പ്ളസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച രാവിലെ പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കും. അലോട്ട്മെന്റ് വിവരം www.hscap.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും അലോട്ട്മെന്റ് ലഭിക്കുന്ന സ്കൂളില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനു മുമ്പ് പ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാത്തവരെ തുടര്‍ന്നുള്ള അലോട്ട്മെന്റില്‍ പരിഗണിക്കില്ല.
ആദ്യ അലോട്ട്മെന്റില്‍ ഒന്നാമത്തെ ഓപ്ഷന് ലഭിക്കുന്നവര്‍ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താല്‍ക്കാലിക പ്രവേശനത്തിന് ഫീസ് അടയ്ക്കേണ്ട. താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കാം. ഇതിനുള്ള അപേക്ഷ പ്രവേശനം നേടുന്ന സ്കൂളില്‍ നല്‍കണം. ആദ്യ അലോട്ട്മെന്റില്‍ ഇടംനേടാത്തവര്‍ അടുത്ത അലോട്ട്മെന്റിനായി കാക്കണം. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ നിശ്ചിത സമയത്തിനുള്ളില്‍ പ്രവേശനം നേടണമെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.
ഏകജാലക രീതിയിലൂടെ പ്ളസ്വണ്‍ പ്രവേശനത്തിന് ആദ്യഘട്ടത്തില്‍ 4,96,354 വിദ്യാര്‍ഥികള്‍ അപേക്ഷിച്ചു. ആകെ ലഭ്യമായ 4,22,910 സീറ്റില്‍ സര്‍ക്കാര്‍ സ്കൂളിലും എയ്ഡഡ് സ്കൂളുകളിലുമുള്ള 2,85,862 മെറിറ്റ് സീറ്റിലേക്കാണ് ഏകജാലക രീതിയിലൂടെ പ്രവേശനം നടത്തുന്നത്. ശേഷിക്കുന്ന സീറ്റുകള്‍ സ്പോര്‍ട്സ് ക്വാട്ട, എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്, കമ്യൂണിറ്റി ക്വാട്ട, അണ്‍എയ്ഡഡ് സ്കൂളുകളിലെ സീറ്റുകള്‍ എന്നിവയാണ്. രണ്ടാമത്തെ അലോട്ട്മെന്റിന് ശേഷം ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് സപ്ളിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷ സമര്‍പ്പിക്കാം. സ്പോര്‍ട്സ് ക്വാട്ട സ്പെഷ്യല്‍ അലോട്ട്മെന്റ് റിസല്‍ട്ട് 20ന് രാവിലെ പ്രസിദ്ധീകരിക്കും. 20, 21 തീയതികളിലായിരിക്കും അഡ്മിഷന്. അലോട്ട്മെന്റ് റിസല്‍ട്ടിനൊപ്പം പ്രസിദ്ധീകരിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് നിശ്ചിത സമയത്തില്‍ പ്രിന്‍സിപ്പല്‍മാര്‍ പ്രവേശന നടപടി പൂര്‍ത്തിയാക്കണം.