കൊളംബിയൻ തലസ്ഥാനത്ത് ഭീകരാക്രമണം, മൂന്നു മരണം

0
90

കൊളംബിയൻ തലസ്ഥാനമായ ബഗോട്ടയിലെ ഷോപ്പിങ് സെൻററിലുണ്ടായ സ്‌ഫോടനത്തിൽ ഫ്രഞ്ച് യുവതി ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. ഭീകരാക്രമണമാണ് നടന്നതെന്ന് അധികൃതർ അറിയിച്ചു.
നഗരത്തിലെ തിരക്കേറിയ ഷോപ്പിങ് സെൻററായ സെൻട്രോ അൻഡിനോ മാളിൽ പ്രാദേശിക സമയം ഞായറാഴ്ച ഉച്ചകഴിഞ്ഞുള്ള തിരക്കേറിയ നേരത്താണ് സ്‌ഫോടനം ഉണ്ടായത്. സ്ത്രീകളുടെ ടോയ്‌ലെറ്റിലാണ് ബോംബ് പൊട്ടിയത്. ഫാദേഴ്‌സ് ഡേയോട് അനുബന്ധിച്ച് സമ്മാനങ്ങൾ വാങ്ങാൻ മാളിൽ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു.
നഗരത്തിലെ സ്‌കൂളിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ട ഫ്രഞ്ച് യുവതിയെന്ന് ബഗോട്ട മേയർ എൻറിക് പെനലോസ പറഞ്ഞു. കൊല്ലപ്പെട്ട മറ്റ് രണ്ട് പേരെ കുറിച്ച് വിവരങ്ങൾ ലഭ്യമല്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.