യൂണിഫോമിന് പണമടച്ചില്ല: പെണ്‍കുട്ടികളെ വിവസ്ത്രരാക്കി സ്‌കൂളില്‍ നിന്ന് പുറത്താക്കി

0
109

യൂണിഫോമിന് പണമടയ്ക്കാത്തതിന്റെ പേരില്‍ പെണ്‍കുട്ടികളെ വിവസ്ത്രരാക്കി സ്‌കൂളില്‍ നിന്ന് പുറത്താക്കി. ബീഹാറിലെ ബെഗുസരായ് ജില്ലയില്‍ വെള്ളിയാഴ്ച്ചയാണ് സംഭവം.

ഒന്നാംക്ലാസ്സിലെയും രണ്ടാംക്ലാസ്സിലെയും കുട്ടികളെയാണ് ഫീസടയ്ക്കാത്തതിന്റെ പേരില്‍ സ്‌കൂള്‍ അധികൃതര്‍ പുറത്താക്കിയത്. കൊറിയ പഞ്ചായത്തിലെ ബിആര്‍ അക്കാദമിയിലാണ് പെണ്‍കുട്ടികള്‍ പഠിക്കുന്നത്.

കുട്ടികള്‍ക്ക് സ്‌കൂള്‍ അധികൃതരാണ് യൂണിഫോം നല്‍കുന്നത്. ഇതിന് പ്രത്യേക ഫീസടയ്ക്കേണ്ടതുണ്ട്. എന്നാല്‍ പണമടയ്ക്കാന്‍ കാശില്ലാത്തിനാല്‍ കുട്ടികള്‍ ഫീസടച്ചിരുന്നില്ല. പണമടയ്ക്കാത്തതിന് അച്ഛന്‍ ചുന്‍ചുന്‍ സാഹിനെ അധ്യാപകര്‍ സ്‌കൂളിലേയ്ക്ക് വിളിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് ആളുകളുടെ മുന്നിലിട്ട് തന്റെ കുഞ്ഞുങ്ങളെ വിവസ്ത്രരാക്കുകയുമായിരുന്നെന്ന് ചുന്‍ചുന്‍ പറയുന്നു. സംഭവം ചുന്‍ചുന്‍ ഉടന്‍ തന്നെ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് പ്രിന്‍സിപ്പാളിനെയും അധ്യാപികയെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ സ്‌കൂളിനും അധികൃതര്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അശോക് ചൗധരി അറിയിച്ചു.