കിരീടം കൈവിട്ടു, ചാമ്പ്യന്‍സ് ട്രോഫിയിലെ അന്തിമ ചിരി പാകിസ്ഥാന്

0
165


ഒത്തുകളി വിവാദത്തിന്റെ പേരില്‍ കരിയറിലെ വിലപെട്ട അഞ്ചു വര്ഷം നഷ്ടമായ മുഹമ്മദ്‌ ആമിര്‍ എന്ന പേസര്‍ പാക് ക്രിക്കറ്റ് ചരിത്രത്തില്‍ തന്‍റെ പേര് എഴുതിച്ചേര്‍ത്ത മത്സരത്തില്‍ ഇന്ത്യയെ 180 റൺസിന് തകർത്ത് പാക്കിസ്ഥാന് ചാമ്പ്യൻസ് ട്രോഫി കിരീടം. ആരാധകർ ആവേശപൂർവം കാത്തിരുന്ന മൽസരത്തിൽ, നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയെ കടലാസിലെ കരുത്ത് കളത്തിൽ പുറത്തെടുക്കാന്‍ അനുവദിക്കാതെ പിടിച്ചു കെട്ടിയാണ് പാകിസ്ഥാന്‍ ആദ്യമായി ചാമ്പ്യന്‍സ് ട്രോഫി കിരീടം ഉയര്‍ത്തിയത്‌. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുത്തപ്പോൾ, ഇന്ത്യയുടെ മറുപടി 30.3 ഓവറിൽ 158 റൺസിലൊതുങ്ങി. 1992 ല്‍ ലോക ചാമ്പ്യന്മാരായ ശേഷം പാകിസ്താന്‍ 50 ഓവര്‍ ക്രിക്കറ്റില്‍ നേടുന്ന ആദ്യ പ്രമുഖ കിരീടം ആണിത്. 2009 ലെ ട്വന്‍റി-ട്വന്‍റി ലോക കിരീടത്തിനു ശേഷമുള്ള ആദ്യ ലോക കിരീടവും.

ഒരു ഘട്ടത്തിൽ 100 റൺസ് പോലും തികയ്ക്കില്ലന്ന് കരുതിയ ഇന്ത്യയെ തകർപ്പൻ അർധസെഞ്ചുറിയുമായി കളം നിറഞ്ഞ ഹാർദ്ദിക് പാണ്ഡ്യയാണ് വലിയ നാണക്കേടിൽനിന്ന് രക്ഷിച്ചത്. ആറ് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി ഇന്ത്യയുടെ മൂന്ന് മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് ആമിർ ബോളിങ്ങിലും, കന്നി ഏകദിന സെഞ്ചുറിയുമായി പാക്ക് ഇന്നിങ്‌സിന് കരുത്തു പകർന്ന ഓപ്പണർ ഫഖർ സമാൻ ബാറ്റിങ്ങിലും പാക്കിസ്ഥാന്റെ വിജയശിൽപികളായി. 339 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു.ആദ്യ ഓവറിന്റെ മൂന്നാം പന്തിൽ ഓപ്പണർ രോഹിത് ശർമ പുറത്തായി. മൂന്നു പന്തു മാത്രം നീണ്ട ഇന്നിങ്‌സിനൊടുവിൽ മുഹമ്മദ് ആമിർ രോഹിതിനെ എൽബിയിൽ കുരുക്കി. ഇന്ത്യ ഒരു ഓവറിൽ ഒന്നിന് രണ്ട് റൺസ്.

