ബീഹാറില്‍ അനധിക്യതമായി സൂക്ഷിച്ച 7000 ലിറ്റര്‍ മദ്യം നശിപ്പിച്ചു

0
85


അനധിക്യതമായി സൂക്ഷിച്ച 30 ലക്ഷം രൂപ വില വരുന്ന 7000 ലിറ്റര്‍ മദ്യം നശിപ്പിച്ച് പോലീസ്. ബീഹാറിലാണ് സംഭവം. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത മദ്യവുമാണ് റോഡ് റോളര്‍ കയറ്റിയിറക്കി നശിപ്പിച്ചത്.

ബീഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം നിലവില്‍ വന്നതിനു ശേഷം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മറ്റുമായി കടത്തുന്നതിനിടയില്‍ പോലീസ് പിടിച്ചെടുത്ത മദ്യമാണ് ഇപ്പോള്‍ നശിപ്പിച്ചത്.

മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ബാക്കിയുള്ള മദ്യത്തന്റെ പഴയ ശേഖരം കഴിഞ്ഞ മെയ് 31ന് നശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സുപ്രീം കോടതി വിധി പ്രാകരം സമയം ജൂലൈ 31 ലേക്ക് മാറ്റി വയ്ക്കുകയായിരുന്നു. മദ്യവ്യാപാരികള്‍ സംയുക്തമായി കോടതിയെ സമീപിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.

മദ്യനിരോധനത്തിനെതിരെ പട്ന ഹൈക്കോടതിയില്‍ മദ്യവ്യാപാരികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തലായിരുന്നു സുപ്രിം കോടതിയുടെ വിധി. മദ്യം വില്‍പന നടത്തുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും കടുത്ത ശിക്ഷയാണ് ബീഹാര്‍ സര്‍ക്കാറിന്റെ പുതിയ മദ്യനയത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.