
ഫലം പുറത്തുവിടുന്നതിനുണ്ടായ സമ്മര്‍ദം കാരണം സി.ബി.എസ്.ഇ. 12-ാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് കൂട്ടിയതില്‍ പിശകുണ്ടായെന്ന് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ബോര്‍ഡിന്റെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇതാകട്ടെ സി.ബി.എസ്.സി. പരീക്ഷയെഴുതിയ 10,98,480 വിദ്യാര്‍ഥികളുടെ ഭാവിയെയും അനിശ്ചിതത്വത്തിലാക്കി.
മെയ് 28നാണ് സി.ബി.എസ്.ഇ. പ്ലസ് ടു പരീക്ഷാ ഫലം പുറത്തുവിട്ടത്. ഉന്നത കേന്ദ്രങ്ങളില്‍ നിന്നുള്ള സമ്മര്‍ദം കാരണം കൃത്യമായ ഫലമാണോ പുറത്തുവിട്ടതെന്ന് സി.ബി.എസ്.ഇക്ക് വിശദീകരണമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ വിദ്യാര്‍ഥികളുടെ ഓരോ വിഷയത്തിലേയും മാര്‍ക്കുകള്‍ കൂട്ടിയെഴുതിയതില്‍ പിശകുണ്ടെന്നാണ് ഇപ്പോള്‍ പറയുന്നത്. പഠിക്കുന്ന കുട്ടികള്‍ക്കുപോലും അവര്‍ പ്രതീക്ഷിച്ച മാര്‍ക്ക് പല വിഷയങ്ങള്‍ക്കും കിട്ടിയിട്ടില്ലെന്ന പരാതി വ്യാപകമാണ്. പുനര്‍മൂല്യനിര്‍ണയത്തില്‍ കണക്കുപരീക്ഷക്ക് 68 ലഭിച്ച കുട്ടിയുടെ മാര്‍ക്ക് 95ഉം മറ്റൊരു കുട്ടിയുടെ 42 മാര്‍ക്ക് 90 ആയെന്നും പറയുന്നു. ഇതെല്ലാം പരീക്ഷാ പേപ്പറുകള്‍ മൂല്യനിര്‍ണയം നടത്തിയ സി.ബി.എസ്.ഇയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതും കുട്ടികളുടെ ഭാവിയെതന്നെ ബാധിക്കുന്നതുമാണ്.