പ്രധാനമന്ത്രി പങ്കെടുത്ത സെന്റ് തെരേസാസിലെ ചടങ്ങില്‍ ‘കുമ്മനം എം.എല്‍.എ.’

0
122

പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത ചടങ്ങുകളില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സെന്റ് തെരാസാസ് കോളേജില്‍ നടന്ന ചടങ്ങില്‍ കടന്നുകൂടിയത് എം.എല്‍.എ. എന്നപേരില്‍. സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം നല്‍കിയ പട്ടികയിലാണ് എം.എല്‍.എ. എന്ന് കുമ്മനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. സെന്റ് തെരേസാസിസ് കോളേജില്‍ ഇന്നലെ നടന്ന ചടങ്ങില്‍ കുമ്മനം രാജശേഖരന്‍ പങ്കെടുത്തത് എം.എല്‍.എ. എന്ന പേരിലായിരുന്നു. പ്രധാന മന്ത്രിയുടെ ഓഫീസിലെ അണ്ടര്‍ സെക്രട്ടറി അംഗീകരിച്ച പട്ടികയാണിത്.

പ്രധാന മന്ത്രിയുടെ പ്രോട്ടോക്കോള്‍ പാലിക്കേണ്ട അഞ്ച് ചടങ്ങുകളായിരുന്നു ഇന്നലെ സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇതില്‍ നാലിടത്തെ പ്രോട്ടോക്കോള്‍ മാത്രമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനത്തിന് കൈമാറിയത്. സെന്റ് തെരേസാസ് കോളേജില്‍ ഇന്നലെ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വായന ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിലാണ് കുമ്മനത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് എം.എല്‍.എ. എന്ന് വിശേഷിപ്പിച്ചത്.

ഇന്നലെ കൊച്ചി മെട്രോയില്‍ പ്രധാന മന്ത്രിയോടൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ യാത്ര ചെയ്തത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് സെന്റ് തെരേസാസ് കോളേജില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എ. എന്ന പേരില്‍ കുമ്മനം കടന്നുകൂടിയത്. പ്രധാനമന്ത്രിക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് കുമ്മനത്തെ എം.എല്‍.എയാക്കിയതെന്നുവേണം കരുതാന്‍. ഇതോടെ മെട്രോ യാത്രയിലും ‘കുമ്മനം എം.എല്‍.എ.’ ആയോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്്.