നമ്മുടെ പോലീസ് ഇനി എപ്പോഴാണ് കുട്ടികളെ കുട്ടികളായി കാണാൻ തുടങ്ങുന്നത് ?

0
83

എറണാകുളം ജില്ലയിൽ പുതുവൈപ്പ് എന്ന സ്ഥലത്ത് നടന്ന ഐ.ഒ.സി. സംഭരണ കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്നവർക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ അതിക്രമത്തിൽ അനേകം കുട്ടികൾക്ക് പരിക്കേറ്റു. അതിൽ സാരമായി പരിക്കേറ്റ ഒൻപത് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളെ പോലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ പാലിക്കേണ്ട നിയമപരമായ മര്യാദകൾ യാതൊന്നും പാലിക്കാതെ മൃഗീയമായി പരിക്കേൽപ്പിച്ചുകൊണ്ട് 62 കുട്ടികളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും എറണാകുളം കസബ, കടവന്ത്ര, മുളവുകാട് പോലീസ് സ്റ്റേഷനുകളിലായി തടഞ്ഞു വെക്കുകയും ചെയ്തു. കസബ സ്റ്റേഷനിൽ 43 കുട്ടികളെയും കടവന്ത്ര സ്റ്റേഷനിൽ 11 കുട്ടികളെയും മുളവുകാട് സ്റ്റേഷനിൽ ഒന്നര വയസുള്ള ഒരു കുട്ടിയടക്കം 8 കുട്ടികളെയുമാണ് രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ കസ്റ്റഡിയിൽ വെച്ചത്. പല കുട്ടികളുടെയും അച്ഛനമ്മമാർ വ്യത്യസ്തമായ സ്റ്റേഷനുകളിൽ ആ സമയം കസ്റ്റഡിയിൽ ആയിരുന്നു. പലകുട്ടികൾക്കും ലാത്തികൊണ്ടുള്ള കുത്തേറ്റും പോലീസ് ബലപ്രയോഗത്തിലും പരിക്കേറ്റു. ചിലർക്ക് പോലീസ് ബൂട്‌സ് കൊണ്ടുള്ള ചവിട്ടേറ്റിട്ടുണ്ട്.

പല കുട്ടികളെയും കോളറിന് കുത്തിപ്പിടിച്ചാണ് പോലീസ് വാനിലേക്ക് കയറ്റിയത്. പരിക്കേറ്റ കുട്ടികളിൽ ജോയൽ (8), വിയാനിസ സുനിൽ (6), ആൽഫിൻ (9), ആര്യൻ (7), അനഘ (10), സാൽവിൻ (11) എന്നീ ആറു കുട്ടികളെ മാലിപ്പുറം സർക്കാർ ആശുപത്രിയിലും മൂന്ന് പേരെ എറണാകുളം ജനറൽ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. തലയ്ക്ക് അടികൊണ്ട ചില കുട്ടികളെ സ്‌കാൻ ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്.

