ജനനേന്ദ്രിയം മുറിച്ച കേസ് ക്രൈം ബ്രാഞ്ചിലേക്ക്

0
95

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചകേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. ഇത് സംബന്ധിച്ച ശുപാര്‍ശ റേഞ്ച് ഐ.ജി. മനോജ് എബ്രഹാം ഡി.ജി.പിക്ക് കൈമാറി. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും മറ്റേതെങ്കിലും ഏജന്‍സി അന്വേഷിക്കണമെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് പുതിയ നീക്കം. സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടി അടിക്കടി നിലപാടു മാറ്റുന്നതിനാല്‍ നുണപരിശോധനയ്ക്കു വിധേയയാക്കണമെന്ന് ആവശ്യപ്പെട്ടു പോലീസും പോക്‌സോ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണു സ്വാമിക്കെതിരെ കേസെടുത്തത്. പൊലീസ് നിര്‍ബന്ധിച്ചു സ്വാമിക്കെതിരെ മൊഴി പറയിപ്പിച്ചതാണെങ്കില്‍, മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കിയപ്പോള്‍ അക്കാര്യം വെളിപ്പെടുത്താന്‍ അവസാന വര്‍ഷ നിയമവിദ്യാര്‍ഥിനി കൂടിയായ പെണ്‍കുട്ടിക്ക് അവസരമുണ്ടായിരുന്നു. തനിക്ക് ആവശ്യമില്ലാത്ത അവയവം താന്‍ ഛേദിച്ചെന്നായിരുന്നു ആദ്യഘട്ടത്തില്‍ സ്വാമി പോലീസിനോടു പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കുഴഞ്ഞുമറിയുകയും പോലീസ് പ്രതിക്കൂട്ടിലാകുകയും ചെയ്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലേക്ക് കാര്യങ്ങള്‍ പോകുന്നത്.