ദുരന്തമാകുന്ന ജീവിതമാണ് പുതുവൈപ്പുകാരുടെ പ്രശ്നം: സാറ ജോസഫ്

0
676

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ 15,480 ടണ്‍ ശേഷിയുള്ള എല്‍പിജി സംഭരണ കേന്ദ്രത്തിനെതിരെ പുതുവൈപ്പ് എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ജനങ്ങള്‍ 116 ദിവസമായി സമരത്തിലാണ്. സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന ജനാവലി എല്ലാം ഉപേക്ഷിച്ച് സമര രംഗത്തേയ്ക്ക് വരികയാണ്. ജീവതമാണ് അവരുടെ പ്രശ്നം. അതെന്താണെന്ന് അന്വേഷിച്ച് പരിഹരിക്കാന്‍ ശ്രമിക്കാന്‍ സ്ഥലം എംപിയും എല്‍എയും ഇതുവരെ തയ്യാറായിട്ടില്ല.

15,480 ടണ്‍ എല്‍പിജി ഓരോ ദിവസവും 500ലധികം ബുള്ളറ്റ് ടാങ്കുകളിലേയ്ക്ക് നിറയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ചോര്‍ച്ചമൂലം വാതകത്തിലെ മെര്‍ക്കാപ്ടണ്‍ എന്ന വിഷവസ്തു വായുവിലും വെള്ളത്തിലും കലരും. ഇത് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തേക്കാള്‍ വലിയ കെടുതിക്ക് വഴിവെയ്ക്കും. അങ്ങനെ വരുമ്പോള്‍ ദുരന്തമാകുന്ന ജീവിതമാണ് അവരുടെ പ്രശ്നം.

11.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള എളങ്കുന്നപ്പുഴ പഞ്ചായത്തിന്റെ ജനസംഖ്യ 70,000ത്തോളം വരും. നിബിഢ ജനവാസകേന്ദ്രത്തോട് 30 മീറ്റര്‍ ചേര്‍ന്നാണ് സംഭരണ കേന്ദ്രം നിര്‍മിക്കുന്നത്. അതിനാകട്ടെ, പഞ്ചായത്തിന്റെ അനുമതിയില്ല. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചാണ് നിര്‍മാണ പ്രവര്‍ത്തനം.

സിആര്‍ഇസഡ് മേഖലയാണ് എങ്കുന്നപ്പുഴ. പാരിസ്ഥിതികമായി അതീവ ദുര്‍ബലപ്രദേശം (സിആര്‍ഇസഡ്-1). ആയിരക്കണക്കിന് ലോഡ് കരിങ്കല്‍ച്ചീളുകളാണ് യന്ത്ര സഹായത്തോടെ ഇവിടെ അടിച്ചിറക്കിക്കൊണ്ടിരിക്കുന്നത്. ഇതിന് ആരാണ് അനുമതി നല്‍കിയത്? സിആര്‍ഇസഡ്-1 നിയമം ലംഘിക്കാന്‍ ആര്‍ക്ക്, എങ്ങനെയാണ് അനുമതി ലഭിച്ചത്?

കേരളത്തിന് ആവശ്യമുള്ള എല്‍പിജി മറ്റ് മാര്‍ഗങ്ങളിലൂടെ തന്നെ നമുക്കുണ്ട്. പെട്രോനെറ്റ് എല്‍എന്‍ജി പദ്ധതിവഴി കൊച്ചിക്ക് ആവശ്യമായ പാചക വാതകം പൈപ്പ് ലൈനുകള്‍ വഴി വീടുകളിലെത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും അദാനി ഗ്യാസും ഇപ്പോള്‍ തന്നെ നടത്തുന്നുമുണ്ട്. കൊച്ചിക്കു മാത്രമായി ഒരു എല്‍പിജി സംഭരണ കേന്ദ്രം ആവശ്യമില്ല. വസ്തുതകള്‍ ഇങ്ങനെയായിരിക്കെ, ദ്വീപ് നിവാസികളുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഈ അപകടം ആരുടെ താല്‍പര്യം സംരക്ഷിക്കാനാണെന്ന് കേരള സര്‍ക്കാര്‍ ചിന്തിക്കണം. മറിച്ച് ജനകീയ സമരങ്ങളെ തല്ലിയൊതുക്കുകയല്ല വേണ്ടത്. അത് ഏത് പോലീസുകാരനും ചെയ്യാവുന്നതേയുള്ളൂ.

ജനകീയ സമരങ്ങളില്‍ ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളോടും പ്രശ്നങ്ങളോടും സഹാനുഭൂതിയോടെയുള്ള പ്രതികരണമാണ് ഇടതുപക്ഷ സര്‍ക്കാരില്‍നിന്നും പ്രതീക്ഷിക്കുന്നത്. തല്ലോ ജയിലോ അല്ല. ജനവാസമേഖലയല്ലാത്ത ഏതെങ്കിലുമൊരിടം കണ്ടെത്തി ഈ സംഭരണ കേന്ദ്രം എളങ്കുന്നപ്പുഴയില്‍നിന്നും അടിയന്തരമായി മാറ്റുകയാണ് ചെയ്യേണ്ടത്.

ജനകീയ സമരങ്ങളോട് ഇടതുപക്ഷ സര്‍ക്കാര്‍ വലതുപക്ഷത്തെപ്പോലെ പെരുമാറിക്കൂടാ. ജനങ്ങളോടും അവരുടെ പ്രശ്നങ്ങളോടും ഒപ്പം നില്‍ക്കുകയാണ് വേണ്ടത്. അത് വിശ്വസിച്ചാണ് ജനങ്ങള്‍ ഇടതുപക്ഷത്തെ അധികാരത്തിലെത്തിക്കുന്നത്. പക്ഷേ, ജനകീയ സമരങ്ങളെ ശത്രുപക്ഷത്തു നിര്‍ത്തുന്ന സമീപനമാണ് കാണുന്നത്.