പോര്‍ച്ചുഗലിലെ പെഡ്രോഗാവോ ഗ്രാന്ഡെയിലുണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 57 ആയി. 16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇക്കാര്യം സ്ഥിതീകരിച്ചത്. മരണസംഖ്യ ഉയരാന്‍ ഇനിയും സാധ്യതയുണ്ട്.
കാട്ടിതീ ഉണ്ടായ സമയത്ത് കാറുകളില്‍ കുടുങ്ങിപ്പോയവരാണ് മരിച്ചവരില്‍ അധികവും. കാറുകള്‍ക്കുള്ളില്‍ കുടുങ്ങി മാത്രം 22 പേരാണ് വെന്തുമരിച്ചത്. വനപ്രദേശത്തെ റോഡിലൂടെ പോകുമ്പോള്‍ ഇവര്‍ തീയില്‍ അകപ്പെടുകയായിരുന്നു. പുക ശ്വസിച്ച് ശ്വാസംമുട്ടിയും മൂന്നു പേര് മരിച്ചിട്ടുണ്ട്.
പോര്ച്ചിഗല്ലിലെ വിവിധ ഭാഗങ്ങളില്‍ വീശിയടിച്ച ഉഷ്ണക്കാറ്റില്‍ താപനില 40 ഡിഗ്രി സെഷ്യസില്‍ എത്തിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ കാട്ടുതീയിലാണ് ഈ വന്‍ദുരന്തം ഉണ്ടായത്. രാജ്യത്തുടനീളം 60 ഓളം ഇടങ്ങളിലാണ് കാട്ടുതീയുണ്ടായത്.
അഗ്നിശമന സേനാംഗങ്ങളും 160 ഓളം ഫയര്‍ എഞ്ചിനുകളുടെയും മണിക്കൂറുകളുടെ ശ്രമഫലമായാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത അഞ്ച് അഗ്നിശമന സേനാംഗങ്ങള്‍ അടക്കം 16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടു പേരുടെ നില ഗരുതരമാണ്.