സപ്ലൈകോ ആട്ടക്കച്ചവടം അട്ടിമറിച്ചു, നേട്ടം കൊയ്ത് പതഞ്‌ജലി

0
149

വെബ് ഡസ്ക്

ആട്ടക്കച്ചവടത്തിൽ സപ്ലൈകേകാ നടത്തിയ അട്ടിമറിയിലൂടെ പതജ്ഞലി അടക്കമുള്ള സ്വകാര്യ ആട്ടക്കച്ചവടക്കാർ അഞ്ച് മാസം കൊണ്ട് കൊയ്തത് കോടികൾ. ഒരു ദശകത്തിലേറെയായി പൊതുവിതരണ ഏജൻസികളായ മാവേലിസ്റ്റോറുകളും സപ്ലൈകോ ഔട്ട്ലെറ്റുകളും വഴി കിലോക്ക് 15 രൂപ നിരക്കിൽ വിറ്റ് വന്ന ഫോർട്ടിഫൈഡ് ആട്ടയുടെ വിതരണം നിർത്തിവെക്കുക വഴിയാണ് ഏതാനും സ്വകാര്യ ഉൽപാദകർക്ക് ഒന്നുമറിയാതെ കോടികളുടെ ലാഭം ഉണ്ടായത്.

15 രൂപ നിരക്കിൽ സർക്കാർ വിറ്റ് വന്ന ആട്ടക്ക് വിപണയിൽ വില ശരാശരി 38 രൂപയാണ്. ഏകദേശം 70,000 കിലോ ആട്ടയാണ് ഒരുമാസം സപ്ലൈകോ വിറ്റിരുന്നത്. കിലോക്ക് 15 രൂപവിലയുള്ള ഈ ഉൽപന്നം അഞ്ച് മാസത്തോളം വിപണിയിൽ ഉണ്ടാകാതെ വന്നപ്പോൾ ആട്ട നിത്യ ജീവിതത്തിന്റെ ഭാഗമാക്കിക്കഴിഞ്ഞ മലയാളികൾക്ക് സ്വകാര്യ ഉൽപാദകരുടെ ആട്ടയെ ആശ്രയിക്കേണ്ടി വന്നു. 38 രൂപയാണ് സ്വകാര്യ വിപണിയിൽ ആട്ടയുടെ ശരാശരി വില. സപ്ലൈക്കോ ആട്ടയേക്കാൾ 23 രൂപ കൂടുതൽ. പ്രതിമാസം വിറ്റുവന്ന 70,000 കിലോയോളം ആട്ട മാർക്കറ്റിൽ നിന്നും അപ്രത്യക്ഷമായതോടെ ഉപഭോക്താക്കൾ ആശ്രയിച്ചത് സ്വകാര്യ ആട്ട ആണ്. അത് വഴി, ശരാശരി ഒരുകോടിയോളം രൂപയുടെ അധിക വ്യാപാരം സ്വകാര്യമേഖലക്ക് ലഭിച്ചു.
2016 ഡിസംബർ വരെ സപ്ലൈകോ സുഗമമായി നടത്തി വന്ന ആട്ടവ്യാപാരം പെട്ടെന്ന് നിർത്താൻ പറഞ്ഞ ന്യായം കേന്ദ്രപൂളിൽ നിന്ന് ലഭിച്ച് വന്ന ഗോതമ്പ് നിലച്ച് പോയി എന്നതാണ്. ഇത് പുന:സ്ഥാപിച്ചെടുക്കുന്നതിൽ ബന്ധപ്പെട്ട വകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്നും ബോധപൂർവ്വമായ അനാസ്ഥ ഉണ്ടായി. ഇതിന് പിന്നിൽ കള്ളക്കളികൾ നടന്നു എന്ന് പരാതിയുണ്ട്. പക്ഷെ, 2017 മാർച്ച് അവസാനത്തോടെ ഈ ഗോതമ്പ് ക്വാട്ട പുന:സ്ഥാപിച്ചു. എന്നാൽ, ആട്ട ഉൽപാദനം പുന:സ്ഥാപിക്കാൻ സപ്ലൈകോ തയ്യാറായില്ല.സപ്ലൈകോക്ക് കേന്ദ്രം നൽകുന്ന ഗോതമ്പ് മില്ലുകളിൽ പൊടിപ്പിച്ച് പാക് ചെയ്താണ് സപ്ലൈകോ ഉപഭോക്താക്കൾക്ക് എത്തിച്ചിരുന്നത്. കേന്ദ്രപൂളിൽ നിന്ന് വീണ്ടും കിട്ടിതുടങ്ങിയപ്പോൾ പൊടിപ്പിക്കുന്നതിന് പകരം, ഗോതമ്പ് അപ്പടി റേഷൻ കടകൾ വഴി വിതരണം ചെയ്യുകയാണ് ഉണ്ടായത്. ഇത് ഉപഭോക്താക്കൾ സ്വീകരിച്ചിട്ടില്ല. അതോടെ ഈ ഗോതമ്പ് റേഷൻ കടകളിലും ഗോഡൗണുകളിലും കെട്ടിക്കിടന്നു. ഇങ്ങനെ കെട്ടിക്കിടന്നാൽ അനുവദിക്കുന്ന ഗോതമ്പ് പ്രയോജനപ്പെടുതതുന്നില്ല എന്ന് ആരോപിച്ച് കേന്ദ്ര അലോട്ട്മെന്റ് നിഷേധിക്കും. അലോട്ട്മെന്റ് ഇല്ല എന്ന് പറഞ്ഞ് ആട്ടക്കച്ചവടത്തിൽ നിന്നും സപ്ലൈകോക്ക്
പിന്മാറാം. അതോടെ മലയാളിയുടെ പുതിയ ശീലമായ ആട്ട പൂർണ്ണമായും സ്വകാര്യ വിപണിയുടെ നിയന്ത്രണത്തിലാകും.

