൻ കൂറ്റൻ സ്‌കോറിലേക്ക് എന്ന് ഉറപ്പാക്കി മുന്നേറി.  92 പന്തിൽ 12 ബൗണ്ടറിയും രണ്ടു സിക്‌സും ഉൾപ്പെടുന്നതാണ് സമാന്റെ കന്നി ഏകദിന സെഞ്ചുറി. ഇതുവരെ നാലു ഏകദിനങ്ങൾ കളിച്ച സമാൻ, രണ്ട് അർധസെഞ്ചുറിയും നേടിയിട്ടുണ്ട്. കന്നി ഏകദിന സെഞ്ചുറിക്കു പിന്നാലെ പാക്ക് ഓപ്പണർ ഫഖർ സമാനും പുറത്തായി. 106 പന്തിൽ 12 ബൗണ്ടറിയും മൂന്നു സിക്‌സും ഉൾപ്പെടെ 114 റൺസെടുത്ത സമാനെ പാണ്ഡ്യയാണ് പുറത്താക്കിയത്. ജഡേജ ക്യാച്ചെടുത്തു. 33.1 ഓവറിൽ രണ്ടിന് 200 റൺസെന്ന നിലയിലായിരുന്നു ഈ വേളയില്‍ പാക്കിസ്ഥാൻ.

ഫഖർ സമാൻ പുറത്തായതിനു പിന്നാലെ പാക്ക് റൺനിരക്കിൽ ഇടിവുണ്ടായി . 35 ഓവർ പൂർത്തിയാകുമ്പോൾ രണ്ടിന് 209 റൺസെന്ന നിലയിലായിരുന്നു പാക്കിസ്ഥാൻ. 18 റൺസോടെ ബാബർ അസമും രണ്ടു റൺസോടെ ശുഐബ് മാലിക്കും ക്രീസിൽ.ശുഐബ് മാലിക്കിനെ മടക്കിയ ഭുവനേശ്വർ കുമാർ ഇന്ത്യയ്ക്ക് മൂന്നാം വിക്കറ്റ് സമ്മാനിച്ചു. 16 പന്തിൽ ഒരു സിക്‌സ് ഉൾപ്പെടെ 12 റൺസെടുത്ത മാലിക്കിനെ കേദാർ ജാദവാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്. മൂന്നാം വിക്കറ്റിൽ ബാബർ അസം-മാലിക്ക് കൂട്ടുകെട്ട് 47 റൺസ് കൂട്ടിച്ചേർത്തു. 40 ഓവർ പൂർത്തിയാകുമ്പോൾ മൂന്നിന് 247 റൺസ് എന്ന നിലയിലായി പാക്കിസ്ഥാൻ. 46 റൺസുമായി ബാബർ അസമും മടങ്ങി. 52 പന്തിൽ നാലു ബൗണ്ടറികൾ ഉൾപ്പെടെ 46 റൺസെടുത്ത അസമിനെ കേദാർ ജാദവിന്റെ പന്തിൽ യുവരാജ് സിങ് ക്യാച്ചെടുത്ത് പുറത്താക്കി. 43 ഓവർ പൂർത്തിയാകുമ്പോൾ നാലിന് 270 റൺസ് എന്ന നിലയിലെത്തി  പാക്കിസ്ഥാൻ. മുന്നൂറു കടക്കുമെന്ന് ഉറപ്പായ പാകിസ്ഥാന്‍ എത്ര വലിയ സ്കോര്‍ ഉയര്‍ത്തും എന്നതായിരുന്നു പിന്നീട് ഉഇന്ദ്യന് ആരാധകര്‍ ഉറ്റു നോക്കിയത്. അവസാന മൂന്നു ഓവറുകളില്‍ റണ്‍ നിയന്ത്രിച്ചു പന്തെറിഞ്ഞ ഇന്ത്യന്‍ പേസര്‍മാര്‍ 350 ലേക്ക് പാകിസ്താന്‍ എത്തുന്നില്ല എന്നുറപ്പാക്കി. കളി അവസാനിക്കുമ്പോള്‍ 37 പന്തില്‍ 57 റണ്‍സുമായി ഹഫീസും 25 റണ്‍സുമായി ഇമാദ് വാസിമും അപരാജിതരായി ക്രീസില്‍ നില്‍ക്കുന്നുണ്ടായിരുന്നു.