സ്‌കോർ ബോർഡിൽ ആറു റൺസെത്തുമ്പോഴേക്കും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും പുറത്തായി. മൂന്നാം പന്തിൽ കോഹ്‌ലി നൽകിയ അവസരം ഒന്നാം സ്ലിപ്പിൽ അസ്ഹർ അലി നിലത്തിട്ടിരുന്നു. തൊട്ടടുത്ത പന്തിൽ കോഹ്‌ലിയെ ഷതാബ് ഖാന്റെ കൈകളിലെത്തിച്ച ആമിർ തിരിച്ചടിച്ചു. ഇന്ത്യ മൂന്ന് ഓവറിൽ രണ്ടിന് ഏഴ്. മികച്ച പ്രകടനവുമായി കളം നിറഞ്ഞുവന്ന ധവാനെയും മുഹമ്മദ് ആമിർ മടക്കി. 22 പന്തിൽ നിന്നും നാലു ബൗണ്ടറികളോടെ 21 റൺസെടുത്താണ് ധവാന്റെ മടക്കം.ഇന്ത്യ ഒൻപത് ഓവർ പൂർത്തിയാകുമ്പോൾ മൂന്നിന് 33 റൺസ് എന്ന നിലയില്‍.കളിയിലെ ഇന്ത്യയുടെ പിടി അയച്ചു കൊണ്ട്  54 റൺസെടുക്കുന്നതിനിടെ അഞ്ചു ടോപ്‌ ഓര്‍ഡര്‍ വിക്കറ്റുകൾ പാകിസ്താന്‍ കൊയ്തു . യുവരാജ് സിങ്ങിനെ ഷതാബ് ഖാൻ എൽബിയിൽ കുരുക്കിയപ്പോൾ, ധോണിയെ ഹസൻ അലി ഇമാദ് വാസിമിന്റെ കൈകളിലെത്തിച്ചു. 31 പന്തുകൾ നേരിട്ട യുവരാജ് നാലു ബൗണ്ടറികളോടെ 22 റൺസെടുത്തു. 16 പന്തിൽ നാലു റൺസാണ് ധോണിയുടെ സമ്പാദ്യം. 13 പന്തിൽ രണ്ടു ബൗണ്ടറികളോടെ ഒൻപത് റൺസെടുത്ത ജാദവിനെ ഷതബ് ഖാന്‍ മടക്കിയതോടെ 17 ഓവർ പൂർത്തിയാകുമ്പോൾ ആറിന് 72 റൺസ് എന്ന ദയനീയ നിലയിലായി ഇന്ത്യ.

മുൻനിര ബാറ്റ്‌സ്മാൻമാർ മുട്ടുമടക്കിയ അതേ പിച്ചിൽ തകർത്തടിച്ച ഹാർദിക് പാണ്ഡ്യ ഇന്ത്യന്‍ ആരാധകരില്‍ ആവേശം നിറച്ചു. അർധസെഞ്ചുറി തികച്ച ഹാർദ്ദിക്കിന്റെ മികവിൽ 25 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 137 റൺസെടുത്തു. 17 പന്തിൽ 11 റൺസുമായി രവീന്ദ്ര ജഡേജയെ കൂട്ട് പിടിച്ചു ഹര്ദിക് പൊരുതുമ്പോഴും വിജയത്തിലേക്കു വേണ്ടത് 25 ഓവറിൽ 202 റൺസ്. 43 പന്തിൽ നാലു ബൗണ്ടറിയും ആറു സിക്‌സും സഹിതം 76 റൺസെടുത്ത ഹാർദിക്, ജഡേജയുടെ അശ്രദ്ധ മൂലം പുറത്താകുമ്പോൾ, ഇത് ഇന്ത്യയുടെ ദിവസമല്ലെന്ന് വ്യക്തമായി.തൊട്ടു പിന്നാലെ തന്നെ ജഡേജയും പുറത്ത്. 26 പന്തിൽ 15 റൺസെടുത്ത ജഡേജയെ ജുനൈദ് ഖാൻ മടക്കി. പിന്നീടു എല്ലാം ചടങ്ങ് പോലെയായി. ഇന്ത്യ വമ്പന്‍ തോല്‍വിയുമായി കിരീടം അടിയറ വെച്ച് മടങ്ങി .

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ റെക്കോര്ഡ് റണ്‍ ചേസ് ആണ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ച് നീട്ടിയത്. നാലിന് 338 റണ്‍സ് എന്ന വമ്പന്‍ സ്കോര്‍ ആണ് പാക് ബാറ്റ്സ്മാന്മാര്‍ ഇന്ത്യയ്ക്ക് മുന്നില്‍ ഉയര്‍ത്തിയത്‌. ഏകദിനത്തിലെ കന്നി സെഞ്ചുറി കണ്ടെത്തിയ ഫഖര്‍  സമാനും അര്‍ദ്ധ ശതകം തികച്ച അസര്‍ അലിയും (59), പുറത്താകാതെ 59 റണ്‍സ് എടുത്ത വെറ്ററന്‍ താരം മുഹമ്മദ്‌ ഹഫീസും 46 റണ്‍സ് എടുത്ത ബാബര്‍ അസമും ആണ് പാകിസ്ഥാന് മികച്ച സ്കോര്‍ സമ്മാനിച്ചത്‌. ഭുവനേശ്വര്‍ കുമാറും ഹര്‍ദിക് പാണ്ട്യയും മാത്രമാണ് ഇന്ത്യന്‍ ബൌളര്‍മാരില്‍ റണ്‍ നിയന്ത്രിച്ചു പന്തെറിഞ്ഞത്.

ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി, പാക്കിസ്ഥാനെതിരെ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കിരീടം നിലനിർത്താൻ ഇന്ത്യ ഇറങ്ങുന്ന ഇന്ത്യ, സെമിയിൽ ബംഗ്ലദേശിനെതിരെ വിജയം നേടിയ ടീമിനെ നിലനിർത്തി. അതേസമയം, കന്നിക്കിരീടം ഉന്നമിടുന്ന പാക്ക് നിരയിൽ കഴിഞ്ഞ മൽസരത്തിൽ പുറംവേദന മൂലം പുറത്തിരുന്ന മുഹമ്മദ് ആമിർ തിരിച്ചെത്തി. കഴിഞ്ഞ മൽസരത്തിലൂടെ ഏകദിന അരങ്ങേറ്റം കുറിച്ച റുമ്മൻ റയീസാണ് ആമിറിനായി വഴിമാറിയത്. ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവർ മെയ്ഡനായി. ജസ്പ്രീത് ബുംറയുടെ രണ്ടാം ഓവറിൽ പാക്കിസ്ഥാന് മൂന്നു റൺസ് മാത്രമാണ് പിറന്നത്‌. അഞ്ചാം ഓവര്‍ പിന്നിടുമ്പോള്‍ പാക്കിസ്ഥാൻ വിക്കറ്റ് നഷ്ടം കൂടാതെ 27 റൺസെന്ന നിലയിൽ ആയിരുന്നു. പാക്ക് നിരയിലെ അപകടകാരിയായ ഫഖർ സമാനെ നാലാം ഓവറിന്റെ ആദ്യ പന്തിൽ ബുംറ മടക്കിയെങ്കിലും പന്ത് നോബോളായി. ഇന്ത്യയുടെ നിർഭാഗ്യം.

15 ഓവര്‍ പിന്നിടുമ്പോള്‍  ഓപ്പണർമാരായ ഫഖാർ സമാനും അസഹർ അലിയും നിലയുറപ്പിച്ചതോടെ പാക്കിസ്ഥാന് ഇന്ത്യയ്‌ക്കെതിരെ മികച്ച തുടക്കം. 15 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 86 റൺസെന്ന നിലയിലാണ് പാക്കിസ്ഥാൻ. ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത് ഫഖർ സമാൻ-അസ്ഹർ അലി സഖ്യം അർധസെഞ്ചുറി പൂർത്തിയാക്കിയപ്പോള്‍  20 ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 114 റൺസെന്ന നിലയിലായി പാക്കിസ്ഥാൻ. സമാൻ 51 റൺസോടെയും അസ്ഹർ അലി 51 റൺസോടെയും ക്രീസിൽ. ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്റെ ഓപ്പണിങ് സഖ്യം 100 കടക്കുന്നത് ഇതാദ്യം. 2003നു ശേഷം ആദ്യമായാണ് തുടർച്ചയായി രണ്ടു മൽസരങ്ങളിൽ പാക്കിസ്ഥാൻ ഓപ്പണർമാർ സെഞ്ചുറി കൂട്ടുകെട്ട് തീർക്കുന്നത്.

