ശ്രീകാന്തിന് ഇന്തൊനീഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റന്‍ കിരീടം

0
96

ഇന്തൊനീഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റന്‍ പുരുഷവിഭാഗം സിംഗിള്‍സ് കിരീടം ഇന്ത്യയുടെ ശ്രീകാന്ത് നേടി. ജപ്പാന്‍ താരം കസുമാസ സാകിയെ നേരിട്ടുള്ള സെറ്റുകള്‍ക്കു വീഴ്ത്തിയാണ് ഇന്തൊനീഷ്യന്‍ ഓപ്പണിലെ ശ്രീകാന്തിന്റെ കന്നി കിരീടനേട്ടം. സ്‌കോര്‍: 21-11, 21-19.

ആദ്യം ഗെയിമില്‍ തന്നെ എതിരാളിയിന്മേല്‍ വ്യക്തമായ മേല്‍ക്കോയ്മ നേടാന്‍ ശ്രീകാന്തിനായി. 21-11 നാണ് സെറ്റ് കൈയിലൊതുക്കിയത്. രണ്ടാം സെറ്റില്‍ തിരിച്ചടിച്ച ജപ്പാന്‍ താരം 11-6ന് ലീഡ് നേടിയെങ്കിലും, 19-19ന് ഒപ്പമെത്തിയ ശ്രീകാന്ത് തകര്‍പ്പന്‍ പ്രകടനത്തിലൂടെ സെറ്റും കിരീടവും തന്റെ പരിധിക്കുള്ളിലാക്കി.

കൊറിയയുടെ ലോക ഒന്നാം നമ്പര്‍ താരം സണ്‍ വാന്‍ ഹോയെ 21-15, 18-21, 24-22നു തോല്‍പ്പിച്ചാണ് ശ്രീകാന്ത് കലാശക്കളിക്കു യോഗ്യത നേടിയത്. മലയാളിതാരം എച്ച്.എസ്. പ്രണോയിയെ ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ വീഴ്ത്തിയായിരുന്നു കസുമാസ സാകിയുടെ ഫൈനല്‍ പ്രവേശം.