കൊടും കുറ്റവാളികൾ പോലും ജയിലിലും പോലീസ് കസ്റ്റഡിയിലും പലവിധ ആർഭാടങ്ങളും ആസ്വദിക്കുമ്പോൾ ഇന്നലെ കസ്റ്റഡിയിലായ കുട്ടികൾക്ക് അടിസ്ഥാനപരമായ അവകാശങ്ങൾ പോലും നിഷേധിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിവരെ കസ്റ്റഡിയിൽ ഉള്ള കുട്ടികൾക്ക് ഭക്ഷണമോ വെള്ളമോ നൽകപ്പെട്ടില്ല. ആ സമയം വരെ ഭക്ഷണം നിഷേധിക്കപ്പെട്ട ആളുകൾക്ക് കുടുവെള്ളവും ഭക്ഷണവുമായി എത്തിയ രാധാകൃഷ്ണൻ എന്ന പ്രദേശവാസി ഉൾപ്പടെ മൂന്ന് പേരെ പ്രിവൻറ്റീവ് കസ്റ്റഡിയിൽ വെക്കുകയാണ് പോലീസ് ചെയ്തത്. സമരാനുകൂലികൾ കൊണ്ടുവന്ന ഭക്ഷണം കഴിക്കാൻ പോലും പോലീസ് കുട്ടികളെ അനുവദിച്ചില്ല. കൈ കഴുകുവാൻ ഉള്ള ടാപ്പ് ഉപയോഗിക്കുന്നതിൽ നിന്നും പോലീസ് കുട്ടികളെ വിലക്കുകയും ചെയ്തു. ആർത്തവമുള്ള പെൺകുട്ടികൾ ഉൾപ്പടെയുള്ളവരെ മൂത്രമൊഴിക്കുവാൻ പോലും അനുവദിക്കാതെ പോലീസ് സ്റ്റേഷനിൽ തടഞ്ഞുനിർത്തി. കുട്ടികൾ ഉൾപ്പടെയുള്ള സമരക്കാരെ ഇരുത്തിയ സ്ഥലത്തിന് അടുത്തുള്ള ടോയിലറ്റിൻറെ വാതിൽ താഴിട്ട് പൂട്ടിയാണ് പോലീസ് ഇവരെ നേരിട്ടത്.

അറസ്റ്റിലായവരും സാമൂഹ്യ പ്രവർത്തകരും പ്രധിഷേധിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട 321 ആളുകൾക്ക് ഉച്ചതിരിഞ്ഞ് ഏതാനും പാക്കറ്റ് ബ്രഡും പഴവും പോലീസ് എത്തിച്ചു. എന്നാൽ തങ്ങളെ നിയമവിരുദ്ധമായി മർദ്ധിച്ചതിലും കസ്റ്റഡിൽ എടുത്തതിലും പ്രതിഷേധിച്ച് കുട്ടികൾ ഉൾപ്പടെയുള്ളവർ അത് കഴിച്ചില്ല. വൈകീട്ടോടുകൂടി കേരള സംസ്ഥാന ബാലവകാശ കമ്മീഷനിലെ എറണാകുളത്ത് നിന്നുള്ള അംഗം ശ്രീ. എം.പി. ആൻറണിയുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരികയും അദ്ദേഹത്തിൻറെ നിർദ്ദേശാനുസരണം എറണാകുളം ജില്ലാ ശിശു സംരക്ഷണ ഓഫീസർ ശ്രീമതി. സൈന എറണാകുളം കസബ സ്റ്റേഷനിൽ എത്തിയെങ്കിലും കുട്ടികൾ നേരിട്ട പ്രശ്‌നങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കുവാൻ കുട്ടികളോടോ അവിടെ ഉണ്ടായിരുന്ന സാമൂഹ്യ പ്രവർത്തകർ അടക്കമുള്ളവരോടോ സംസാരിക്കാൻ തയ്യാറായില്ല എന്നതും കുട്ടികൾക്ക് പ്രസ്തുത ഓഫീസറെ കണ്ടു സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ പോലീസ് സ്റ്റേഷൻറെ അകത്തേക്ക് പ്രവേശിച്ച ഓഫീസറെ കാത്ത് മുൻ വശത്ത് കാത്തിരുന്ന കുട്ടികൾ കാണാതെ മറ്റൊരുവഴി ഒളിച്ചു പോയത് അത്യന്തം അപലപനീയമായ പ്രവർത്തനമാണ്. അത്രയും കുട്ടികളെ പോലീസ് സ്റ്റേഷനിൽ കാണുന്ന ഏതൊരു വ്യക്തിയും ഒരു സാമാന്യ മര്യാദയുടെ പേരിൽ അവരോട് സംസാരിക്കുകയും അവരോട് പ്രശ്‌നങ്ങൾ തിരക്കുകയും ചെയ്യും എന്നിരിക്കെ ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥ കുട്ടികൾ നേരിട്ട അത്യന്തം ഗുരുതരമായ അവകാശ ലംഘനങ്ങൾ നേരിട്ടപ്പോൾ അവരെ തിരിഞ്ഞു നോക്കാതെ ഒളിച്ചുപോയി എന്നത് വളരെ ഗുരുതരമായ ഒരു പ്രശ്‌നമാണ്.