അസ്ഹർ അലിയുടെ വിക്കറ്റിലൂടെ ഇന്ത്യയ്ക്ക് കാത്തിരുന്ന ആശ്വാസമെത്തുന്നു. അശ്വിൻ എറിഞ്ഞ 23-ാം ഓവറിന്റെ അവസാന പന്തിൽ സമാനുമായുള്ള ആശയക്കുഴപ്പത്തിൽ അസ്ഹർ അലി റണ്ണൗട്ട്. 71 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്‌സും ഉൾപ്പെടെ 59 റൺസുമായാണ് അലിയുടെ മടക്കം. പാക്കിസ്ഥാൻ 25 ഓവറിൽ ഒന്നിന് 134. ഓപ്പണർ ഫഖർ സമാന്റെ സെഞ്ചുറി മികവിൽ പാക്കിസ്ഥാൻ കൂറ്റൻ സ്‌കോറിലേക്ക് എന്ന് ഉറപ്പാക്കി മുന്നേറി.  92 പന്തിൽ 12 ബൗണ്ടറിയും രണ്ടു സിക്‌സും ഉൾപ്പെടുന്നതാണ് സമാന്റെ കന്നി ഏകദിന സെഞ്ചുറി. ഇതുവരെ നാലു ഏകദിനങ്ങൾ കളിച്ച സമാൻ, രണ്ട് അർധസെഞ്ചുറിയും നേടിയിട്ടുണ്ട്. കന്നി ഏകദിന സെഞ്ചുറിക്കു പിന്നാലെ പാക്ക് ഓപ്പണർ ഫഖർ സമാനും പുറത്തായി. 106 പന്തിൽ 12 ബൗണ്ടറിയും മൂന്നു സിക്‌സും ഉൾപ്പെടെ 114 റൺസെടുത്ത സമാനെ പാണ്ഡ്യയാണ് പുറത്താക്കിയത്. ജഡേജ ക്യാച്ചെടുത്തു. 33.1 ഓവറിൽ രണ്ടിന് 200 റൺസെന്ന നിലയിലായിരുന്നു ഈ വേളയില്‍ പാക്കിസ്ഥാൻ.

ഫഖർ സമാൻ പുറത്തായതിനു പിന്നാലെ പാക്ക് റൺനിരക്കിൽ ഇടിവുണ്ടായി . 35 ഓവർ പൂർത്തിയാകുമ്പോൾ രണ്ടിന് 209 റൺസെന്ന നിലയിലായിരുന്നു പാക്കിസ്ഥാൻ. 18 റൺസോടെ ബാബർ അസമും രണ്ടു റൺസോടെ ശുഐബ് മാലിക്കും ക്രീസിൽ.ശുഐബ് മാലിക്കിനെ മടക്കിയ ഭുവനേശ്വർ കുമാർ ഇന്ത്യയ്ക്ക് മൂന്നാം വിക്കറ്റ് സമ്മാനിച്ചു. 16 പന്തിൽ ഒരു സിക്‌സ് ഉൾപ്പെടെ 12 റൺസെടുത്ത മാലിക്കിനെ കേദാർ ജാദവാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്. മൂന്നാം വിക്കറ്റിൽ ബാബർ അസം-മാലിക്ക് കൂട്ടുകെട്ട് 47 റൺസ് കൂട്ടിച്ചേർത്തു. 40 ഓവർ പൂർത്തിയാകുമ്പോൾ മൂന്നിന് 247 റൺസ് എന്ന നിലയിലായി പാക്കിസ്ഥാൻ. 46 റൺസുമായി ബാബർ അസമും മടങ്ങി. 52 പന്തിൽ നാലു ബൗണ്ടറികൾ ഉൾപ്പെടെ 46 റൺസെടുത്ത അസമിനെ കേദാർ ജാദവിന്റെ പന്തിൽ യുവരാജ് സിങ് ക്യാച്ചെടുത്ത് പുറത്താക്കി. 43 ഓവർ പൂർത്തിയാകുമ്പോൾ നാലിന് 270 റൺസ് എന്ന നിലയിലെത്തി  പാക്കിസ്ഥാൻ. മുന്നൂറു കടക്കുമെന്ന് ഉറപ്പായ പാകിസ്ഥാന്‍ എത്ര വലിയ സ്കോര്‍ ഉയര്‍ത്തും എന്നതായിരുന്നു പിന്നീട് ഉഇന്ദ്യന് ആരാധകര്‍ ഉറ്റു നോക്കിയത്. അവസാന മൂന്നു ഓവറുകളില്‍ റണ്‍ നിയന്ത്രിച്ചു പന്തെറിഞ്ഞ ഇന്ത്യന്‍ പേസര്‍മാര്‍ 350 ലേക്ക് പാകിസ്താന്‍ എത്തുന്നില്ല എന്നുറപ്പാക്കി. കളി അവസാനിക്കുമ്പോള്‍ 37 പന്തില്‍ 57 റണ്‍സുമായി ഹഫീസും 25 റണ്‍സുമായി ഇമാദ് വാസിമും അപരാജിതരായി ക്രീസില്‍ നില്‍ക്കുന്നുണ്ടായിരുന്നു.