ഹോക്കിയിൽ ഇന്ത്യ പാകിസ്താനെ തകർത്തു

0
105

ലോകകപ്പിന്റെ യോഗ്യതാ ടൂർണമെന്റായ ലോക ഹോക്കി ലീഗ് സെമിഫൈനൽസിൽ ഇന്ത്യ ചിരവൈരികളായ പാകിസ്താനെ തകർത്ത് തരിപ്പണമാക്കി. ഒന്നിനെതിരെ ഏഴ് ഗോളിനാണ് ഇന്ത്യയുടെ മിന്നുംജയം. ടൂർണമെന്റിൽ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ജയമാണിത്. ഈ ജയത്തോടെ പൂൾ ബിയിൽ ഒന്നാം സ്ഥാനക്കാരായിരിക്കുകയാണ് ഇന്ത്യ.തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഇന്ത്യയ്ക്കുവേണ്ടി തൽവീന്ദർ സിങ്, ഹർമൻപ്രീത്സിങ്, ആകാശ് ദീപ് സിങ് എന്നിവർ ഇരട്ടഗോൾ നേടി.

ഒന്നാം ക്വാർട്ടറിൽ ക്യാപ്റ്റൻ ഹർമൻപ്രീതിന്റെ പെനാൽറ്റി കോർണറിലൂടെയാണ് ലീഡ് നേടിയത്. 21-ാം മിനിറ്റിൽ തൽവീന്ദറിലൂടെ ഇന്ത്യ ലീഡ് രണ്ടാക്കി. 24-ാം മിനിറ്റിൽ ഒരിക്കൽക്കൂടി ലക്ഷ്യം കണ്ട തൽവീന്ദർ ഇന്ത്യയുടെ ലീഡ് മൂന്നാക്കി.പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച ഹർമൻപ്രീത് സ്‌കോർ 4-0 ആക്കി. സർദാർ സിങ്ങിന്റെ മനോഹരമായൊരു പാസ് സ്വീകരിച്ച ആകാശ് ദീപാണ് സ്‌കോർ 5-0 ആക്കിയത്. വൈകാതെ പ്രദീപ് മോർ ആറാം ഗോൾ കണ്ടെത്തി.

57-ാം മിനിറ്റിൽ പാകിസ്താൻ മുഹമ്മദ് ഉമർ ഭൂട്ടയിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും ഫലമുണ്ടായില്ല. 59-ാം മിനിറ്റിൽ ആകാശ് വീണ്ടും വല കുലുക്കി ഇന്ത്യയുടെ ജയം ഉറപ്പിച്ചു.ഇന്ത്യൻ സൈനികരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കറുത്ത ആം ബാൻഡ് ധരിച്ചാണ് ഇന്ത്യൻ താരങ്ങൾ കളിച്ചത്.ചൊവ്വാഴ്ച ഹോളണ്ടുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.