തങ്ങളെ മർദ്ദിക്കുകയും അന്യായമായി കസ്റ്റഡിൽ എടുക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കണം എന്ന് കാണിച്ച് കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സനും എല്ലാ അംഗങ്ങൾക്കും അൻപതിലധികം കുട്ടികൾ ഒപ്പിട്ട ഒരു പരാതി കുട്ടികൾ നൽകിക്കഴിഞ്ഞു.

ഒരുവശത്ത് സ്റ്റുഡൻറ് പോലീസ് കേഡറ്റ്, ഓ.ആർ.സി., തുടങ്ങിയ പദ്ധതികൾക്ക് നേതൃത്വം നൽകി കുട്ടികളെ പോലീസ് സംവിധാനത്തോട് ചേർത്തുനിർത്താൻ ശ്രമിക്കുമ്പോൾ മറുവശത്ത് കുട്ടികളുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരെ പോലീസ് തന്നെ മർദ്ദിക്കുകയും അന്യായമായി തടങ്കലിൽ വെക്കുകയും ചെയ്യുക എന്ന നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. ഇന്നലെ കസ്റ്റഡിയിൽ എടുത്ത കുട്ടികൾ ആരും തന്നെ ‘കുട്ടി കുറ്റവാളികൾ’ എന്ന് വിളിക്കപ്പെടാൻ പറ്റുന്നവരല്ല. അവരാരും തന്നെ നിലവിലുള്ള നിയമങ്ങൾ ഒരു വിധത്തിലും ലംഘിച്ചവരല്ല. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട് സമാധാനപരമായി സമരം ചെയ്യുന്നവരായിരുന്നു അവർ. പോലീസിനെതിരെയോ മറ്റ് അധികാരികൾക്കെതിരെയോ ഒരു ചെറിയ കല്ല് പോലും അവർ എറിഞ്ഞട്ടില്ല. നിയമം പാലിക്കണമെന്ന്, നിലവിലുള്ള സി.ആർ.ഇസഡ്. നിയമങ്ങൾ പ്രകാരം വേലിയേറ്റ രേഖയിൽ നിന്ന് നിശ്ചിത ദൂരം വിട്ട് മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ പാടുള്ളൂ എന്ന നിയമം അനുസരിക്കണമെന്ന് ഐ.ഒ.സി. യോട് ആവശ്യപ്പെടുക മാത്രമേ അവർ ചെയ്യുന്നുള്ളൂ. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ പത്തിലധികം വർഷത്തിലായി സമരം ചെയ്തു വരുന്നവരും കഴിഞ്ഞ 121 ദിവസങ്ങളായി അനിശ്ചിതകാല ഉപരോധ സമരം ചെയ്തു വരികയുമാണ് ഇവർ. വളരെയേറെ പ്രകോപനങ്ങളും ദ്രോഹങ്ങളും ഇവർക്കുനേരെ ഉണ്ടായിട്ടും നാളിതുവരെ യാതൊരുവിധ അക്രമങ്ങളും നടത്താതെ സമാധാനപരമായി സമരം ചെയ്തു വന്ന ഒരു ജനതയ്ക്ക് നേരെയാണ് പോലീസ് പൊടുന്നനെ ക്രൂരമായ അക്രമം അഴിച്ചുവിട്ടത്.
ഇനി ഈ കുട്ടികൾ കുറ്റം ചെയ്തവരാണ് എന്ന് ആരോപിക്കുകയാനെങ്കിൽ തന്നെ അത്തരക്കാരെ കൈകാര്യം ചെയ്യേണ്ടത് കൊടും ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന രീതിയിൽ അല്ല. അവരെ കസ്റ്റഡിയിൽ എടുക്കേണ്ടത് തല്ലിയും കുത്തിയും ചവിട്ടിയും പരിക്കെൽപ്പിച്ചുകൊണ്ട് വലിച്ചിഴച്ച് പോലീസ് വാനിലേക്ക് എടുത്തെറിഞ്ഞു കൊണ്ടല്ല. കുട്ടികളെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത് സംബന്ധിച്ച കൃത്യമായ മാർഗനിർദ്ദേശങ്ങൾ ഉണ്ട്. അതൊന്നും കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥർക്ക് അറിയില്ല എന്നുണ്ടോ ? അതോ അതൊന്നും കേരള പോലീസിന് ബാധകം അല്ല എന്നുണ്ടോ ?

കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥരും അവരുടെ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടുന്ന കാഴ്ച്ചയാണ് ഈ വിഷയത്തിൽ കണ്ടത്. ചൈൽഡ് ലൈൻ പ്രവർത്തകർ, ജില്ല ശിശു സംരക്ഷണ ഓഫീസർ എന്നിവരടക്കമുള്ളവർ ഈ പ്രശ്‌നത്തിൽ സമയോചിതമായ ഇടപെടലുകൾ നടത്തിയില്ല. ഇത്രയധികം കുട്ടികൾക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായിട്ടും അതിനെതിരെ ഒരു ചെറുവിരൽ പോലും അവര് ഉയർത്തിയില്ല.

ജനാധിപത്യത്തിൻറെ നാലാം തൂണുകൾ എന്നറിയപ്പെടുന്ന മാധ്യമങ്ങളും ഈ വിഷയത്തോട് കടുത്ത നിസംഗതയാണ് ആദ്യം മുതൽ കാണിച്ചത്. അടുത്ത ദിവസം കൊച്ചിയിൽ നടക്കുന്ന മെട്രോ ഉദ്ഘാടനം എന്ന മാമാങ്കം സംബന്ധിച്ച വാർത്തകൾ കവർ ചെയ്യാനാണ് അവരുടെ ഭൂരിഭാഗം സമയവും ചെലവഴിച്ചത്. കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് നേരെ ഗുരുതരമായ ആക്രമണം പോലീസിൻറെ ഭാഗത്ത് നിന്നും ഉണ്ടായിട്ടും ഈ വിഷയത്തിന് മാധ്യമങ്ങൾ അർഹിക്കുന്ന പ്രാധാന്യം നൽകിയില്ല എന്നത് ഖേദകരമാണ്.

ജനാധിപത്യ കേരളത്തിന് ഒട്ടും ഭൂഷണമായ സംഭവം അല്ല കഴിഞ്ഞ ദിവസം നടന്നത്. ഇത്തരം സംഭവങ്ങൾ ഇനി സംഭവിക്കരുത്. കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എങ്ങിനെ ഇടപെടണം എന്നത് സംബന്ധിച്ച് നമ്മുടെ പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് മതിയായ പരിശീലനം നൽകണം. കുട്ടികളുടെ അവകാശങ്ങൾ ഹനിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ ശിക്ഷണ നടപടികൾ സ്വീകരിക്കണം. ഈ സംഭവം ഇത്തരത്തിലുള്ള അവസാന സംഭവമാകട്ടെ എന്നാഗ്രഹിക്കുന്നു.

( പ്രശ്‌നം ഉണ്ടായ സമയം മുതൽ രാത്രി 11 മണിവരെ ഈ കുട്ടികളോടൊപ്പം വിവിധ സ്റ്റേഷനിൽ കഴിഞ്ഞും കുട്ടികളോടും കേരള സംസ്ഥാന ബാലവകാശ കമ്മീഷനിലെ എറണാകുളത്ത് നിന്നുള്ള അംഗം ശ്രീ. എം.പി. ആൻറണി, എറണാകുളം ജില്ലാ ശിശു സംരക്ഷണ ഓഫീസർ ശ്രീമതി. സൈന, വിവിധ ശിശു സംരക്ഷ പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ, നിയമ വിദഗ്ദർ എന്നിവരോടും നേരിട്ട് സംസാരിച്ചും കാര്യങ്ങൾ ബോധ്യപ്പെട്ടതിൻറെ അടിസ്ഥാനത്തിൽ പിയൂസ് മോന്‍ സണ്ണി എഴുതിയതാണ് ഈ കുറിപ്പ്).