പുതുവൈപ്പിൽ കുട്ടികളെ കസ്റ്റഡിയിൽ എടുത്തതിനെതിരെ മനുഷ്യാവകാശ കമ്മിഷൻ

0
103

പുതുവൈപ്പിൽ പ്രതിഷേധക്കാരെ പൊലീസ് തല്ലിച്ചതച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ‌ എടുക്കരുതായിരുന്നു എന്ന് അഭിപ്രായപ്പെട്ട മനുഷ്യാവകാശ കമ്മിഷൻ, മൂന്നാഴ്ചയ്ക്കകം റിപ്പോർട്ടു നൽകണമെന്ന് സിറ്റി പൊലീസ് കമ്മിഷണറോട് നിർദേശിച്ചു. പുതുവൈപ്പ് ഐഒസി എൽപിജി ടെർമിനൽ പദ്ധതി പ്രദേശത്തു സംഘർഷാവസ്ഥയ്ക്കു അയവില്ലാതിരിക്കെയാണു മനുഷ്യാവകാശ കമ്മിഷന്റെ നടപടി.

പ്ലാന്റിലെ തൊഴിലാളികൾ ജനങ്ങൾക്കുനേരെ കല്ലെറിഞ്ഞു എന്ന് ആരോപിച്ചാണു പുതിയ സംഘർഷം രൂപപ്പെട്ടത്. തൊഴിലാളികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടു ജനങ്ങൾ കൂടിനിൽക്കുകയാണ്. സ്ഥലത്തു കനത്ത പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. പിരിഞ്ഞുപോകണമെന്നു സ്ത്രീകൾ ഉൾപ്പെടെയുള്ളവരോടു പൊലീസ് ആവശ്യപ്പെട്ടെങ്കിലും സമരക്കാർ പ്രതിഷേധം തുടരുകയാണ്.

പൊലീസ് തിരികെ പോകണമെന്നും ഐഒസി അധികൃതർ തീരുമാനത്തിൽനിന്നു പിന്മാറണമെന്നും കല്ലെറിഞ്ഞ തൊഴിലാളികളെ അറസ്റ്റു ചെയ്യണമെന്നുമാണു പ്രതിഷേധക്കാരുടെ ഇപ്പോഴത്തെ ആവശ്യം. പ്രതിഷേധക്കാരെ അറസ്റ്റുചെയ്തു നീക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. കല്ലേറ് ഉണ്ടായതിനെ തുടർന്നാണു ലാത്തിവീശിയത് എന്നാണു പൊലീസ് നൽകുന്ന വിശദീകരണം. കല്ലെറിഞ്ഞയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിഡിയോ ദൃശ്യങ്ങൾ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. എന്നാൽ, ഐഒസി പ്ലാന്റിനുള്ളിൽ നിന്നാണ് കല്ലേറു വന്നതെന്നു സമരക്കാർ ആരോപിച്ചു.

അതേസമയം, പുതുവൈപ്പിലെ എല്‍പിജി സംഭരണകേന്ദ്രത്തിന് എതിരെ സമരം ചെയ്യുന്ന നാട്ടുകാരെ തല്ലിച്ചതച്ച പൊലീസ് നടപടിക്കെതിരെ എൽഡിഎഫ് ഘടകക്ഷിയായ സിപിഐയും മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഡെപ്യൂട്ടി കമ്മിഷണര്‍ യതീഷ് ചന്ദ്രക്കെതിരെ കര്‍ശന നടപടി വേണമെന്നു സിപിഐ ആവശ്യപ്പെട്ടു. മര്‍ദനത്തിനു നേതൃത്വം നല്‍കിയതു യതീഷ് ചന്ദ്രയാണെന്നു സിപിഐ ജില്ലാ സെക്രട്ടറി പി. രാജു ആരോപിച്ചു. മുന്‍പ് അങ്കമാലിയില്‍ എല്‍ഡിഎഫ് പ്രവർത്തകരെ മര്‍ദിച്ചതും യതീഷ് ചന്ദ്രയാണ്. നടപടി ഗുണ്ടായിസമെന്ന് അന്നു പിണറായി വിജയന്‍ പറഞ്ഞിരുന്നു. പൊലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി തുറന്നുപറയണം. ജനാധിപത്യസമരങ്ങളെ അടിച്ചമര്‍ത്തുന്നത് ഇടതുമുന്നണി നയമല്ലെന്നും രാജു പറഞ്ഞു.

പൊലീസ് നടപടി നിര്‍ത്തിവയ്ക്കണമെന്നു ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടു. കൊച്ചി ഡിസിപിയെ സസ്പെന്‍ഡ് ചെയ്യണമെന്നും വിഎസ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. സംഘർഷത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സമരത്തെ അനുഭാവപൂർവം പരിഗണിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. പുതുവൈപ്പിലെ പൊലീസ് നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ജനകീയ സമരങ്ങളെ അടിച്ചമർത്താനുള്ള സർക്കാർ നടപടി അംഗീകരിക്കില്ല. ചർച്ചകളിലൂടെ പരിഹാരം കാണാനാണു സർക്കാർ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ജംക്‌ഷനിൽ സമരക്കാരെ തല്ലിച്ചതച്ച കൊച്ചി ഡിസിപി: യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് എസ്. ശർമ എംഎൽഎ മുഖ്യമന്ത്രിക്കു കത്തുനൽകി.