വിപണിയിൽ നിന്നും സപ്ലൈകോ ആട്ട അപ്രത്യക്ഷമാക്കിയ വിദ്യക്ക്പിന്നിൽ പ്രവർത്തിച്ചത് യോഗ/താന്ത്രിക വിദ്വാനായ രാംദേവിന്റെ പതജ്ഞലി ആണ് എന്ന് ആരോപണമുണ്ട്. പ്രതിമാസ വിൽപ്പന 200 മെട്രിക് ടണ്ണിൽ താഴെയായിരുന്ന രാംദേവിന്റെ ആട്ടയുടെ ഇപ്പോഴത്തെ പ്രതിമാസ വിൽപ്പന ശരാശരി 40,000 കിലോഗ്രാമാണ്. 38 രൂപയാണ് പതജ്ഞലി ആട്ടയുടെ വില. മറ്റ് ആട്ട ബ്രാന്റുകൾക്ക് കിലോക്ക് 45-50 രൂപ വരും.സപ്ലൈകോ ആട്ട അപ്രത്യക്ഷമാക്കൽ വിദ്യയുടെ പിന്നിൽ വ്യക്തമായ ഗൂഡാലോചന നടന്നതായാണ് ലഭിക്കുന്ന വിവരം. ആട്ടകച്ചവടത്തിൽ നിന്ന് പിന്മാറാൻ സപ്ലൈകോ ചൂണ്ടിക്കാട്ടുന്ന കാരണം പ്രഥമദൃഷ്ട്യാ ആരെയും വിശ്വസിപ്പിക്കാവുന്നതാണ്. ആ സാഹചര്യത്തിലേക്ക് നയിച്ച അവസ്ഥ രൂപപ്പെട്ടത് സപ്ലൈകോ ഉന്നതർ ഉൾപ്പെട്ട ഗൂഡാലോചനയിലൂടെയാണ്. അതിൽ പതജ്ഞലി ഗ്രൂപ്പിന്റെ ആസൂത്രണവും സ്വാധീനവും ഉണ്ട് എന്നാണ് ലഭിക്കുന്ന സൂചന.