ഫിലിംഫെയർ: നിവിൻ പോളി മികച്ച നടൻ, നയൻതാര നടി

0
121


ദക്ഷിണേന്ത്യൻ സിനിമകൾക്കുള്ള ഫിലിം ഫെയർ അവാർഡുകൾ ഹൈദരാബാദിൽ വിതരണം ചെയ്തു. മഹേഷിന്റെ പ്രതികാരത്തിന് മൂന്ന് അവാർഡുകൾ ലഭിച്ചു. മികച്ച സിനിമ, സംവിധാനം, സംഗീതം എന്നീ വിഭാഗങ്ങളിലാണ് മഹേഷിന്റെ പുരസ്‌കാരത്തിന് ഫിലിം ഫെയർ അവാർഡ്. നിവിൻ പോളിയാണ് മലയാളത്തിലെ മികച്ച നടൻ. നയൻതാരയാണ് നടി. മികച്ച ചിത്രത്തിനുള്ള അവാർഡ് ആഷിക് അബുവിനും സംവിധായകനുള്ള അവാർഡ് ദിലീഷ് പോത്തനും വേണ്ടി നായിക അപർണാ ബാലമുരളിയാണ് സ്വീകരിച്ചത്. ആക്ഷൻ ഹീറോ ബിജുവിലെ അഭിനയത്തിനാണ് നിവിൻ പോളി മികച്ച നടനുള്ള അവാർഡ് നേടിയത്. പുതിയ നിയമത്തിലെ പ്രകടനത്തിന് നയൻതാരയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. സപ്പോർട്ടിംഗ് റോളിൽ വിനായകനും (കമ്മട്ടിപ്പാടം), ആശാ ശരത് (അനുരാഗ കരിക്കിൻവെള്ളം) അവാർഡ് ലഭിച്ചു.

മഹേഷിന്റെ പ്രതികാരത്തിലൂടെ ബിജിബാൽ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് നേടി. ഗാനരചനയ്ക്ക് മധു വാസുദേവൻ (ഒപ്പം) അവാർഡ് സ്വന്തമാക്കി. എം ജി ശ്രീകുമാർ (ചിന്നമ്മാ -ഒപ്പം) ഗായകനുള്ള പുരസ്‌കാരവും ചിൻമയി ( ആക്ഷൻ ഹീറോ ബിജു) ഗായികയ്ക്കുള്ള അവാർഡും സ്വന്തമാക്കി. കലി, കമ്മട്ടിപ്പാടം എന്നീ സിനിമകളിലെ പ്രകടനത്തിന് ക്രിട്ടിക്സ് ബെസ്റ്റ് ആക്ടർ പുരസ്‌കാരം ദുൽഖർ സൽമാന് ലഭിച്ചു. തമിഴിൽ മികച്ച ചിത്രം ജോക്കർ, ഇരുദി സുട്രു ഒരുക്കിയ സുധാ കെ പ്രസാദാണ് മികച്ച സംവിധാനത്തിന് പുരസ്‌കാരം സ്വന്തമാക്കിയത്.

മാധവൻ ഇരുദിസുട്രുവിലെ പ്രകടനത്തിന് മികച്ച നടനുള്ള അവാർഡ് സ്വീകരിച്ചു. റിതികാ സിംഗ് ആണ് മികച്ച നടി. ഇരുദി സുട്രുവിലെ പ്രകടനമാണ് റിതികയ്ക്കും അവാർഡ് നേടിക്കൊടുത്തത്. വിസാരണൈയിലെ അഭിനയത്തിന് സമുദ്രക്കനിക്ക് സപ്പോർട്ടിംഗ് റോളിൽ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. കബാലിയിലെ പ്രകടനത്തിന് ധൻസിക മികച്ച സപ്പോർട്ടിംഗ് ആക്ടർ (ഫിമെയിൽ) വിഭാഗത്തിൽ അവാർഡ് നേടി.

അച്ചം യെമ്പട് മടമൈയടായുടെ സംഗീതമൊരുക്കിയ ഏ ആർ റഹ്മാൻ ആണ് മികച്ച സംഗീത സംവിധായകൻ. ഇതേ ചിത്രത്തിലെ ഗാനരചനയ്ക്ക് താമിരൈയും പുരസ്‌കാരം നേടി. ജോക്കറിലെ ഗാനത്തിന് സുന്ദരയ്യർക്ക് മികച്ച ഗായകനുള്ള പുരസ്‌കാരം ലഭിച്ചു. കബാലിയിലെ മായാനദി എന്ന ഗാനത്തിലൂടെ മലയാളിയായ ശ്വേതാ മോഹൻ മികച്ച ഗായികയായി. തമിഴിൽ സൂര്യയാണ് (24) ക്രിട്ടിക്സ് വിഭാഗത്തിൽ മികച്ച നടൻ. ത്രിഷ (കൊടി) മികച്ച നടിയും. മലയാളിയായ മഞ്ജിമാ മോഹനാണ് തമിഴിൽ നവാഗത അഭിനേത്രിക്കുള്ള പുരസ്‌കാരം ലഭിച്ചത്. ചിത്രം അച്ചം യെമ്പത് മടമൈയടാ.