പനി വിടുന്നില്ല; പഴിചാരി സര്‍ക്കാരും പ്രതിപക്ഷവും

0
83

സംസ്ഥാനത്ത് പനിമരണങ്ങളും പനി പടന്നു പിടിക്കുന്നതും രൂക്ഷമായി തുടരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളോ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളോ ഒന്നും തന്നെ ഫലപ്രദമായിട്ടില്ലെന്നാണ് ഇന്നലത്തെ പനി മരണങ്ങളുടെ കണക്കും ആശുപത്രികളില്‍ ചികിത്സതേടിയവരുടെ കണക്കുകളും സൂചിപ്പിക്കുന്ന്.
അതിനിടെ പനി സംബന്ധിച്ച് പഴിചാരലുമായി പ്രതിപക്ഷവും ഭരണപക്ഷവും രംഗത്തതെത്തി. ആരോഗ്യമന്ത്രി പൂര്‍ണ പരാജയമാണെന്നു പറഞ്ഞ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ കണ്ടു. എന്നാല്‍ പനിമരണത്തില്‍ പോരായ്മ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായതല്ലെന്നു പറഞ്ഞ് മന്ത്രി കെ.കെ.ശൈലജയും രംഗത്തെത്തി. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം ജനങ്ങളെ ഭീതിയിലാക്കാനാണ്. ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണം. രാഷ്ട്രീയ മുതലെടുപ്പിനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തലിനു പകരം ഒരുമിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ മാത്രം സംസ്ഥാനത്ത് 10 പേര്‍ പനിമൂലം മരിച്ചു. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ മുഴുവന്‍ പനി ബാധിതരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു. ഇടമില്ലാത്തതിനാല്‍ മിക്ക സ്വകാര്യ ആശുപത്രികളും രോഗികളെ മടക്കി അയയ്ക്കുകയാണ്.

പനിബാധിച്ച് ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കൃത്യമായി എടുക്കാനും കഴിയുന്നില്ല. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരും വീടുകളില്‍ കഴിച്ചുകൂട്ടുന്നവരും ഈ കണക്കുകളില്‍ പെടുന്നില്ല. ഇന്നലെ മാത്രം സംസ്ഥാനത്തു 18,873 പേര്‍ പകര്‍ച്ചപ്പനിക്കു ചികില്‍സ തേടിയെന്നാണ് ആരോഗ്യ വകുപ്പിന്റെ ഏകദേശ കണക്ക്. ഇതില്‍ 138 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 680 പേര്‍ക്ക് രോഗം സംശയിക്കുന്നു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എഴുപത് പേര്‍ക്ക്. അടിയന്തര സാഹചര്യം നേരിടാന്‍ ഐ.എം.എയുമായി സഹകരിച്ച് പനിബാധിത പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.