പുതുവൈപ്പിനില്‍ നടത്തിയത് ക്രൂരവും പ്രാകൃതവുമായ ലാത്തിച്ചാര്‍ജ്: ചെന്നിത്തല

0
113

പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയ നാട്ടുകാര്‍ക്കെതിരെ നടത്തിയ ക്രൂരമായ ലാത്തിച്ചാര്‍ജ് പ്രാകൃതവും നീതീകരിക്കാന്‍ കഴിയാത്തതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനകീയ സമരങ്ങളെ തോക്കും ലാത്തിയുമുപയോഗിച്ച് അടിച്ചമര്‍ത്താനാവില്ലെന്ന് സര്‍ക്കാര്‍ ഓര്‍ക്കണമെന്ന് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

പനി മരണം കൂടുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് രാവിലെ മുഖ്യമന്ത്രിയെ താന്‍ കണ്ടപ്പോള്‍ പുതുവൈപ്പിന്‍ പ്രശ്‌നവും ചര്‍ച്ച ചെയ്തിരുന്നു. അവിടത്തെ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ അവരുമായി ചര്‍ച്ച നടത്തണമെന്നും സര്‍വകക്ഷി യോഗം വിളിക്കണമെന്നും ബലപ്രയോഗം നടത്തരുതെന്നും താന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതാണ്. കഴിഞ്ഞ ദിവസം നടന്ന ലാത്തിച്ചാര്‍ജ് അനാവശ്യമായിരുന്നെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും മുഖ്യമന്ത്രിയോടാവശ്യപ്പെട്ടിരുന്നു. അത് കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ വീണ്ടും ലാത്തിച്ചാര്‍ജുണ്ടായി. ഇത് ഒരു തരത്തിലും നീതീകരിക്കാന്‍ കഴിയുന്നതല്ല. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനമായ നടപടി വേണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു.