പകര്‍ച്ചപ്പനി: മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ പൂര്‍ണ്ണ വിജയം നേടാന്‍ സാധിച്ചില്ലെന്ന് മുഖ്യമന്ത്രി

0
94

പകര്‍ച്ചപ്പനി വ്യാപകമായിരിക്കുന്ന സാഹചര്യത്തില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ പൂര്‍ണ്ണ വിജയം നേടാന്‍ സാധിച്ചില്ലെന്ന് മുഖ്യമന്ത്രി. ഇത് പനി കൂടുതല്‍ വ്യാപിപ്പിക്കാന്‍ കാരണമാകുന്നുവെന്നും, മാലിന്യ നിര്‍മ്മാര്‍ജ്ജനവും കൊതുക് നശീകരണവും ഫലപ്രദമായി നടത്തിയ പ്രദേശങ്ങളില്‍ പനി വ്യാപിക്കുന്നതില്‍ കുറവ് ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പൊതുജന സഹകരണത്തോടെ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തി വരികയാണ്. ജനങ്ങള്‍ ഒറ്റക്കെട്ടായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണം. കൂടാതെ യുദ്ധകാലാടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും സാമൂഹിക- സാംസ്‌കാരിക-സന്നദ്ധ സംഘടനകളും ക്ലബ്ബുകളുമെല്ലാം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യത്തിന് മരുന്നും ഡോക്ടമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. പനി വ്യാപിക്കുന്നത് തടയാനും രോഗം ബാധിച്ചവര്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കാനും സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. പ്രശ്നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ജനങ്ങളാകെ ഒറ്റ മനസ്സോടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.