പുതുവൈപ്പിന്‍ ലാത്തിച്ചാര്‍ജ്: പോലീസിനെതിരേ സി.പി.ഐയും വി.എസും

0
207

പുതുവൈപ്പിനില്‍ നിര്‍മിക്കുന്ന എല്‍.പി.ജി. ടെര്‍മിനലിനെതിരേ സമരം ചെയ്തവരെ തല്ലിച്ചതച്ച പോലീസ് നടപടിക്കെതിരേ സി.പി.ഐയും വി.എസ്.അച്യുതാനന്ദനും. പോലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി തുറന്നു പറയണമെന്ന് സി.പി.ഐ. ആവശ്യപ്പെട്ടു. എറണാകുളം ഡി.സിപി. യതീഷ് ചന്ദ്രക്കെതിരേ കര്‍ശന നടപടിവേണം. മര്‍ദനത്തിന് നേതൃത്വം നല്‍കിയത് യതീഷ് ചന്ദ്രയാണ്. ജനാധിപത്യ സമരങ്ങളെ അടിച്ചമര്‍ത്തുന്നത് ഇടതുമുന്നണി നയമല്ലെന്നും സി.പി.ഐ. എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു പറഞ്ഞു.

നാട്ടുകാരെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരനായ യതീഷ് ചന്ദ്രയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനായ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ഈ ഉദ്യോഗസ്ഥന്റെ നടപടികളെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും വി.എസ്. കത്തില്‍ ആവശ്യപ്പെട്ടു. ഒരു നാട്ടിലെ ആബാലവൃദ്ധം ജനങ്ങള്‍ പ്രക്ഷോഭത്തിലാണ്. ഒരു ജനതയുടെ ജീവിതം ദുസഹമാക്കിക്കൊണ്ടുള്ള വികസനം വേണ്ട എന്നാണ് അവരുടെ നിലപാട്. ഈ നിലപാടിന്റെ ശരിതെറ്റുകള്‍ എന്തായാലും ഒരു പ്രദേശത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി ഒരു പദ്ധതിക്കെതിരെ ശക്തമായി രംഗത്തുവരികയും പ്രക്ഷോഭത്തില്‍ അണിനിരക്കുകയും ചെയ്യുമ്പോള്‍ ആ സമരത്തെ സര്‍ക്കാര്‍ അനുഭാവപൂര്‍വം വിലയിരുത്തുകയും അവരുമായി ജനാധിപത്യപരമായി ചര്‍ച്ചകള്‍ നടത്തുകയുമാണ് വേണ്ടത്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരില്‍നിന്ന് ജനങ്ങള്‍ അത് പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മ ചില ഉറപ്പുകള്‍ നല്‍കിയിരുന്നെന്നും അതുപോലും പാലിക്കപ്പെട്ടില്ല എന്നും സമരക്കാര്‍ക്ക് പരാതിയുണ്ട്. ഇത്തരം ആക്ഷേപങ്ങളെല്ലാം പരിശോധിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍, സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് തന്നെ മങ്ങലേല്‍പിക്കുന്ന വിധത്തില്‍ ആ സമരത്തോട് പോലീസ് കൈക്കൊണ്ട സമീപനം ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. ഇന്നലെ, ഹൈക്കോടതി ജംഗ്ഷനിലേക്ക് മാര്‍ച്ച് നടത്തിയ സമരക്കാരെ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അതിക്രൂരമായി തല്ലിച്ചതച്ചു. ഇന്നും സമാനമായ മര്‍ദനമാണ് ഉണ്ടായത്. ഈ പോലീസ് ഉദ്യോഗസ്ഥന്റെ നടപടികള്‍ വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ടെന്നും വി.എസ്. കത്തില്‍ ചൂണ്ടിക്കാട്ടി.