പുതുവൈപ്പിൽ വീണ്ടും പൊലീസ് നായാട്ട്, സമരക്കാർക്ക് മർദ്ദനം

0
96


പുതുവൈപ്പിൽ ഐ.ഒ.സിയുടെ എൽ.പി.ജി പ്ലാൻറിനെതിരായ ജനകീയ സമര ശക്തിപ്പെടുന്നു. ഞായറാഴ്ച രാവിലെ പ്ലാൻറിന്റെ നിർമാണ ജോലികൾ പുനരാരംഭിക്കുന്നത് തടയാനുള്ള നാട്ടുകാരുടെ ശ്രമം സംഘർഷത്തിൽ കലാശിച്ചു. പ്ലാൻറിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച സമരക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി. സ്ത്രീകളടക്കം നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിക്കൊണ്ടിരിക്കുകയാണ്.

പൊലീസ് ലാത്തി വീശിയെങ്കിലും സ്ത്രീകൾ ഉൾപ്പെടെയുള്ള സമരക്കാർ പിരിഞ്ഞുപോകാതെ പ്രതിഷേധിക്കുകയാണ്. പൊലീസ് തിരികെ പോകണമെന്നും ഐഒസി അധികൃതർ തീരുമാനത്തിൽനിന്നു പിന്മാറണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. കല്ലേറ് ഉണ്ടായതിനെ തുടർന്നാണ് ലാത്തിവീശിയത് എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. കല്ലെറിഞ്ഞയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിഡിയോ ദൃശ്യങ്ങളും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. എന്നാൽ, ഐഒസി പ്ലാന്റിനുള്ളിൽ നിന്നാണ് കല്ലേറ് വന്നതെന്ന് സമരക്കാർ ആരോപിച്ചു.അതേസമയം, പുതുവൈപ്പിലെ പൊലീസ് നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ജനകീയ സമരങ്ങളെ അടിച്ചമർത്താനുള്ള സർക്കാർ നടപടി അംഗീകരിക്കില്ല. ചർച്ചകളിലൂടെ പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വിഷയം ചർച്ച് ചെയ്ത് തീരുമാനമാകുന്നതുവരെ പ്ലാൻറ് നിർമാണം നിർത്തിവെക്കാമെന്ന് വെള്ളിയാഴ്ച മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ സമരക്കാരെ കണ്ട് ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് ലംഘിച്ച് പൊലീസ് സംരക്ഷണത്തിൽ തൊഴിലാളികൾ ഞായറാഴ്ച രാവിലെ പ്ലാൻറ് നിർമാണ ജോലികൾക്ക് എത്തിയതാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങാൻ കാരണം.

പ്രതിഷേധക്കാർ ഐ .ഒ.സിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് സംഘർഷങ്ങൾക്കിടയാക്കിയത്. പൊലീസ് ബാരിക്കേഡ് തള്ളിമാറ്റി പ്ലാൻറിലേക്ക് കയറാൻ ശ്രമിച്ച സമരക്കാർക്കെതിരെ ലാത്തി വീശുകയായിരുന്നു. കല്ലേറ് ഉണ്ടായതിനെ തുടർന്നാണ് ലാത്തിവീശിയത് എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. കല്ലെറിഞ്ഞയാളെ തിരിച്ചറിഞ്ഞു.വിഡിയോ ദൃശ്യങ്ങളും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. എന്നാൽ, ഐഒസി പ്ലാന്റിനുള്ളിൽ നിന്നാണ് കല്ലേറ് ഉണ്ടായതെന്ന് സമരക്കാർ ആരോപിച്ചു.ജൂലൈ നാലിന് ഗ്രീൻ ട്രൈബ്യൂണൽ കേസ് പരിഗണിക്കും വരെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്ന ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ ഉറപ്പ് ലംഘിക്കെപ്പട്ടതിനെ തുടർന്നാണ് ഉപരോധം സംഘടിപ്പിച്ചത്. 121ദിവസങ്ങൾ നീണ്ട ശക്തമായ പ്രതിഷേധ സമരങ്ങൾക്കൊടുവിലായിരുന്നു മന്ത്രി ഉറപ്പ് നൽകിയിരുന്നത്.

ഇന്ത്യൻ ഓയിൽ കോർപറേഷൻ (െഎ.ഒ.സി) എറണാകുളം ജില്ലയിൽ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പുതുവൈപ്പിൽ സ്ഥാപിക്കുന്ന എൽ.പി.ജി ഇറക്കുമതി സംഭരണകേന്ദ്രത്തിനെതിരെ നാട്ടുകാർ എട്ടു വർഷം മുമ്പ് തുടങ്ങിവെച്ച പ്രതിഷേധം കഴിഞ്ഞ ഫെബ്രുവരി 16നാണ് അനിശ്ചിതകാല ഉപരോധ സമരമായി രൂപം മാറിയത്. ഈ മാസം 14ന് സമരം അടിച്ചമർത്താനിറങ്ങിയ പൊലീസ് സമരപ്പന്തൽ പൊളിച്ചെറിഞ്ഞതോടെ പ്രതിഷേധം നഗരത്തിന്റെ തെരുവിലേക്കും ഹൈകോടതി കവാടത്തിന് മുന്നിലേക്കും പടരുകയായിരുന്നു.

എല്ലാ അനുമതിയോടെയുമാണു ടെർമിനൽ നിർമാണം ആരംഭിച്ചതെന്നും സമരം മൂലം നിർമാണം നടക്കാത്തതിനാൽ പ്രതിദിനം ഒരു കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നും ഐഒസി പറയുന്നു. എന്നാൽ, ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്തിമ ഉത്തരവ് വരുന്നതുവരെ ടെർമിനൽ നിർമാണം നിർത്തിവയ്ക്കണമെന്നു സമരസമിതി ആവശ്യപ്പെടുന്നു. സമരക്കാരെ പൊലീസ് നേരിടുന്ന രീതിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ഹൈക്കോടതി ജംക്ഷനിൽ സമരക്കാരെ തല്ലിച്ചതച്ച കൊച്ചി ഡിസിപി: യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്. ശർമ എംഎൽഎ മുഖ്യമന്ത്രിക്കു കത്തു നൽകിയിട്ടുണ്ട്. സമരവുമായി ബന്ധപ്പെട്ട് ഇന്നലെ മുഖ്യമന്ത്രിയുമായി ചർച്ച നിശ്ചയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ അസൗകര്യം നിമിത്തം ചർച്ച നടന്നില്ല. തിരുവനന്തപുരത്ത് മറ്റൊരു ദിവസം ചർച്ച നടത്താമെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചതായി സമരസമിതി നേതാക്കൾ പറയുന്നു.